മലപ്പുറം: പീഡനക്കേസില്‍ ആരോപണ വിധേയനായ സംസ്ഥാനമന്ത്രിക്ക് മാധ്യമങ്ങളെ പേടി. രണ്ടുദിവസമായി മന്ത്രി ചാനലുകള്‍ക്കും വാര്‍ത്താലേഖകര്‍ക്കും മുഖം കൊടുക്കാതെ മുങ്ങി നടക്കുകയാണ്. പാര്‍ട്ടിനേതാവിന്റെ യാത്രയില്‍ മന്ത്രി പങ്കെടുത്തെങ്കിലും ചാനലുകള്‍ക്ക് മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു.
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സജീവമായി തുടരുകയാണ്. പരസ്യപ്രതികരണത്തിന് പരാതിക്കാരി ഇതുവരെ തയ്യാറാകാത്തത് മൂലം ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് മന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കുമുള്ളത്.
അതേസമയം സംഭവത്തില്‍ വിവിധ വനിതാ സാമൂഹ്യ സംഘടനകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരി സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ആളായതിനാല്‍ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ചും നിശബ്ദയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രി പദവി ദുരുപയോഗം ചെയ്യുകയും കേസ് ഒതുക്കി തീര്‍ക്കാന്‍ വഴിവിട്ട് ശ്രമം നടത്തുകയും ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കായി പാര്ട്ടിനേതാക്കന്മാരും നഗരസഭാ ഉപാധ്യക്ഷയും പരാതിക്കാരിയെ സമീപിച്ചെങ്കിലും അവര്‍ ഇതുവരെ പരാതി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ തനിക്ക് പറയാനുള്ളത് മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തില്‍ തല്ക്കാലം പ്രതികരണത്തിനൊന്നും ഇല്ലെന്നും ബന്ധപ്പെട്ടവരുടെ നടപടികള്‍ കാത്തിരിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ പക്ഷം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഇവര്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തും എന്ന സൂചനയും നല്കുന്നു.
വിവിധ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ തല്ക്കാലം മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്ക്കുയാണ് നല്ലതെന്ന ഉപദേശമാണ് മന്ത്രിക്ക് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: