കൗരവരെ പേടിച്ച് പാണ്ഡവന്മാര് കാട്ടില്‍ അലഞ്ഞ കാലം. അന്നം മുട്ടിക്കാനുറച്ച കുരുവംശജരുടെ ക്രൂരതയില്‍ പാവം പാഞ്ചാലി കുഴങ്ങി. ഒടുവില്‍ ദ്രൗപതിയുടെ രക്ഷക്കെത്തിയത് കനിവാര്‍ന്ന ആദിത്യ ഭഗവാന്. ആദിത്യന്റെ അനുഗ്രഹം അക്ഷയപാത്രത്തിന്റെ രൂപത്തില്‍ എത്തിയപ്പോള്‍ പാണ്ഡവരുടെ കാനന ജീവിതം സന്തോഷഭരിതമായി. ഭക്ഷണം വറ്റാത്ത ആ അക്ഷയപാത്രം മഹാഭാരതത്തിലെ അത്ഭുത പാത്രമാണ്. ഒരിക്കലും വറ്റാത്ത സൗരോര്‍ജ്ജം പോലെ മറ്റൊരത്ഭുതം.
ലോകത്തു പലയിടങ്ങളിലും ഇന്നുമുണ്ട് അക്ഷയ പാത്രങ്ങള്‍-ഒരിക്കലും വറ്റാത്ത ഊര്‍ജ്ജത്തിന്റെ രൂപത്തില്‍. അതിനുത്തമ ദൃഷ്ടാന്തമാണ് രാജസ്ഥാനിലെ മൗണ്ട് ആബുവിനടുത്തുള്ള ബ്രഹ്മകുമാരീസ് വേള്‍ഡ് സ്പിരിച്വല്‍ യൂണിവേഴ്സിറ്റിയുടെ പടുകൂറ്റന്‍ അടുക്കള. ഏതാണ്ട് 7000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അടുക്കളയില്‍ ഒരുനേരം 30000 പേര്‍ക്കു വരെ ഭക്ഷണം കഴിക്കാം. ഈ ആഹാരമാകെ പാകം ചെയ്യുന്നത് സൂര്യപ്രകാശത്തില്‍. നെടുങ്കന്‍ പുരപ്പുറത്തെ 84 പടുകൂറ്റന്‍ പാരബോള ഡിഷ് ആന്റീനകളുടെ കൈക്കുടന്നയിലേക്കാണ് സൂര്യകിരണം നിറഞ്ഞിറങ്ങുക. അതു താപമായി, അഗ്നിയായി, ഒടുവില്‍ നീരാവിയായി അടുക്കളയിലേക്കു പ്രവഹിക്കുമ്പോള്‍ ആയിരങ്ങള്‍ക്ക് അന്നം തയ്യാറാവാന്‍ വേണ്ടതു മിനിട്ടുകള്‍ മാത്രം.
ജര്‍മ്മനിയില്‍നിന്ന് ഇറക്കുമതിചെയ്ത 520 പ്രത്യേകതരം ഗ്ലാസുകള്കൊണ്ടാണ് 10 ച. മീറ്റര്‍ വലുപ്പമുള്ള പാരബോളഡിഷുകള് തയ്യാറാക്കിയിരിക്കുന്നത്. വെള്ളം തിളപ്പിച്ചശേഷം 16 മണിക്കൂറോളം താപോര്‍ജ്ജം സൂക്ഷിക്കാനുള്ള കഴിവും ഈ യന്ത്രസംവിധാനത്തിനുണ്ട്. ഇവിടെ 50 കിലോ അരി വേകാന്‍ വേണ്ടത് 10 മിനിട്ട്! അടുക്കളയില്‍ ദിവസം 200 ലിറ്റര്‍ ഡീസലിന്റെയും തുല്യമായ പാചക വാതകത്തിന്റെയും ഉപയോഗത്തിനു സമമാണ് സൂര്യഭഗവാന്റെ ഇവിടത്തെ സേവനം. പാചകാവശ്യം കഴിഞ്ഞ സൗരോര്‍ജ്ജം വൈദ്യുതിയാക്കുകയും ചെയ്യുന്നു.
സ്വിറ്റ്സര്‍ലന്റ് ആസ്ഥാനമായുള്ള വുള്‍ഫ് ഗാംഗ് ഷ്ഫ്ലര് കമ്പനിയും ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയത്തിലെ അക്ഷയ ഊര്‍ജ്ജ വകുപ്പും ചേര്‍ന്നാണ് ഈ പടുകൂറ്റന്‍ സൗര അടുക്കള സംവിധാനം ചെയ്തത്. 1998-ല്‍ പ്രവര്‍ത്തനം തുടങ്ങി. ഇത്രയും ഭക്ഷണം പാകം ചെയ്യാന്‍ മറ്റ് ഇന്ധനങ്ങള്‍ ഉപയോഗിച്ചാല്‍ 1.2 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളപ്പെടും. എന്നാല്‍ ഈ സൂര്യ സഹായം അതുമില്ലാതാക്കുന്നു.
സൗരോര്‍ജ്ജം ജനകീയമാക്കുന്നതില്‍ ബ്രഹ്മകുമാരീസ് പ്രസ്ഥാനം വളരെ വലിയ സംഭവാനയാണു നല്‍കുന്നത്. തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ബ്രഹ്മകുമാരി സര്‍വകലാശാലയിലെ അക്ഷയ ഊര്‍ജ്ജ വകുപ്പിന്റെ ആദ്യ പരീക്ഷണമായിരുന്ന അടുക്കള. മൗണ്ട് ആബുവിലെ തന്നെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലും അവര്‍ സൂര്യപ്രകാശത്തെ ആഗീരണം ചെയ്തെടുത്തു. പതിമൂന്ന് ചതുരശ്ര മീറ്ററോളം വലിപ്പമുള്ള പാരബോള ഡിഷുകള്‍ ഉപയോഗിച്ച് അവിടെ കേന്ദ്രീകരിക്കുന്ന സൗരോര്‍ജം കാന്റീന്, സ്റ്റെറിലൈസറുകള്‍, അലക്കുശാല എന്നിവിടങ്ങളിലാണ് സഹായമെകുന്നത്. മൗണ്ട് ആബുവിലെ മൂന്ന് ക്യാമ്പസുകളിലും കംപ്യൂട്ടര്‍, ടെലഫോണ്‍, ഉച്ചഭാഷിണി, അടിയന്തര ലൈറ്റിംഗ് സംവിധാനം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് 50 കിലോവാട്ട് ശേഷിയുള്ള ഫോട്ടോ വോള്‍ട്ടായിക് പവര്‍ പ്ലാന്റിന്റെയും സൗരോര്‍ജ്ജ ഇന്‍വേര്‍ട്ടറിന്റെയും സഹായത്തോടെയാണ്. മൗണ്ട് ആബുവിലെ ജ്ഞാനസരോവര്‍ കാമ്പസിന്റെ സമീപത്തുള്ള നിരവധി ഗ്രാമങ്ങളിലും സൗരോര്‍ജ്ജത്തിന്റെ നന്മ എത്തിക്കുന്നതില്‍ ബ്രഹ്മകുമാരികള്‍ വിജയിച്ചിട്ടുണ്ട്. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന തെരുവ് വിളക്കുകള്‍, സോളാര്‍ റാന്തലുകള്‍, സോളാര്‍ പാചകപ്പെട്ടികള് തുടങ്ങിയവ പ്രചരിപ്പിക്കുന്നതിലൂടെയാണ് അവര്‍ സൗരോര്‍ജ്ജത്തെ ജനകീയവത്കരിക്കുന്നത്.
സര്‍വകലാശാലയിലെ അക്ഷയ ഊര്‍ജ്ജവകുപ്പിന്റെ നേത്യത്വത്തില്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളും അവഗണിക്കാനാവില്ല. സങ്കര(വ്യയ്ഋശറ) ബദല്‍ ഊര്‍ജ സംവിധാനം, സോളാര്‍ ചൂടുവെള്ള പ്ലാന്റുകള്‍ സൗരനീരാവി പാചകം, ഫോട്ടോ വോള്‍ട്ടായി പവര്പാക്കുകള്തുടങ്ങിയ മേഖലകളിലാണ് ഗവേഷണം. കാറ്റില്‍ നിന്നുള്ള ഊര്‍ജത്തെ ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങളും ഉണ്ട്. ഭാരത സര്‍ക്കാരിന്റെ ബദല്‍ ഊര്‍ജ്ജവകുപ്പിന്റെ സഹായത്തോടെ കാറ്റുകൊണ്ട് പ്രവര്‍ത്തിക്കുന്ന ബാറ്ററി ചാര്‍ജ്ജറുകളും രൂപപ്പെടുത്തുന്നു. എല്ലാം പരിസ്ഥിതിക്ക് തികച്ചും അനുഗുണമായ വിധത്തില്‍ മാത്രം.
ഭൂപ്രകൃതി കൊണ്ടും ജീവിതചര്യകൊണ്ടും ഏറെ പ്രതേകതയുള്ള നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ബ്രഹ്മകുമാരികളുടെ ഈ പരീക്ഷണം ഏറെ ശ്രദ്ധേയമാണ്. വൈദ്യുത ഉല്പാദന കേന്ദ്രങ്ങളുടെ നില ആശാവഹമല്ലാത്ത ഒരു കാലഘട്ടമാണിത്. ഒരു വശത്ത് കൃഷിക്കും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കുമാവശ്യമായ വൈദ്യുതി തികയാതെ വരുമ്പോള്‍ മറുവശത്ത് സംപ്രേഷണത്തിലൂടെ നിരവധി മെഗാവാട്ട് വൈദ്യുതി നഷ്ടപ്പെടുന്നു. ജല പദ്ധതികള്‍ പരിസ്ഥിതി ഹാനികരമാകുമ്പോള്‍ താപനിലകളും മറ്റു അന്തരീക്ഷത്തെ മലിനപ്പെടുത്തി ഹരിതഗൃഹവാതകങ്ങള്‍ ജനിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും സൂരക്ഷിതവും ചെലവുകുറഞ്ഞതുമായ ഊര്ജ്ജസ്രോതസ്സുകളേകുറിച്ച് നാം ചിന്തിക്കേണ്ടത്. ഭൂമിശാസ്ത്രപരമായി എത്തിപ്പെടാന്‍ പോലും പറ്റാത്ത നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങള്‍ മിക്കതും സമൃദ്ധമായ സൂര്യപ്രകാശം കൊണ്ടും കാറ്റുകൊണ്ടും അനുഗൃഹീതമാണ്. അവയെകണ്ടെത്താനുള്ള വിവേകം ഉണ്ടാവണമെന്നു മാത്രം. അക്കാര്യത്തില്‍ ഉപേക്ഷ വിചാരിച്ചാല്‍ ആദിത്യത്യന് കനിഞ്ഞ ഈ അക്ഷയ പാത്രങ്ങള്‍ വ്യര്‍ത്ഥമാകും.
ഡോ. അനില്‍ കുമാര്‍, വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: