ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തെ വെറുപ്പോടെ മാത്രമേ നമുക്ക് കാണാനാകൂ. എന്നാല്‍ അധിനിവേശത്തിന്റെ ശേഷിപ്പുകള്‍ അനുസ്മരിക്കുമ്പോള്‍….കാണാനിടവരുമ്പോള്‍…..അറിയാതെ നാം നമിച്ചു പോകും….പറഞ്ഞുവരുന്നത് ദല്‍ഹിയുടെ ശില്‍പ്പിയായ ലുട്ടിയന്‍സ് സായിപ്പിന്റെ ദല്‍ഹിയിലെ മികവുറ്റ കെട്ടിടങ്ങളെക്കുറിച്ച്.
എഡ്വിന് ലുട്ടിയന്‍സിന്റെ മാസ്മരികതയില്‍ വിരിഞ്ഞ കെട്ടിടങ്ങളില്‍ ഏറ്റവും കമനീയം രാഷ്ട്രപതി ഭവനാണ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന രാഷ്ട്രപതി ഭവന് ഈ ജനുവരി മുതലാണ് പൊതുജനങ്ങള്‍ക്കായി തുറന്നിട്ടത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ജനകീയ പരിഷ്ക്കാരം. വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശനമുള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്തവരെയാണ് പ്രവേശിപ്പിക്കുക. പ്രവേശനം സൗജന്യവുമാണ്.
20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച കാലത്ത് രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷ് വൈസ്രോയിക്കായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രപതി ഭവന്….. അശോക ചക്രവര്‍ത്തി പണികഴിപ്പിച്ച മധ്യപ്രദേശിലെ സാഞ്ചിസ്തൂപത്തില് നിന്ന് കടംകൊണ്ട താഴികകുടത്തിന്റെ പ്രൗഢിയില്‍ റോമന്‍ വാസ്തുകലയ്ക്ക് മനോഹാരിത കൂടും. ഭവനില്‍ നിന്ന് 3.5 കി.മീറ്റര്‍ മാത്രം അകലെയുള്ള ഇന്ത്യാ ഗേറ്റിന്റെ മുകള്‍ഭാഗത്തിന് സമാനമായിട്ടാണ് താഴികക്കുടം. മുഗള്‍ വാസ്തുകലയും പാശ്ചാത്യ രാജ്യങ്ങളിലെ പഴയ ഇംഗ്ലീഷ് ഗൃഹങ്ങളുടെ ലക്ഷണങ്ങളും സംയോജിച്ച് തീര്‍ത്ത കെട്ടിടം ഇന്ന് ദല്‍ഹിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്. ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട ദല്‍ഹിയിലെ എല്ലാ പൗരാണിക കെട്ടിടങ്ങളുടേയും ഉയരം ഏകദേശം ഒരു പോലയാണ്. ഇപ്പോഴും ന്യൂദല്‍ഹി പാശ്ചാത്യര്‍ക്കിടയില്‍ ലുട്ടിയന്‍സ് ദല്‍ഹി എന്നാണ് അറിയപ്പെടുന്നത്. രാജവീഥി (രാജ്പഥ്)യോട് ചേര്‍ന്നുള്ള 330 ഏക്കറില്‍ തലയുയര്‍ത്തി നിന്നതോടെ ഭവനുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ പുതിയ ദല്‍ഹിയായി(ന്യൂദല്‍ഹി) അറിയപ്പെട്ടു. ദിനം പ്രതി ഇരുന്നൂറോളം പേരാണ് ഈ ബംഗ്ലാവ് കാണാനെത്തുന്നത്. 340 മുറികളുള്ള കെട്ടിടത്തിന്റെ നാലു മ്യൂസിയങ്ങളും അഞ്ചു പ്രധാനപ്പെട്ട മുറികളും.
മാര്‍ബിള്‍ മ്യൂസിയം: രാഷ്ട്രപതിയുടെ മെഴുകു പ്രതിമയാണ് സ്വാഗതം ചെയ്യുക. ബ്രിട്ടീഷ് പൈതൃകത്തിന്റെ പാരമ്പര്യം വിളിച്ചോതി ബ്രിട്ടീഷ് ഭരണക്കാലത്തെ വൈസ്റോയിമാരുടേയും കുടുംബാംഗങ്ങളുടേയും അപൂര്‍വ്വവും ജീവന് തുടിക്കുന്നതുമായ ചിത്രങ്ങളും കലാശില്‍പമാതൃകകളും കരകൗശല വസ്തുക്കളും അടങ്ങിയ ശേഖരമാണ് മാര്‍ബിള്‍ മ്യൂസിയത്തില്‍. കിങ് ജോര്‍ജ് അഞ്ചാമന്റേയും ക്വീന്‍ മേരിയുടേയും മാര്‍ബിള്‍ പ്രതിമകളും. ജനറല്‍മാരും വൈസ്റോയിമാരും ഗവര്‍ണ്ണര്‍മാരും ഉപയോഗിച്ചിരുന്ന കോട്ടുകളും ആയുധങ്ങളും കാണാം.
അടുക്കള മ്യൂസിയം: ബിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും കറികത്തികളും ചെമ്പ്-ഓട്ട് പാത്രങ്ങളും, സ്പൂണുകളും ഫോര്‍ക്കും ഇരട്ടമുള്ളും ചായയുണ്ടാക്കുന്ന ഉപകരണങ്ങളും എന്നു വേണ്ട, ആയിരക്കണക്കിന് അടുക്കളസാമഗ്രികളുടെ ശേഖരം. മുന്തിരിച്ചാര് മുതല്‍ വെള്ള വീഞ്ഞു വരെ പല തരത്തിലുള്ള വീഞ്ഞുകള്‍ പാനം ചെയ്യാന്‍ ഉപയോഗിച്ച ഗ്ലാസുകള്‍, വിളമ്പാന്‍ ഉപയോഗിച്ചിരുന്ന കൂജകള്‍, വൈന്‍ കെട്ടാനുപയോഗിച്ച യമണ്ടന്‍ ഭരണികള്‍…എന്നിങ്ങനെയാണ്. ഇന്ത്യയിലെ യുറോപ്യന്‍ കാലഘട്ടത്തിന്റെ വിസ്മയം….മണ്‍പാത്രങ്ങളുടെ രാജ്ഞിയെന്ന് വിശേഷിപ്പിക്കുന്ന നക്ഷത്രപ്പാത്രം ഈ മ്യൂസിയത്തിലെ പ്രത്യേകത. വെള്ളി, സ്വര്‍ണ്ണ നൂലുകള്‍ കൊണ്ട് അലങ്കാരപ്പണി തീര്‍ത്ത പാത്രങ്ങളുടെ രാജ്ഞി.
സമ്മാന മ്യൂസിയം: 1911 ല്‍ ദല്‍ഹി ദര്‍ബാറില്‍, കിങ് ജോര്‍ജ് അഞ്ചാമന് ഉപയോഗിച്ചിരുന്ന 640 കിലോഗ്രാം ഭാരമുള്ള വെള്ളി സിംഹാസനമാണ് മുഖ്യ ആകര്‍ഷണം. സ്വര്‍ണ്ണ-വെള്ളി കസവു നൂലുകള്‍ കൊണ്ട് മനോഹരമായി ചിത്രപ്പണി തീര്‍ത്ത സിംഹാസനമാണിത്. ഇതിനു പുറമേ അധികാരത്തിലെത്തിയ രാഷ്ട്രപതിമാര്‍ക്ക് വിവിധ ലോകനേതാക്കളും സംഘടനകളും എന്നു വേണ്ട സാധാരണക്കാര്‍ വരെ നല്കിയ സമ്മാനങ്ങള്‍ ഇവിടെ കാണാം. രാഷ്ട്രപതിമാര്‍ക്ക് കുട്ടികള്‍ നല്കിയ സമ്മാനം സൂക്ഷിച്ചിരിക്കുന്നത് കുട്ടികളുടെ ഗ്യാലറിയിലാണ്. പൗരാണികമായ സംഗീത-നാട്യ വാദ്യോപകരണങ്ങള്‍ മുതല്‍ ആധുനിക ഉപകരണങ്ങളുടെ മാതൃകവരെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ദര്‍ബാര്‍ ഹാള്‍: ദര്‍ബാര്‍ ഹാളിന്റെ കുംഭഗോപുരത്തിന്റെ ഉയരം 180 അടിയാണ്. നാലു ഭാഗങ്ങളിലുമായി നാലു വലിയ രാജകീയമായ മുറികള്‍. ജയ്സാല്മറില് നിന്നുള്ള മഞ്ഞ മാര്‍ബിള്‍ പതിച്ച തൂണുകളിലാണ് ഈ ഹാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. തറ ഇന്ത്യന്‍ മാര്‍ബിള്‍ കൊണ്ടാണ് മനോഹരമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തിന്റേയും കലയുടേയും സുവര്‍ണ്ണ യുഗമെന്നറിയപ്പെടുന്ന ഗുപ്തയുഗത്തില് നിര്‍മ്മിക്കപ്പെട്ട ബുദ്ധ പ്രതിമയാണ് ദര്‍ബാറിന്റെ മുഖ്യ ആകര്‍ഷണീയത. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ ചുമതലയേറ്റത് ഈ ബുദ്ധ പ്രതിമയെ സാക്ഷി നിര്‍ത്തിയായിരുന്നു. കല്‍ക്കട്ടയിലെ ഇന്ത്യന്‍ മ്യൂസിയത്തില്‍ നിന്നാണ് ഈ പ്രതിമ രാഷ്ട്രപതിഭവനിലെത്തിയത്. ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറലായ സി. രാജാഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെയാണ്. രണ്ടാമത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്ട്രപതിയായിരിക്കെ മരണപ്പെട്ടപ്പോള്‍ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ഹാളിന്റെ കുംഭഗോപുരത്തില്‍ നിന്ന് സൂര്യനും ദര്‍ബാറിനെ ആശിര്‍വദിക്കുന്നു. ഈ ഹാളിന്റെ വടക്ക് നിന്നുള്ള ചെറിയ നടപ്പാത അശോക ഹാളിലേക്കാണ്.
അശോകാ ഹാള്‍: വൈസ്റോയിമാരുടെ നൃത്തശാലയായിരുന്നു അശോകാ ഹാള്‍. ഭരണച്ചുമതലയേല്‍ക്കുന്ന ചടങ്ങ്, വിദേശ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍, തുടങ്ങിയവ ഇവിടെയാണ്. 105 അടി നീളവും 65 അടി വീതിയുമുള്ള ഹാളിലെ തറ തടി കൊണ്ടാണ്. അതിനു കീഴെ സ്പ്രിങ്ങുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പണ്ട് ഇംഗ്ലീഷ് നൃത്ത ചുവടുകള്‍ വയ്ക്കാന്‍ അനുയോജ്യമായ രീതിയില്‍ സജ്ജീകരിച്ച തറ. ഹാളിന്റെ കിഴക്ക,് കാണികള്‍ക്കിരിക്കാന്‍ ഗ്യാലറിയുണ്ട്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന തിളക്കമാര്‍ന്ന കണ്ണാടികളും ഷാന്‍ഡിലിയറുകളും ഹാളിന് പ്രൗഢി ഏറ്റും. പേര്‍ഷ്യന്‍ രാജാവ് ഫത്തേ അലി ഷായുടെ ചിത്രം മേല്‍ക്കൂരയില്‍ കാണാം. 12 ഇന്ത്യന്‍ ചിത്രകാരന്മാരെ ഉള്‍പ്പെടുത്തി ഇറ്റാലിയന്‍ ചിത്രക്കാരന് കോളോനെല്ലോയുടെ കരവിരുതും ഇവിടെയുണ്ട്.
ലൈബ്രറിയും സ്വീകരണ മുറികളും: 1800-1947 കാലഘട്ടങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ശേഖരം. അതും 2000 അപൂര്‍വ്വ പുസ്തകങ്ങളുടെ…. ഇത് രാഷ്ട്രപതിയുടെ സ്വകാര്യ ലൈബ്രറിയാണ്. മറ്റാര്‍ക്കും ഇവിടെ നിന്ന് പുസ്തകങ്ങള്‍ എടുക്കാനാവില്ല. പുസ്തക പ്രേമിയായ ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നതും ഈ ലൈബ്രറിയിലാണ്.
രണ്ടു സ്വീകരണ മുറികളാണുള്ളത്. വലിയ സ്വീകരണ മുറി കോണ്‍ഫറന്‍സ് മുറിയായിട്ടാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ സ്വീകരണ മുറിയിലാണ് രാഷ്ട്രപതി അതിഥികളെ സ്വീകരിക്കുക.
സല്‍ക്കാര മുറി: കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല ഫര്‍ണീച്ചറുകള്‍ തീര്‍ക്കുന്നതിലും ലുട്ടിയന്‍സ് കേമനാണെന്നതിന്റെ തെളിവാണ് ബാന്‍ക്വറ്റ് ഹാള്‍. അദ്ദേഹമുണ്ടാക്കിയ ഫര്‍ണീച്ചറുകള്‍ ഇപ്പോഴും മുറികളുടെ മോടി കൂട്ടുന്നു. 104 അടി നീളമുള്ള സല്‍ക്കാര മുറിയില്‍ 104 പേര്‍ക്ക് വിരുന്നുണ്ണാനാകും. ഒരോ ഭക്ഷണവും വിളമ്പാന്‍ പ്രത്യേക രീതികളാണ് ഇവിടെ. അതിനായി മാത്രം സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് രീതി ഇപ്പോഴും തുടരുന്നു. ഭക്ഷണത്തിനിരിക്കുമ്പോള്‍ ആദ്യം വിളമ്പുന്ന സൂപ്പിനും ശേഷമുള്ള ലഘു ഭക്ഷണത്തിനും പിന്നീടു വിളമ്പുന്ന പ്രധാന ആഹാരത്തിനും അവസാനം വിളമ്പുന്ന ഡെസേര്‍ട്ടുകള്‍ക്കും ഐസ്ക്രീമുകള്‍ക്കും ഫ്രൂട്ട് സാലഡുകള്‍ക്കും പ്രത്യേക ലൈറ്റ് സിഗ്നല്‍ തെളിയും.
ഒടുവിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ വിടര്‍ന്നു ചിരിക്കുന്ന ഒരായിരം പൂക്കള്‍. 15 ഏക്കറില്‍ പരന്നു കിടക്കുന്ന വര്‍ണ്ണ വിസ്മയം. ജമന്തികള്‍, റോസാപ്പൂക്കള്‍, പൂവരശ്, ആമ്പല്‍, ഡാഫോഡിലുകള്‍, തുടങ്ങിയ വര്‍ണ്ണ വൈവിധ്യങ്ങള്‍ ഇവിടെ കാണാം. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മാത്രം ഇവിടെ പൊതുജനത്തിന് പ്രവേശനമുണ്ട്്. എല്ലാം കണ്ടിറങ്ങുമ്പോള്‍ ഒരു നെടുനിശ്വാസം. കാണുന്നവയ്ക്കെല്ലാം പറയാന്‍ ഒരുപാട് കഥകള്‍. അല്ലെങ്കില്‍ ചരിത്ര വിശേഷങ്ങള്‍. എന്തായാലും കണ്ട കാഴ്ചകളുടെ ഓര്‍മ്മയും സന്തോഷവും ഒരു പതിറ്റാണ്ടെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുമെന്നുറപ്പ്.
ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: