പാലക്കാട്: അട്ടപ്പാടിയിലെ നിലവിലെ ആശങ്കയുളവാക്കുന്ന ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം അഹാഡ്സിന്റെ വഴിപിഴച്ച വികസനമാണെന്ന് ആരോപണം.
ആദിവാസികളെ മുന്നില്‍ നിര്‍ത്തി അഹാഡ്സ് കോടികള്‍ ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും ആദിവാസികളുടെ സ്ഥിതി മുന്പുണ്ടായിരുന്നതിനേക്കാള് മോശമാവുകയും ചെയ്തതായി ആരോപണമുണ്ട്.
അഹാഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലിക നീര്‍ക്കുമിളകള്‍ മാത്രമായിരുന്നുവെന്നും അടിസ്ഥാനപരമായി ആദിവാസികളുടെ ജീവിതത്തില്‍ യാതൊരു പുരോഗതിയുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണത്തില്‍ വ്യക്തമാവുന്നു. അഹാഡ്സിന്റെ പുതിയ വികസനം വന്നതോടെ ആദിവാസികള്‍ പരമ്പരാഗത കൃഷിയില്‍ നിന്നും പൂര്‍ണമായി അകന്നു. കോടികളുടെ പുതിയ പ്രഭാവത്തില്‍ ആദിവാസികള്‍ കൈയ്യിലുള്ളതും നഷ്ടപ്പെട്ട് പുതുതായി ഒന്നും നേടാനുമാവാതെ രോഗം മാത്രം ബാക്കിയായി കരയിലേക്കെടുത്തിട്ട മീനുകളെപ്പോലെ പിടഞ്ഞുമരിക്കുകയാണ്. അഹാഡ്സ് തുടങ്ങുമ്പോള്‍ അട്ടപ്പാടിയെ വിഴുങ്ങിയ പഴയ കരാറുകാരെ പാടെ മാറ്റിനിര്‍ത്താന്‍ ശ്രമമുണ്ടായെങ്കിലും അഹാഡ്സ് പദ്ധതി നടപ്പിലായപ്പോള്‍ പുതിയ കരാറുകാര്‍ പിടിമുറുക്കി. അഹാഡ്സിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയും ഈ കരാറുകാരും അരങ്ങുവാണപ്പോള്‍ മണ്ണിന്റെ മക്കളായ ആദിവാസികള്‍ വെറും കൂലിക്കാര് മാത്രമായി.
അഹാഡ്സിന്റെ തുടക്കത്തില്‍ തന്നെ അന്നത്തെ സത്യസന്ധനായ ഡയറക്ടര്‍ ഉണ്ണികൃഷ്ണന് ഐഎഫ്എസ് വെറുതെ കുറെ പണം ചെലവഴിക്കലല്ല വികസനമെന്നും ആവശ്യമായ തുക പൂര്‍ണ ഗുണം കിട്ടത്തക്കവിധം ചെലവാക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. കോടികള്‍ സ്വപ്നംകണ്ട് കഴുകന്റെ കണ്ണുകളുമായി വട്ടമിട്ടു പറന്ന ഉദ്യോഗസ്ഥ കരാര്‍-ലോബി ഈ ഡയറക്ടറേയും സത്യസന്ധരായ ഇതര ഉദ്യോഗസ്ഥരേയും അഹാഡ്സില്നിന്നും പിഴുതെറിഞ്ഞ ശേഷമാണ് കോടികള്‍ ഒഴുക്കിതുടങ്ങിയത്. അവരുടെ ഉദ്ദേശം യാഥാര്‍ത്ഥ്യമായപ്പോള്‍ പാവം ആദിവാസികള്‍ കൂടുതല്‍ പരിതാപത്തിലായി.
ചില മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് പുഴ പുനര്‍ജനിച്ചുവെന്നും അട്ടപ്പാടി പരിസ്ഥിതി പദ്ധതി ലോകത്തിന് മാതൃകയെന്നും കൊട്ടിഘോഷിച്ചു. കൊടങ്ങര പള്ളത്തില്‍ പുനര്ജനിച്ചുവെന്നു പറഞ്ഞ പുഴ യഥാര്‍ത്ഥത്തില്‍ മഴവെള്ളപ്രവാഹമായിരുന്നു. ഒരു മാസത്തിനകം തന്നെ ഇത് വറ്റുകയും ചെയ്തു. ഇപ്പോള്‍ വരഗാര്‍ പുഴയും അരുവികളും വറ്റി. അട്ടപ്പാടി കൊടുംവരള്‍ച്ചയിലാണ്.
അട്ടപ്പാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന് യഥാര്‍ത്ഥ മാതൃക കവയിത്രി സുഗതകുമാരിയുടെ കൃഷ്ണവനവും വനംവകുപ്പിന്റെ ചിലയിടങ്ങളിലെ വേലികെട്ടിയുള്ള വന സംരക്ഷണവുമായിരുന്നു. നാമമാത്രമായ ചെലവില്‍ ലക്ഷ്യം നേടുന്നതിന് ഇത്തരം പദ്ധതികള്‍ തീര്‍ത്തും മാതൃകയായിരുന്നു.
അഹാഡ്സ് പദ്ധതി അസ്തമിക്കുമ്പോള്‍ വന്നെത്തിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആദിവാസികള്‍ അവരുടെ പരമ്പരാഗത കൃഷിയിലേക്കും മറ്റും തിരിച്ചുവന്നു. ഇത് തീര്‍ത്തും ശുഭപ്രതീക്ഷയായിരുന്നു. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ നിലച്ചിരിക്കയാണ്. ഇത് പുനരുജ്ജീവിപ്പിക്കലാണ് ആദ്യമായി ചെയ്യേണ്ടത്.
അഹാഡ്സ് പദ്ധതിയെത്തുടര്‍ന്ന് വീണ്ടും കോടികള്‍ മുടക്കിയുള്ള കുറുംബ പദ്ധതിക്കും അഹാഡ്സിന്റെ പദ്ധതിയുടെ ഇതേ ദുര്ഗ്ഗതിതന്നെയാവുമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: