കൊച്ചി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു. 20 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്കാന് ജില്ല കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള പദ്ധതികളും നഗരസഭകള്‍ക്ക് പത്ത് ലക്ഷം രൂപ വരെയുള്ള പദ്ധതികളും കോര്‍പ്പറേഷനുകള്‍ക്ക് 25 ലക്ഷം രൂപ വരെയുള്ള പദ്ധതികളും ഭരണസമിതിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി 22ന് ജില്ല സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിന് അടിയന്തിര പരിഹാരം കാണാന്‍ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ടാങ്കറിലെ കുടിവെള്ള വിതരണം, പൈപ്പ്ലൈന് നീട്ടല്‍, ജലവിതരണത്തിന്റെ പുനഃക്രമീകരണം എന്നിവ നടപ്പാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പ്രായോഗികവശം പരിഗണിച്ച് ഉടനെ നടപ്പാക്കണം. ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 3.41 കോടി രൂപയാണ് ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് നടപ്പാക്കുന്നതിന് ഭരണാനുമതി നേടിയ പദ്ധതികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പമ്പിങ്ങിന്റെ ഷിഫ്റ്റ് വര്‍ധിപ്പിക്കണമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. മെയ് 31 വരെ രണ്ട് ഷിഫ്റ്റില്‍ വെള്ളം പമ്പു ചെയ്യും. പമ്പ് ഓപ്പറേറ്ററെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിനുള്ള അധികച്ചെലവ് ജില്ല ഭരണകൂടം വഹിക്കും. നഗരസഭകളില്‍ ടാങ്കറുകളില്‍ കുടിവെള്ള വിതരണത്തിന് ഫണ്ട് അനുവദിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഒന്നിലേറെ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കുടിവെള്ള, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടല്‍ അനുവദിക്കില്ല. വാല്‍വുകള്‍ അനധികൃതമായി തിരിക്കുന്നതും വെള്ളം തിരിച്ചു വിടുന്നതും തടയാന്‍ പോലീസിന് നിര്‍ദേശം നല്‍കും. വെള്ളം ചോര്‍ത്തുന്നവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
22ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ചാലക്കുടി ജലസേചന പദ്ധതി, നാഷണല്‍ ഹൈവ് അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയെ കൂടി പങ്കെടുപ്പിക്കണമെന്നും കെ. ബാബു പറഞ്ഞു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, നഗരസഭാധ്യക്ഷന്മാരായ ജമാല്‍ മണക്കാടന്, വേണുഗോപാല്‍ , വത്സല പ്രസന്നകുമാര്‍, പി.ഐ. മുഹമ്മദാലി, ടി.കെ. ദേവരാജന്‍), എം.ടി. ജേക്കബ്, ഡപ്യൂട്ടി കളക്ടര്‍ സി.സി. ജോസഫ് തുടങ്ങിയവരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: