മീനുകള്‍ക്ക് വേദനയറിയില്ലെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തി. എന്നാല്‍ സംവേദനമോ? മീനുകളെ, പ്രത്യേകിച്ച് ഈ പുഴക്കടവിലെ മീനുകളെ മനുഷ്യര്‍ക്കും ഈശ്വരനും ഇടയിലുള്ള ബലമുറ്റ കണ്ണികളായാണ് വിശ്വാസികള്‍ കാണുന്നത്. ഭാരതത്തെ പാമ്പുകളുടെയും പാമ്പാട്ടികളുടെയും നാടെന്നു വിളിച്ചവര്‍ക്ക് ഇതുമൊരു ആക്ഷേപ വിഷയമാകാം. പക്ഷേ, ഈശ്വരാവതാരങ്ങ ളില്‍ ഒന്നാമത്തേതായി മത്സ്യരൂപത്തെ കാണുന്നവരുടെ വിശ്വാസം, അതൊന്നു വേറേതന്നെയാണല്ലോ.
ഭക്തരുടെ മനസ്സിനും സന്ദര്‍ശകരുടെ കണ്ണിനും ആശ്വാസം നല്‍കും ക്ഷേത്രത്തിനു സമീപത്തെ പുഴക്കടവിലെ ഈ മീനുകളുടെ സാന്നിധ്യം. ഉത്തരമലബാറിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ വളപട്ടണം പുഴയുടെ ഭാഗമായ പെരുമണ്ണ് പുഴയോട് ചേര്‍ന്ന് കിടക്കുന്ന പുണ്യപുരാതന ക്ഷേത്രമായ ചുഴലി ഭഗവതിക്ഷേത്രാങ്കണത്തിലെ പുഴയോരത്തെ കടവിലാണ് മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ മത്സ്യത്തിന്റെസാന്നിധ്യം ഏറെ ശ്രദ്ധേയമാകുന്നത്.
ക്ഷേത്രത്തില്‍ പ്രധാന വഴിപാടുകള്‍ സ്വയംവര പൂജയും മീനൂട്ടുമാണ്. വിവാഹം നടക്കാത്തവര്‍ ഇവിടെ സ്വയംവര പൂജകഴിക്കുന്നതോടെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിവാഹം നടക്കുന്നുവെന്നു പലര്‍ക്കും അനുഭവം. സ്വയംവരപൂജ കഴിച്ച നിവേദ്യ പ്രസാദം ഭക്തര്‍ മീനൂട്ട് കടവിലെത്തി മീനുകള്‍ക്ക് നല്‍കും. കൂടാതെ മീനൂട്ട് വഴിപാട് കഴിക്കുന്നത് സര്‍വ്വ രോഗങ്ങളും ഇല്ലാതാക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങള്‍ക്കുപുറമെ വിനോദ സഞ്ചാരികളും ക്ഷേത്രക്കടവിലെ അപൂര്‍വ്വ മത്സ്യസാന്നിധ്യം കാണാന്‍ എത്തിച്ചേരുന്നുണ്ട്.
വര്‍ഷങ്ങളായി നൂറ് കണക്കിന് മത്സ്യങ്ങളാണ് ക്ഷേത്രക്കടവ് കേന്ദ്രീകരിച്ച് ദൈവീക സാന്നിധ്യംപോലെ കഴിഞ്ഞുകൂടുന്നത്. വര്‍ഷകാലങ്ങളില്‍ ക്ഷേത്രമുറ്റത്തിനടുത്തോളം ദിവസങ്ങളോളം ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് ഉണ്ടാവുകയും ചെയ്യാറുണ്ടെങ്കിലും കിലോ കണക്കിന് തൂക്കമുള്ള ആയിരക്കണക്കിന് മീനുകള്‍ കടവ് വിട്ട് എങ്ങോട്ടും പോവാറില്ല. കടവില്‍ നിന്നും ആരും മത്സ്യം പിടിക്കാറില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രത്തിലെത്തിച്ചേരാം.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: