തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ കരുത്തിന്റെ പ്രതീകമായിരുന്നു ബേബിജോണ്‍. ആരുടെ മുന്നിലും തലകുനിക്കാത്ത നല്ലെട്ട് നിവര്‍ത്തി നിന്ന നേതാവ്. വല്യേട്ടന്മാര്പോലും ബേബിജോണിന്റെ വാക്കിന് മറുവാക്ക് പറയുമായിരുന്നില്ല. വാലാട്ടി നിന്നതും നിര്‍ത്തിയതുമാണ് ചരിത്രം. ബേബിജോണിന്റെ മകനും ആ ഗണത്തില്‍പ്പെടുമെന്ന് കരുതി. ഗുജറാത്തില്‍ ചെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ പ്രത്യേകിച്ചു. മൂന്‍കൂട്ടി അറിയിച്ച് രണ്ടും കല്പിച്ചിട്ടല്ലേ പോയത്. അതിന്റെ തെളിവാണല്ലോ ഉപഹാരമായി ആറന്മുള കണ്ണാടി നല്‍കിയത്. അഹമ്മദാബാദ് തെരുവില്‍ കിട്ടുന്നതല്ലല്ലൊ ആറന്മുള കണ്ണാടി. വിമര്‍ശനം വന്നപ്പോള്‍ ബേബിജോണിന്റെ ആണത്തമല്ല ഷിബുവില്‍ കണ്ടത്.
നരേന്ദ്രമോദിയെ കണ്ടതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം ചോദിച്ചു. ഗുജറാത്ത് മാതൃക വേണ്ടെന്ന് വയലാര്‍ രവി. വര്‍ഗ്ഗീയ കലാപത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ് മോദിയെന്ന് കെ.സി.വേണുഗോപാല്‍. മോദിയെ കണ്ടതില്‍ ആശ്ചര്യം പ്രകടിപ്പിക്കാന്‍ അച്യുതാനന്ദനും. ഷിബുവിനെ പുറത്താക്കണമെന്ന് ബാലകൃഷ്ണപിള്ള. ചെന്നിത്തലയും മുസ്ലീം ലീഗും പി.സി.ജോര്‍ജും എന്നുവേണ്ട ‘ഗ്രഹണമടുക്കുമ്പോള് ഞാഞ്ഞൂലും ഫണമുയര്‍ത്തും’ എന്ന് പറയുംപോലെയായി. എല്ലാവര്ക്കും മോദിയെ പേടിയുള്ളതുപോലെ.
രാഷ്ട്രീയ പ്രബുദ്ധമാണത്രെ കേരളം. ഈ വിവാദം പ്രബുദ്ധതയുടെ ലക്ഷണമാണോ പ്രകടിപ്പിക്കുന്നത്. വെറുപ്പും വിദ്വേഷവുമാണോ രാഷ്ട്രീയത്തിന്റെ ആധാരം. കീഴടങ്ങി ക്ഷമാപണം നടത്തുന്നതിനു പകരം മോദി ചെയ്ത തെറ്റെന്ത് എന്ന സംശയം ഉന്നയിക്കാമായിരുന്നില്ലേ. പത്തുവര്‍ഷം മുമ്പ് നടന്ന സംഘര്‍ഷമാണോ? അതിലെവിടെയെങ്കിലും ഏതെങ്കിലും സംഭവത്തില്‍ മോദി പ്രതിപ്പട്ടികയിലുണ്ടോ? ഏതെങ്കിലും പ്രതികളെ സഹായിച്ചതിന് തെളിവുണ്ടോ? സംഘര്‍ഷത്തിനു ശേഷം മൂന്നുതവണ വന്‍ഭൂരിപക്ഷത്തിന് വിജയിച്ച് മുഖ്യമന്ത്രിയായതല്ലെ മോദി.
സംഘര്‍ഷം നടക്കാത്ത സംസ്ഥാനമേതാണ്? രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ലെ ദല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കുരുതി നടത്തിയത്? 4700 ല്‍ പരം പേരെ കൊന്നൊടുക്കിയ സംഭവം രാജീവ് ഗാന്ധിക്ക് ഭ്രഷ്ട് കല്പിച്ചോ? ഇത് ഏകപക്ഷീയമായ വംശഹത്യ തന്നെയായിരുന്നില്ലെ? 2002 ല്‍ ഗുജറാത്തില്‍ 59 തീര്‍ത്ഥാടകരെ തീവണ്ടിയില്‍ ചുട്ടുകൊന്നതിന്റെ അമര്‍ഷത്തില്‍ നിന്നുടലെടുത്തതല്ലെ. അതില്‍ മോദി എന്തുപിഴച്ചു. ഗുജറാത്തില്‍ പോലീസ് വെടിവയ്പ്പില്‍ കൂടുതല്‍ മരിച്ചത് ഹിന്ദുക്കളാണ്. ദല്‍ഹിയില്‍ രാജീവ് ഗാന്ധിയുടെ പോലീസ് ഒരുസിഖ് വിരുദ്ധനെയെങ്കിലും വെടിവച്ച് വീഴ്ത്തിയ സംഭവമില്ല. മോദിയുടെ മന്ത്രിസഭാംഗങ്ങള്‍പോലും അക്രമ കേസുകളില്‍ പ്രതികളായിട്ടുണ്ട്. ജയിലില്‍ പോയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ സഹപ്രവര്‍ത്തകര്‍, സിഖുകാരെ കൊന്നൊടുക്കിയവര് ഇപ്പോഴും ദല്‍ഹിയില്‍ വിലസി നടക്കുകയല്ലെ.
സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാല്‍ മുഖ്യമന്ത്രിയെ ഭ്രഷ്ടനാക്കണമെങ്കില് കേരളത്തില്‍ അക്രമങ്ങളില്‍ ആളുകള്‍ മരിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക് ഭ്രഷ്ട് കല്പിക്കേണ്ടതല്ലെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലെ മാറാട് എട്ട് ഹിന്ദുക്കളെ ആസൂത്രിതമായി കൊന്നൊടുക്കിയത്? അതിലെ പ്രതികളെ സഹായിച്ചതും സംരക്ഷിച്ചതും അന്നത്തെ ഭരണ-പ്രതിപക്ഷ കക്ഷികളല്ലെ? മോദിയുടെ നേരെ സ്വീകരിക്കുന്ന സമീപനം ശരിയെങ്കില്‍ ആന്റണിയെ നരഭോജി എന്നുവിളിക്കണ്ടേ? വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കുമ്പോഴല്ലെ തിരുവനന്തപുരം പെരുമാതുറയില്‍ ആറ് മുസ്ലീംങ്ങളെ പോലീസ് വെടിവച്ച് കൊന്നത്. എന്തുകൊണ്ട് കോണ്‍ഗ്രസ്സുകാരും ലീഗുകാരും വി.എസ്സിനെ നരാധമന് എന്ന് വിളിക്കുന്നില്ല. ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് റോഡിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയല്ലെ? എന്നിട്ടും എന്തേ ഷീലാദീക്ഷിത്തിനെ ‘പീഡനവിദഗ്ധ’ എന്ന് വിളിച്ച് ഒറ്റപ്പെടുത്താത്തത്. അസാമില്‍ കലാപത്തില്‍ നൂറിലധികം പേര് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പല്ലെ? അവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ്സല്ലെ? നരേന്ദ്രമോദിയല്ലല്ലൊ?
നരേന്ദ്രമോദിയെ കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ പ്രവാസി സമ്മേളനത്തില്‍ ക്ഷണിച്ചുകൊണ്ടുപോയി പ്രസംഗിപ്പിച്ചത് വയലാര്‍ രവിയാണ്. ഈ വര്‍ഷം കൊച്ചിയില്‍ നടന്ന സംഗമത്തില്‍ ക്ഷണിച്ചെങ്കിലും നരേന്ദ്രമോദി അസൗകര്യം അറിയിച്ചപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രസംഗം കേള്‍പ്പിച്ചില്ലേ? ജയ്പൂര്‍ സംഗമത്തിലും കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിമാരുടെ സമ്മേളന സമയത്തും നരേന്ദ്രമോദിയെ കെട്ടിപ്പിടിക്കാനും ഒരുമിച്ച് ഫോട്ടോയില്‍ നില്‍ക്കാനും എ.കെ.ആന്റണിക്കും വയലാര്‍ രവിക്കും ഗുലാംനബി ആസാദിനും ഉമ്മന്‍ചാണ്ടിക്കും ഒരു മടിയുമുണ്ടായിട്ടില്ല. പിന്നെന്തേ ഇപ്പോഴൊരു ഹാലിളക്കം. മോദിപ്പേടി എന്നല്ലാതെ മേറ്റ്ന്തു പറയാന്‍.
മോദി ഒരു രാജ്യദ്രോഹ പ്രവര്‍ത്തനവും ചെയ്ത ആളല്ല. രാജ്യസ്നേഹം കൂടി എന്നാണ് ആക്ഷേപം. രാജ്യദ്രോഹത്തിന്റെ ചരിത്രം മാത്രം പറയാനുള്ള മദനിക്കുവേണ്ടി നിയസഭ പ്രമേയം പാസ്സാക്കുന്നു. മുഖ്യമന്ത്രി കത്തയക്കുന്നു. ജയിലില്‍ ചെന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വേദി പങ്കിടുന്നു. ഇത്തരം നെറികേടുകള്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടിരിക്കുന്നവരോട് നെഞ്ചുനിവര്‍ത്തി രണ്ട് വാക്ക് പറയാമായിരുന്നില്ലേ ഷിബു ബേബിക്ക്. അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താനെങ്കിലും. വെറുപ്പിന്റെ രാഷ്ട്രീയം പുരോഗതിക്ക് തടസ്സമാണെന്ന് അടിക്കടി പ്രസ്താവിക്കുന്ന ആളാണല്ലോ എ.കെ.ആന്റണി. സ്വന്തം അനുചരന്മാരുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തോട് ആന്റണിക്ക് മതിപ്പാണോ ഉള്ളത്. രണ്ടിലൊന്ന് പറയാനും ജനങ്ങള്‍ക്ക് അറിയാനും സമയമായി.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: