മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബാഴ്സലോണയുടെ കിരീട പ്രതീക്ഷക്ക് കനത്ത തിരിച്ചടി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ആദ്യ പാദ സെമിഫൈനലില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കാണ് മുന്ചാമ്പ്യന്മാരും കരുത്തരുമായ ബാഴ്സലോണയെ മുക്കിയത്. ഉജ്ജ്വല വിജയത്തോടെ നിയുക്ത ജര്‍മ്മന്‍ ലീഗ് ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്സുമായ ബയേണ്‍ മ്യൂണിക് ഫൈനലിലേക്ക് ആദ്യ ചുവട് വെച്ചു. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പില്‍ മെയ് ഒന്നിന് നടക്കുന്ന രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ തോല്‍വി ഏറ്റുവാങ്ങിയാലും ബയേണിന് ഫൈനലിലേക്ക് മുന്നേറാം. മറിച്ച് ബാഴ്സക്ക് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജയിക്കുകയും ബയേണിനെ എവേ ഗോളില്‍ നിന്ന് തടയുകയും ചെയ്താല്‍ മാത്രമേ സെമിയിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ. തോമസ് മുള്ളറുടെ ഇരട്ട ഗോളുകളും (25, 82) മരിയോ ഗോമസ് (49), അര്ജന് റോബന് (73) എന്നിവരാണ് മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണയുടെ കഥകഴിച്ചത്. വമ്പന്മാരോട് കളിക്കുമ്പോള്‍ പരാജയപ്പെടുന്ന കീഴ്വഴക്കമാണ് ബാഴ്സ മ്യൂണിക്കിലും തുടര്‍ന്നത്. ഈ സീസണില്‍ റയല്‍ മാഡ്രിഡിനോട് രണ്ട് തവണയും സീരി എ ടീമായ എസി മിലാനോടും സ്കോട്ടിഷ് ടീമായ സെല്റ്റിക്കിനോടും ബാഴ്സ പരാജയപ്പെട്ടിരുന്നു. പരിക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍താരം ലയണല്‍ മെസ്സി കളത്തിലിറങ്ങിയിട്ടും അലയന്‍സ് അരീനയില്‍ കണ്ണീരുകുടിക്കാനായിരുന്നു ബാഴ്സയുടെ വിധി.
1997-ല്‍ ഡൈനാമോ കീവില്‍ നിന്നും ഇതേ സ്കോറിന് തോറ്റശേഷം ഇതാദ്യമായാണ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗില്‍ ഇത്രയും വലിയ തോല്‍വി നേരിടുന്നത്. അതേസമയം തന്നെ ബയേണിന് ഈ വിജയം ഇത് അധികം ആത്മവിശ്വാസമൊന്നും നല്‍കിയേക്കില്ല. 2009 ക്വാര്‍ട്ടറില്‍ ബാഴ്സിലോണ സന്ദര്‍ശിച്ച് ബയേണിനെ 4-0 ന് ഒതുക്കി സെമിയില്‍ കടന്നിരുന്നു.
മത്സരത്തിലുടനീളം നിറഞ്ഞുനിന്ന ബയേണ്‍ ചാമ്പ്യന്മാരുടെ കളി കെട്ടഴിച്ചാണ് ബാഴ്സയെ നിലംപരിശാക്കിയത്. കളി തുടങ്ങിയത് മുതല്‍ നിരന്തരം ആക്രമണം നടത്തിയ ബയേണ്‍ നാലാം മിനിറ്റില്‍ത്തന്നെ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ഗോളി വിക്ടര്‍ വാല്‍ഡേസ് ബാഴ്സയുടെ രക്ഷക്കെത്തുകയായിരുന്നു. എന്നാല്‍ 25-ാം മിനിറ്റില്‍ ബയേണ്‍ അര്‍ഹതപ്പെട്ട ലീഡ് നേടി. ഒരു കോര്‍ണര്‍കിക്കില്‍നിന്നായിരുന്നു ഗോള്‍ വന്നത്. അര്ജന് റോബന് എടുത്ത കിക്ക് ബോക്സിലേക്ക് ഉയര്‍ന്നുവന്നത് പ്രതിരോധ നിരതാരം ഡാന്റെ ഹെഡ്ഡ് ചെയ്ത് മുള്ളറിന് മറിച്ചു നല്കി. മുള്ളര്‍ മറ്റൊരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ പന്ത് ബാഴ്സ വലയിലേക്ക് തിരിച്ചുവിട്ടു. പിക്വെയുടെ മറയിലായിപ്പോയ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡെസിന് പന്ത് രക്ഷിക്കാനായില്ല. തൊട്ടുപിന്നാലെ, ബാഴ്സക്ക് ഒപ്പമെത്താന്‍ ഒരവസരം കിട്ടി. എന്നാല്‍ മെസ്സിക്ക് പന്ത് കിട്ടുന്നതിന് മുമ്പ് അപകടം ഒഴിവാക്കാന്‍ ഡാന്റെയ്ക്കായി.
ഒരു ഗോള്‍ മുന്‍തൂക്കവുമായി ഒന്നാം പകുതി അവസാനിപ്പിച്ച ബയേണ്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. 49-ാം മിനിറ്റില്‍ മരിയോ ഗോമസിലൂടെ ബയേണ്‍ ലീഡ് ഉയര്‍ത്തി.
ആദ്യഗോളിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം ഗോളും. റിബറി എടുത്ത കോര്‍ണറില്‍ മുള്ളറുടെ ഹെഡ്ഡര്‍. പന്ത് നിലംതൊടും മുന്‍പ് ക്ലോസ് റേഞ്ചറില്‍നിന്ന് മരിയോ ഗോമസിന്റെ തകര്‍പ്പന്‍ ഷോട്ട് വലയില്‍ കയറി. ബാഴ്സ താരങ്ങള്‍ ഓഫ്സൈഡാണെന്ന് വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല.
വലതുവിംഗില്‍ക്കൂടി അര്ജന്ന് റോബനും ഇടതുവിംഗില്‍ക്കൂടി ഫ്രാങ്ക് റിബറിയും കത്തിക്കയറുന്നതിനാണ് പിന്നീട് മ്യൂണിക് സാക്ഷ്യം വഹിച്ചത്. 73-ാം മിനിറ്റില്‍ സുന്ദരമായ ഒരു ഗോളിലൂടെ റോബന് ബയേണിന്റെ മൂന്നാം ഗോള്‍ നേടി. ബാര്‍സയുടെ കൂട്ടായുള്ള ആക്രമണം പൊളിച്ച് ഗോള്‍ലൈനില്‍നിന്ന് ഷ്വയ്ന്‍സ്റ്റീഗര്‍ തള്ളിക്കൊടുത്ത പന്തുമായി ഫ്രാങ്ക് റിബെറിയുടെ കുതിപ്പ്. ബാഴ്സയുടെ ബോക്സിന് സമീപംവെച്ച് റിബറി പന്ത് അര്ജന് റോബന് മറിച്ചുനല്‍കി. വലതു വിങ്ങിലൂടെ പന്തുമായി കയറിയ ശേഷം റോബന് പായിച്ച ക്ലാസിക്ക് ഷോട്ട് ബാഴ്സയുടെ ലോകോത്തര ഗോളി വിക്ടര്‍ വാല്‍ഡസിന്റെ ഗ്ലൗസിലുരഞ്ഞ് വലയില്‍. വിവാദത്തിന്റെ നിറമുള്ള ഗോള്‍ (3-0).
82-ാം മിനിറ്റില്‍ ബാഴ്സയുടെ നെഞ്ച് പിളര്‍ത്തി മുള്ളര്‍ തന്റെ രണ്ടാമത്തെയും ബയേണിന്റെ നാലാമത്തെയും ഗോള്‍ നേടി. ഡേവിഡ് അലാബയുടെ പാസില്‍ നിന്നാണ് മുള്ളര്‍ ബാഴ്സ വല ചലിപ്പിച്ചത്. ഇതിന് തൊട്ടുമുമ്പ് മുള്ളറുടെ മികച്ചൊരു ഷോട്ട് വാല്‍ഡസ് തട്ടിയകറ്റിയിരുന്നു.
ലയണല്‍ മെസി കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ ബയേണ്‍ പ്രതിരോധം വിജയിച്ചതും സാവിയും ഇനിയേസ്റ്റയും സാഞ്ചസും പെഡ്രോയും പതിവ് താളം കണ്ടെത്താന്‍ വിഷമിച്ചതും ബാഴ്സക്ക് തിരിച്ചടിയായി. പ്രതിരോധനിരയില്‍ ജെറാര്‍ഡ് പിക്വെ ഒഴികെയുള്ളവരുടെ പ്രകടനം തീര്‍ത്തും പരാജയമായിരുന്നു. വിംഗുകളില്‍ക്കൂടി ആക്രമണം നടത്തുന്ന ഡാനി ആല്വേസിനേയും ജോഡി ആല്‍ബയേയും പൂട്ടിയിടാനും ബയേണിന് കഴിഞ്ഞതും ബാഴ്സക്ക് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: