തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവര്ക്കും സ്വീകാര്യനായിരുന്നു ബിജെപി നേതാവായിരുന്ന ബി.കെ.ശേഖര്‍ എന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമി സ്മാരകസമിതി ഏര്‍പ്പെടുത്തിയ ബി.കെ.ശേഖര്‍ പുരസ്കാരം ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തിന്റെ വികസനത്തിനായി സ്വപ്നം കാണുകയും പ്രയത്നിക്കുകയും ചെയ്ത ശേഖറിനെപ്പോലെ അധികമാരും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. മാധ്യമലോകത്ത് ഇടത്തോട്ടും വലത്തോട്ടും ചലിക്കാതെ നേര്‍ദിശയില്‍ പത്രപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് കെ.കുഞ്ഞിക്കണ്ണനെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. ചട്ടമ്പിസ്വാമിയെപ്പോലുള്ള മഹാന്മാരെ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ മാധ്യമലോകം വിജയിച്ചിട്ടുണ്ടോയെന്ന് സംശയമാണെന്നും രാജഗോപാല്‍ പറഞ്ഞു.
മാതൃഭൂമി ന്യൂസിലെ എസ്.ശ്രീകലയ്ക്കും ജീവകാരുണ്യപ്രവര്‍ത്തനത്തിന് മനു സി.കണ്ണൂരിനും മന്ത്രി പുരസ്കാരങ്ങള്‍ നല്കി. സ്മാരക സമിതി ചെയര്മാന് എസ്.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ഹരികുമാര്‍, കരമന ജയന്, എസ്.വിജയകുമാര്‍, കൗണ്‍സിലര്‍ പത്മകുമാര്‍, എസ്.അഹമ്മദ്, ബാലുകിരിയത്ത് എന്നിവര്‍ സംസാരിച്ചു. കെ.കുഞ്ഞിക്കണ്ണന്, ശ്രീകല, മനു എന്നിവര്‍ മറുപടിപ്രസംഗം നടത്തി. രാമചന്ദ്രന് സ്വാഗതവും സിമിജ്യോതിഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: