ന്യൂദല്‍ഹി: ദല്‍ഹിയുടെ കഷ്ടകാലം മാറുന്നില്ല. സ്വന്തം തട്ടകത്തിലും ദയനീയ തോല്‍വി. മോഹിത് ശര്‍മ്മയെന്ന മീഡിയം പേസര്‍ക്ക് മുന്നിലാണ് ഇത്തവണ ദല്‍ഹി തലകുനിച്ചത്. ഐപിഎല്‍ ആറാം പതിപ്പില്‍ തുടര്‍ച്ചയായ ആറാം പരാജയമാണ് ഡെയര്‍ ഡെവിള്‍സിനെ തേടിയെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോടാണ് ആറാം മത്സരത്തില്‍ 86 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിടേണ്ടിവന്നത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി 17.3 ഓവറില്‍ 83 റണ്‍സിന് ഓള് ഔട്ടായി. 65 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മൈക്ക് ഹസ്സിയുടെയും 30 റണ്‍സെടുത്ത റെയ്നയുടെയും 44 റണ്‍സെടുത്ത ധോണിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡെയര്‍ ഡെവിള്‍സിന് വേണ്ടി 31 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ടോപ് സ്കോര്‍. സെവാഗ് 17ഉം അജാന്ത മെന്‍ഡിസ് 12ഉം റണ്‍സെടുത്തു. ദല്‍ഹി നിരയില്‍ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൈക്ക് ഹസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്.
കഴിഞ്ഞ സീസണില്‍ ആദ്യ ആറ് മത്സരങ്ങളില്‍ നാലിലും വിജയിച്ച ദല്‍ഹിക്ക് ഇത്തവണ ഒരെണ്ണത്തില്‍ പോലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആക്രമണകാരികളായ സെവാഗ്-വാര്‍ണര്‍ ഓപ്പണിംഗ് സഖ്യത്തിനോ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ അനുഭവ സമ്പത്തിനോ ഇര്ഫാന് പഠാന്റെ ഓള് റൗണ്ട് മികവിനോ ഉമേഷ് യാദവിന്റെയും മോണി മോര്‍ക്കലിന്റെയും വേഗതയേറിയ പന്തുകള്‍ക്കോ കഴിഞ്ഞില്ല. തുടര്‍ച്ചയായ ആറാം പരാജയത്തോടെ ദല്‍ഹിയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് കനത്ത മങ്ങലേറ്റു. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പോലും നോക്കൗട്ട് റൗണ്ടിലെത്താമെന്ന ഉറപ്പില്ലാത്ത സ്ഥിതിലാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ കഴിയാതെ ഏറ്റവും അവസാന സ്ഥാനത്താണ് ദല്‍ഹി. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്നാം വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ നാലാമതാണ്.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത മുരളി വിജയ് പെട്ടെന്ന് മടങ്ങിയെങ്കിലും മറ്റൊരു ഓപ്പണറായ മൈക്ക് ഹസ്സിയും ഒന്നാം നമ്പറിലിറങ്ങിയ സുരേഷ് റെയ്നയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 13 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുമായി 18 റണ്‍സെടുത്ത മുരളി വിജയ് മോണ്‍ മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങുമ്പോള്‍ ചെന്നൈ സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഹസ്സിയും റെയ്നയും ഒത്തുചേര്‍ന്നതോടെ കളിമാറി. 12.5 ഓവറില്‍ സ്കോര്‍ 90-ല്‍ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 30 റണ്‍സെടുത്ത റെയ്നയെ ഇര്ഫാന് പഠാന് കേദാര്‍ ജാദവിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണി തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു. ധോണിയും ഹസ്സിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 74 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ 19.3 ഓവറില്‍ 164ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത ധോണിയെ ഉമേഷ് യാദവിന്റെ പന്തില്‍ അജാന്ത മെന്‍ഡിസ് പിടികൂടി. ഇതിനിടെ മൈക്ക് ഹസ്സി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 41 പന്തുകളില്‍ നിന്നാണ് ഹസ്സി അര്‍ദ്ധശതകം തികച്ചത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ ബ്രാവോ റണ്ണൗട്ടായി. 50 പന്തില്‍ നിന്ന് 6 ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 65 റണ്‍സെടുത്ത മൈക്ക് ഹസ്സി പുറത്താകാതെ നിന്നു.
170 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് വീണ്ടും പരാജയപ്പെട്ടു. ഒരു റണ്‍സെടുത്ത വാര്‍ണറെ മോഹിത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത മന്‍പ്രീത് ജുനേജയെ മോഹിത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സെവാഗും ജയവര്‍ദ്ധനെയും ചേര്‍ന്ന് ദല്‍ഹിയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 30-ല്‍ എത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത ജയവര്‍ദ്ധനെയെ ക്രിസ് മോറിസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ സ്കോറില്‍ തന്നെ സെവാഗിനെയും നഷ്ടപ്പെട്ടു. 13 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും സിക്സറുമടക്കം 17 റണ്‍സെടുത്ത സെവാഗിനെ മോഹിത് ശര്‍മ്മ ഹസ്സിയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 4ന് 40. ഈ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ പിന്നീട് ദല്‍ഹിക്ക് കഴിഞ്ഞില്ല. പിന്നീട് മെന്‍ഡിസും കേദാര്‍ ജാദവും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കിയെങ്കിലും 61-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത അജാന്ത മെന്‍ഡിസ് റണ്ണൗട്ടായി മടങ്ങി. പിന്നീട് വിക്കറ്റ് വീഴ്ചക്ക് വേഗം കൂടി. ഇര്ഫാന് പഠാന് (2), അഗാര്‍ക്കര്‍ (3), മോണെ മോര്‍ക്കല്‍ (2) എന്നിവര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. ഒമ്പതാമനായി ദല്‍ഹിയുടെ ടോപ് സ്കോറര്‍ കേദാര്‍ ജാദവും (28 പന്തില്‍ 31) മങ്ങി.
മൂന്ന് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മോഹിത് ശര്‍മ്മ ദല്‍ഹിയുടെ മൂന്ന് വമ്പന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. അശ്വിന് രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: