കൊച്ചി: ഡോ.പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയും ഫ്രാന്സുകാരിയുമായ യുവനര്‍ത്തകി പാരിസ് ലക്ഷ്മിയുടെ ഭരതനാട്യം 26ന് വൈകിട്ട് 6.30ന് എറണാകുളം ടിഡിഎം ഹാളില്‍ അരങ്ങേറുന്നു. എറണാകുളത്തെ ബാങ്കുജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ ബീമും എറണാകുളം കരയോഗവും സംയുക്തമായാണ് ഈ നൃത്തവിരുന്ന് സംഘടിപ്പിക്കുന്നത്.
അതിശക്തമായ അഴകോടെ നൃത്തം ചെയ്യുന്ന പാരിസ് ലക്ഷ്മി ഫ്രഞ്ച് കവിയും ചിത്രകാരനുമായ ഇവ്, ശില്പിയും ചിത്രകാരിയുമായ പട്രീഷ്യദമ്പതികളുടെ പുത്രിയാണ്. ബാല്യത്തില്‍ തന്നെ നൃത്തത്തില്‍ പ്രതിഭതെളിയിച്ച ലക്ഷ്മി 5 വയസ്സുമുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി.
നന്നേ ചെറുപ്പത്തില്‍ തന്നെ യുറോപ്യന്‍ കണ്ടമ്പററിഡാന്സും യുറോപ്യന്‍ ക്ലാസിക്കല്‍ ബാലെയും സ്വായത്തമാക്കിയ ഇവര്‍ ഇന്ത്യന്‍ നൃത്തകലയില്‍ അഭിനിവേശം പൂണ്ട് 9 വയസ്സുമുതല്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. പിന്നീട് ഡോ.പത്മാസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ നൃത്യോദയ സ്കൂള്‍ ഓഫ് ഡാന്‍സില്‍ നിന്ന് കര്‍ക്കശ പരിശീലനം നേടിയ ലക്ഷ്മി ഇന്ന് പാരിസ് ലക്ഷ്മി എന്ന പേരില്‍ നൃത്തരംഗത്ത് ഉജ്ജ്വലതാരമായി ഉദിച്ചുയരുന്നു. ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള പാരിസ് ലക്ഷ്മി എറണാകുളത്ത് ആദ്യമായാണ് നൃത്തം ചെയ്യുന്നത്. ലക്ഷ്മിയുടെ സഹോദരന് നാരായണന്, ചെന്നൈയില്‍ അറിയപ്പെടുന്ന മൃദംഗ വാദകനാണ്. ഭാരതീയ സംസ്ക്കാരത്തെയും കലകളെയും നമ്മുടെ കഥകളിയെയും ഒക്കെ തീവ്രമായി സ്നേഹിക്കുന്ന ഇവ് ദമ്പതികളും കുടുംബവും ഇന്ത്യയിലും വിശിഷ്യകേരളത്തിലും നിരന്തരം സന്ദര്‍ശനം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: