അതിശൈത്യത്തിന്റെ മാറിലുറങ്ങുന്ന പൂനെ നഗരം. മെല്ലെ ഇമകള്‍ വിടര്‍ത്തുന്ന പ്രഭാതം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന കവാടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലായി കൂറ്റന്‍ അരയാലിന്റേയും വേപ്പ് മരങ്ങളുടേയും നടുവിലായി തീര്‍ത്ത മനോഹരമായ സദസ്സ്. പച്ചയണിഞ്ഞ ശിഖരങ്ങള്‍ കൈകോര്‍ത്ത് ഒരു മേല്‍ക്കൂര. അതിന് താഴെയായി പ്രേക്ഷകര്‍ക്കുള്ള ഇരിപ്പിടം. പേരറിയാത്ത പക്ഷികളുടെ ഇമ്പമൂറും ഗാനം അന്തരീക്ഷത്തെ പവിത്രമാക്കിക്കൊണ്ടിരിക്കുന്നു.
സ്വരമണ്ഡലിന്റെ തന്ത്രികള്‍ മൃദുവായ് മീട്ടി, അമ്മ നാരായണി അമ്മയുടേയും അച്ഛന് നാരായണ ഭാഗവതരുടേയും ചിത്രത്തിന് മുന്നില്‍ ഭദ്രദീപം തെളിയിച്ച് ബ്രാഹ്മ മുഹൂര്‍ത്തം ഉണരവേ ഭൈരവ രാഗത്തില്‍ പരമശിവനില്‍നിന്ന് ഉത്ഭവിച്ചിട്ടുള്ള സ്വരസ്ഥാനമായ ‘ആനന്ദേശ്വര്‍, അര്ത്ഥനാരീ നടേശ്വര്‍’ എന്ന ഖയാലില്‍ മുപ്പത്തിയേഴ് മണിക്കൂര്‍ നീളുന്ന സംഗീതസപര്യക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ തുടക്കം കുറിച്ചു. നിറഞ്ഞ സദസ്സിനൊപ്പം പ്രകൃതിയും മൂകമായി കാതോര്‍ത്തു.
ഗുരുവാകുന്ന പുണ്യതീര്‍ത്ഥത്തിലേക്ക് വിലയം പ്രാപിക്കുന്ന ശിഷ്യഗണത്തിന് പിന്നെ മറ്റൊരു തീര്‍ത്ഥം തേടിപ്പോകേണ്ടതില്ല എന്ന സത്യത്തിന്റെ ഓര്‍മപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ പിന്നിലായി നിരന്ന തൂവെളള വസ്ത്രമണിഞ്ഞ ശിഷ്യഗണങ്ങള്‍. കൂടെ ഭാര്യ ഹേമ. മക്കളായ മധുവന്തിയും മധുശ്രീയും.
സംഗീത സമര്‍പ്പണത്തിന് നിറപ്പകിട്ടേകാന്‍ എത്തിയവര്‍ ഇനിയുമേറെ, തബലയില്‍ അത്ഭുതമുണര്‍ത്തി ആദിത്യ നാരായണന് ബാനര്‍ജി. ബനാറസ് ഘരാനിലെ മഹാഗുരു പണ്ഡിറ്റ് കിഷന് മഹാരാജിന്റെ ചെറുമകന് ശുഭ് മഹാരാജ്, ശ്രീ കേശവ് ജോഷി, കേരളത്തില്‍നിന്ന് ജയകുമാര്‍ മലവാഴി, ഹാര്‍മോണിയത്തില്‍ മാസ്മരിക് ശ്രുതി ഉണര്‍ത്തി സതീഷ് കൊല്ലി, രാജീവ് താമ്പെ, കൗസ്തുഭ് സര്‍ക്കാര്‍, സിത്താറില്‍ സന്ദീപ് ബാനര്‍ജി തുടങ്ങിഅനേകം കലാകാരന്മാരാല് സമ്പന്നമായിരുന്നു സദസ്സ്.
പകലിന്റെ രണ്ടാം യാമത്തില്‍ ജോണ്‍പുരി രാഗത്തിലായിരുന്നു ആലാപനം. മഞ്ഞിന്റെ നനുത്ത കൈകളില്‍ പ്രകൃതി പൂര്‍ണമായും ഉണരുംപോലെയുള്ള ഒരു അനുഭൂതിയായിരുന്നു അവിടെ നിറഞ്ഞത്. സംഗീതപ്രേമികളുടെ മനസ്സ് നവതേജസ്സിലും ഉണര്‍വിലും നിറഞ്ഞു. ഇളങ്കാറ്റ് ആവേശത്തോടെ വന്ന് പുല്കി തിരിച്ചുപോയി. പ്രകൃതി തന്റെ സാമീപ്യം അറിയിക്കാന്‍ കൊതിക്കുംപോലെയുള്ള അസുലഭ നിമിഷമായിരുന്നു അത്. സദസ്സില്‍ അറിയാതെ കയ്യടി ഉയര്‍ന്നു. പ്രകൃതിയും സംഗീതവും ഒന്നായി അലിഞ്ഞുചേരുമ്പോഴും രമേശ് നാരായണ്‍ പാടിക്കൊണ്ടേയിരുന്നു. “പായല്‍ കി ജണ്ഗാര് ബയരണിയാ………” എന്ന ഖയാലിന്റെ നൂപുരധ്വനിയില്‍ സംഗീതപ്രേമികളുടെ മനസ്സ് നിറഞ്ഞു.
ഭാരതീയ സംഗീതസരണിയില്‍ എത്ര പാടിയാലും തീരാത്ത പ്രണയ വിരഹ ശൃംഗാര ഭാവങ്ങളില്‍ യമുനപോല്‍ തുളുമ്പുന്ന രാധാകൃഷ്ണ ഗീതികള്‍ പരാമര്‍ശിക്കുന്ന ബന്ദുഷുകള് നട്ട് സാരംഗി രാഗത്തില്‍ ആത്മരാഗാര്പ്പണമായിരുന്നു ആലാപനം.
“നന്ദ് നന്ദ് നന്ദന് ശ്യാം ഝൂലേ
രാധാ കെ സംഗ് നഭ് കൊ ഛൂലേ”
പ്രണയാര്ദ്രമാവുകയായിരുന്നു പകല്‍. വെയിലിന്റെ നാളങ്ങളില്പ്പോലും നനുത്ത ആര്ദ്രഭാവമായിരുന്നു അപ്പോള്‍. ഒരു മയില്‍പ്പീലി തുണ്ടിന്റെ ഓര്മപോലെയുള്ള മാന്ത്രിക പ്രവാഹം. പകലിന്റെ നാലാം യാമത്തില്‍ കോമള, ഗാന്ധാര, നിഷാദ ഭാവങ്ങളാല്‍ ചേര്ത്തുകോര്ത്ത ശൃംഗാരഭാവമുണരും ബീം പലാസ് രാഗത്തിലായിരുന്നു ആലാപനം. പകലിന് തിരികെപ്പോകാന്‍ അല്‍പ്പം മടിപോലെ തോന്നി. അല്‍പ്പനേരത്തെ വിശ്രമത്തിനുശേഷം രമേശ് നാരായണ്‍ വീണ്ടും ആലാപനം തുടങ്ങി. സന്ധ്യയോടെ തണുപ്പു കൂടി. ഒന്നും ബാധിക്കാതെ സംഗീതോപാസകന് അതിബോധസാധകമായി ഉണരുകയായിരുന്നു.
“സംഗീതം മനുഷ്യമനസ്സിനെ തളര്‍ത്തുന്നില്ല പകരം മനസ്സിനും ശരീരത്തിനും കൂടുതല്‍ ഊര്‍ജ്ജം തരുന്നു. സംഗീതം അശാന്തിയെ ശാന്തിയാക്കുന്നു. ദുഃഖങ്ങള്‍ക്ക് സ്വാന്തനമാകുന്നു” രമേശ് നാരായണന്റെ വാക്കുകള്‍.
പാടുന്ന രാഗങ്ങളെക്കുറിച്ചും ബന്ദുഷുകളെക്കുറിച്ചും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഗുരുവിനോട് ചോദിച്ചുകൊണ്ടേയിരുന്നു. കൂട്ടത്തില്‍ ഒരാള്‍ മല്‍ഹാര്‍ രാഗത്തില്‍ ആലാപനം ചെയ്യാമോ എന്നാവശ്യപ്പെട്ടു. മല്‍ഹാര്‍ പാടേണ്ട സമയമല്ലാത്തതിനാല്‍ അദ്ദേഹം സ്നേഹപൂര്‍വം നിരസിച്ചു. സമയചക്രമനുസരിച്ചാണ് രാഗങ്ങള്‍ ആലപിക്കുക. രാവിലെ പാടേണ്ട രാഗവും രാത്രിയില്‍ പാടേണ്ട രാഗവും എല്ലാം ഗുരുമുഖത്തുനിന്ന് അവര്‍ ഗ്രഹിച്ചു. സന്ധ്യായാമത്തെ ചുംബിച്ചുണര്ത്താന് യമന്‍ രാഗത്തില്‍ മേവാതി ഘരാനയിലെ “ജാ ജാരെ പാഗല്‍ മനവ…” ഭക്തിശൃംഗാരഭാവത്തിന്റെ മൂര്‍ദ്ധഭാവം കൈവരിക്കുന്നതായി സദസ്യര്‍ക്ക് അനുഭവപ്പെട്ടു.
പ്രണയാര്‍ദ്രമായ സഞ്ചാരപഥങ്ങളിലൂടെ സഞ്ചരിച്ച് രാത്രി പുല്കിയത് അറിഞ്ഞതേയില്ല. നിലാക്കുളിര് ശക്തമായി തോന്നിയെങ്കിലും ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള അഭിനിവേശത്തിന്റെ ജ്വാലകളില്‍ മെല്ലെ അകന്നു. ഇരുട്ടിനും ലാളിത്യത്തിന്റെ മുഖമായിരുന്നു അപ്പോള്‍. പ്രകൃതിയും സംഗീതജ്ഞനും ഒന്നുചേര്‍ന്ന് പ്രണവം ഉണരും നിമിഷത്തില്‍ ബിഹാഗ് രാഗത്തില്‍ ആയിരുന്നു ആലാപനം.
“കൈസെ സുഖ് സോവൂ…. എന്നു തുടങ്ങുന്ന ബഡാ ഖയാല്‍ സാഫല്യമായി പെയ്തു തുടങ്ങി.”
അര്ത്ഥയാമത്തിന്റെ ആരംഭഘട്ടത്തില്‍ പുര്യരാഗത്തില് “അബ് തേരോ ബിന്‍” എന്ന മഹാഗുരു പണ്ഡിറ്റ് ജസ് രാജ് രചിച്ച ബന്ദിഷായിരുന്നു ആലപിച്ചത്. ഭാരതീയ സംഗീതസരണിയില്‍ സംഗീതത്തെ നാലായി തരംതിരിച്ചിരിക്കുന്നതില്‍ മോക്ഷാര്ത്ഥീയ സംഗീതമാണ് രമേശ് നാരായണന്റേത്. സാര്‍വലൗകികമായ സംഗീതത്തിലൂടെ ആത്മചൈതന്യത്തെ സാക്ഷാത്ക്കരിച്ച് ജീവിതസാഫല്യമേകാന് പ്രകൃതിയില്‍ സംഗീതത്തിന് മാത്രമേ കഴിയൂ എന്ന് ഓരോ മനുഷ്യമനസ്സിനേയും പ്രകൃതി മടിയില്‍ ഇരുത്തി പഠിപ്പിക്കുമ്പോള്‍ സരസ്വതി യാമത്തിന് ഗുരുനാഥയുടെ ഭാവമായിരുന്നു.
ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ പ്രണേതാവും പ്രചാരകനുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന രമേശ് നാരായണ്‍ ഒരു സംഗീത ഗുരുകുലത്തിന്റെ ഗുരുപ്രമുഖനാണ്. സംഗീതം ആത്യന്തികമായി ഹൃദയത്തെ ശുദ്ധീകരിക്കുന്നതാണ്. ഭാരതീയ സംഗീതം ആയാലും ലോകോത്തര സംഗീതമായാലും സംഗീതം സപ്തസ്വരശോഭിതവും ശ്രുതിലയ മധുരവുമാണ്. ഭക്തിയായാലും പ്രണയമായാലും മനസ്സിന് സാന്ത്വനമാകാന്‍ സംഗീതത്തിന് മാത്രമേ കഴിയൂ എന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ സംഗീത സപര്യ.
കോമള ഋഷഭ ധൈവത സ്വരങ്ങളുടെ വശ്യതയില്‍ പ്രഭാതം സുന്ദരിയായി..ആനന്ദ് ഭൈരവ്, ജയവന്തി തോഡി, ലലദ്, വസന്ദ്, മുഖാരി, തോഡി, ഹിന്ദോളം, ചാരുകേശി, ഗ്യാന്കലി, ഗുണ്കലി എന്നീ രാഗങ്ങളുടെ മധുരിമ പ്രകൃതിയേയും മനുഷ്യമനസ്സിനേയും ശുദ്ധീകരിച്ചുകൊണ്ടേയിരുന്നു.
അച്ഛനോടൊപ്പം ചേര്‍ന്ന് പാടുന്ന മക്കള്‍ ജന്മസിദ്ധമായ സര്‍ഗാത്മക സംഗീതത്തിന്റെ ഇളം നാമ്പുകളില്‍ ലാളിത്യത്തിന്റെ മഴവില്‍ നിറങ്ങള്‍ നിറച്ചു. ആലാപനം തുടര്‍ന്നുകൊണ്ടേയിരുന്നു. ചാരുകേശി രാഗത്തില്‍
ലാഗെ ലാ മേരേ മന്……
അഷ്ടകാലങ്ങളിലൂടെ സംഗീതചക്രമനുസരിച്ച് സംഗീതസപര്യയില്‍ രമേശ് നാരായണന്റെ കണ്ണുകളില്‍ സംഗീതചൈതന്യം നിറഞ്ഞുനിന്നു.
പകല്‍ വിളക്ക് തെളിഞ്ഞുനില്‍ക്കവേ വര്‍ഷഋതുവിനെ പുല്കി കിടക്കുന്ന സാര്‍വലൗകിക രാഗങ്ങളുടെ പ്രവാഹമുണരുകയായിരുന്നു പിന്നീട്.
ശുദ്ധമല്ഹാര്, ചര്ജുക്കി മല്‍ഹാര്‍, മിയാ മല്‍ഹാര്‍, മേഘ, രാം ദാസി മല്‍ഹാര്‍ എന്നീ രാഗധാര സംഗീതപ്രേമികളുടെ മനസ്സിനെ കുളിരണിയിച്ചുകൊണ്ടേയിരുന്നു.
വേദിയില്‍നിന്ന് ഒരു മദ്ധ്യവയസ്ക പാദപൂജ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ആവശ്യത്തെ സ്നേഹപൂര്‍വം നിരസിച്ചെങ്കിലും സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ മധുരം കൊടുത്ത് പൂക്കള്‍ അര്‍പ്പിച്ച് മഹാഗായകനേയും വണങ്ങി സായൂജ്യം നേടിയ മനസ്സുമായി അവര്‍ മടങ്ങി. പ്രായത്തിന്റെ ക്ഷീണമോ മരംകോച്ചുന്ന തണുപ്പോ അവരെ ബാധിച്ചതേയില്ല. വേദി ഒന്നാകെ കൈകൂപ്പി ആ പൂജയില്‍ മനസാല്‍ പങ്കുചേര്‍ന്നു.
ഉത്തരേന്ത്യന്‍ കലാകാരന്മാര്ക്ക് വലിയ ഒരു ആവേശവും പ്രചോദനവുമാണ് പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീത അഭിനിവേശം- പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നാരായണിന്റെ വാക്കുകളില്‍ സംതൃപ്തി നിറയുന്നു.
“വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇത്രയും ഹൃദയഹാരിയായ സംഗീതസന്ധ്യ. ഭാരതീയ സംഗീതം അതിന്റെ തനിമയോടെ കാത്തുസൂക്ഷിക്കുന്ന കലാകാരന്മാര് പ്രകൃതിയുടെ അനുഗ്രഹമാണ്.”
മധുവന്തി, ദര്‍ബാരി കാനഡ, യമന്‍ രാഗങ്ങളുടെ ഭംഗിയില്‍ മറ്റ് ഒരു സന്ധ്യകൂടി സായൂജ്യമണിയുകയായിരുന്നു.
‘അജം നിര്വികല്പം നിരാകാരമേകം…’ ആലപിക്കവേ വിഘ്നേശ്വരന്റെ അനുഗ്രഹം ആവോളം സംഗീതസപര്യയ്ക്ക് കടാക്ഷമേകി. 37 മണിക്കൂര്‍ അവസാനിക്കുന്ന നിമിഷങ്ങളില്‍ ആദിശങ്കര നിര്‍വാണ ഷഡ്കത്തില്‍ ശിവോഹവും യമന്‍ രാഗത്തില്‍ ഗുരുസ്തവം അഖണ്ഡമണ്ഡലാകാരം….എന്ന ധ്വനി ഉണര്‍ന്നു. പ്രകൃതിയും നിറഞ്ഞ സദസ്സും തൊഴുകൈയോടെ നിന്നു.
തുടര്‍ന്ന് ആദിശങ്കരാചാര്യരുടെ നിര്വാണഷഡ്കത്തിലൂടെ “താന്‍ തന്നെ ശിവന് എന്ന തത്ത്വം” ഉള്‍ക്കൊളളുന്ന ദര്‍ബാരി കാനഡ രാഗത്തില്‍ മുഴങ്ങിയപ്പോള്‍ മനുഷ്യമനസ്സില്‍ എന്നില്‍ തന്നെ ഈശ്വരന് കുടികൊള്ളുന്നു. ‘അഹം ബ്രഹ്മാസ്മി’ എന്ന തത്ത്വം രമേശ് നാരായണന്റെ ആലാപനത്തില്‍ തെളിയുന്നത് അനുഭവപ്പെട്ടു.
“ഓം ഗുരു ഓകാര്‍ ഗുരു പരാത്പര്‍ ഗുരു
ഗുരു തവ ശരണം” മന്ത്രധ്വനിയോടെ ഉണരവെ പുതിയ ഒരു നവ തേജസ്സിലേക്കുള്ള തുടര്‍ച്ചയായി. ഈ മഹാഗായകന്റെ ശബ്ദം യമന്‍ രാഗത്തിന്റെ മാന്ത്രികപ്രവാഹത്തിന് മന്ദ്രമധുര പ്രണയമായി ഒഴുകിക്കൊണ്ടേയിരുന്നു.
നേഹ ഖയാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: