പാലാ: 2011-12ലെ മികച്ച ഗ്രാമപഞ്ചായത്തിനു സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി മുത്തോലി ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി. കോഴിക്കോട് നടന്ന പഞ്ചായത്ത് ദിനാഘോഷ സമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് പാലമറ്റം സമ്മാനം സ്വീകരിച്ചു. പത്തുലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. പഞ്ചായത്തിലെ ആരോഗ്യ ശുചിത്വ പരിപാലനത്തിനും ജലനിധി പദ്ധതികള്‍ക്കുമായി തുക വിനിയോഗിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
അഞ്ചാമത് തവണയാണ് പഞ്ചായത്ത് സ്വരാജ് ട്രോഫി നേടുന്നത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതം നൂറുശതമാനം വിനിയോഗിച്ചതിനുള്ള അംഗീകാരവും കഴിഞ്ഞ 11 വര്‍ഷം തുടര്‍ച്ചയായി മുത്തോലി ഗ്രാമപഞ്ചായത്തിനുണ്ട്. 2011-12 വര്‍ഷം പഞ്ചായത്ത് പ്രത്യേകമായി നടപ്പാക്കിയ ആരോഗ്യശ്രീ, ഗോശ്രീ പദ്ധതികള്‍ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ നേടിയിരുന്നു. കൂടാതെ ഉദ്പാദന, പശ്ചാത്തല, സേവന മേഖലകളിലെ പ്രവര്‍ത്തന മികവും പുരസ്കാരത്തിന് അര്‍ഹമാക്കി. മന്ത്രി കെ.എം.മാണി, ജോസ് കെ.മാണി എംപി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ പ്രസിഡന്റുമാര്‍, പഞ്ചായത്ത് സ്റ്റാഫംഗങ്ങള്‍, കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ ശ്രമമാണിതിനു പിന്നില്‍. കൂടുതല്‍ കരുതലോടെ മുന്നോട് പോകുവാന്‍ പുരസ്കാരനേട്ടം പ്രചോദനമാകുമെന്ന് പ്രസിഡന്റ് ജോസ് പാലമറ്റം പറഞ്ഞു.
വൈസ് പ്രസിഡന്റ് ഫിലോമിന ഫിലിപ്പ്, സ്റ്റാന്‍ഡിംഗ് കമ്മറ്റിയദ്ധ്യരായ രാജന് മുണ്ടമറ്റം, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ജസി ആന്റണി, അംഗങ്ങളായ മേരി തോമസ്, ജയരാജു, ജിജി ജേക്കബ്, പുഷ്പചന്ദ്രന്‍, വിനീത് ടി.ടി, ജി.രണ്‍ജിത്, തോമസ് വര്‍ക്കി, ബീന ജോണ്‍സ്, സെക്രട്ടറി പി.വി.രാജീവ് എന്നിവരെ പ്രസിഡന്റ് അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: