കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍ പണം ബദിയഡുക്ക പോലീസും എക്സൈസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടി. ഓട്ടോയിലുണ്ടായിരുന്ന കുമ്പള ഷിറിയയിലെ ഇബ്രാഹിമിനെ (45) പോലീസ് അറസ്റ്റ് ചെയ്തതു. ഇന്നലെ ബദിയഡുക്ക എസ്.ഐ. എം. ലക്ഷ്മണ്, എക്സൈസ് പ്രിവണ്റ്റീവ് ഓഫീസര്‍ എം. ശ്രീധരന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും എക്സൈസും ബദിയഡുക്കയില്‍ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. അതിര്‍ത്തി കടന്ന് വ്യാജമദ്യം എത്തുന്നത് തടയാനായിരുന്നു റെയ്ഡ്. പള്ളത്തടുക്കയില്‍ വെച്ച് കെ.എല്‍. 14 ജി. 8821 നമ്പര്‍ ഓട്ടോ പോലീസിനെ കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ പോലീസ് ഓട്ടോ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പിന് സീറ്റിലിരുന്ന ഇബ്രാഹിമില്‍ നിന്നും പ്ളാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന കുഴല്‍ പണം പിടികൂടുകയായിരുന്നു. ബദിയഡുക്ക ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണ് ഇതെന്നാണ് ഇബ്രാഹിം പോലീസിന് മൊഴി നല്‍കിയത്. നിരവധി വീടുകളില്‍ പണം നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പണം ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: