ന്യൂദല്‍ഹി: പരുക്ക് ഭേദമായി വീരേണ്ടര്‍ സെവാഗ് തിരികെ ടീമിലെത്തിയതുകൊണ്ടു മാത്രം തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന് മഹേല ജയവര്‍ദ്ധനെ. ഐപിഎല്‍ മത്സരങ്ങളില്‍ വന്‍ തകര്‍ച്ചയാണ് ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. കളിച്ച ആറ് മത്സരങ്ങളിലും ദല്‍ഹി ഡെയര്‍ ഡെവിള്‍സ് തോറ്റു.
പ്രശ്നം വീരുവിനെ മാത്രം സംബന്ധിച്ചതല്ല. വീരു തിരികെ വന്നതുകൊണ്ടു മാത്രം ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ബാറ്റിംഗ് ടീം എന്ന നിലയ്ക്ക് മികച്ച സ്കോര്‍ കണ്ടെത്താനും സ്ഥിരത നിലനിര്‍ത്താനും കഴിയണം. കളിച്ച ആറുമത്സരങ്ങളില്‍ മുംബൈക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനും എതിരെ നടന്ന മത്സരങ്ങളില്‍ വളരെ മോശം പ്രകടനമായിരുന്നു ടീമിന്റെത്. ഈ സാഹചര്യത്തില്‍ കുറഞ്ഞത് രണ്ട് മത്സരങ്ങളില്‍ ടീം ജയിച്ചേ മതിയാകൂ, ജയവര്‍ധനെ പറഞ്ഞു. ടീമിന് കൂടുതല്‍ ധൈര്യം പകരാന്‍ ശ്രമിക്കുന്നതിനിടെയാണ് വെറും 83 റണ്‍സിന് പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 86 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയത്. ഇതോടെ ഡെയര്‍ ഡെവിള്‍സിന്റെ തിരിച്ചെത്താനുള്ള എല്ലാ പ്രായോഗിക മാര്‍ഗങ്ങളും അടഞ്ഞിരിക്കുകയാണ്. എന്നാല്‍ അങ്ങനെ പിന്മാറാന് ഒരുക്കമല്ലെന്ന നിലപാടാണ് നായകന് ജയവര്ധനെയുടെത്. തന്റെ കുട്ടികള്‍ കുറച്ചുകൂടി നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
നമുക്ക് യോഗ്യത നേടാനാകില്ലെന്ന് നാം തന്നെ വിശ്വസിച്ചാല്‍ പിന്നെ നമ്മള് ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്നതില്‍ അര്‍ഥമില്ല. ആറ് പോയിന്റുകള്‍ നേടി പട്ടികയുടെ മധ്യഭാഗത്തേക്ക് ടീമിന് കുതിച്ചെത്താന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ജയവര്‍ധനെ വ്യക്തമാക്കി. നാം നമ്മുടെ കഴിവുകളില്‍ വിശ്വസിക്കണം. ഈ സാഹചര്യത്തില്‍ നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതുവഴി നമ്മുടെ പ്രശ്നങ്ങള്‍ നമുക്ക് തന്നെ പരിഹരിക്കാന്‍ കഴിയും. തന്റെ ടീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് ജയവര്‍ധനെ പറഞ്ഞ വാക്കുകള്‍ ആരെയും വിശ്വസിപ്പിക്കുന്നതായിരുന്നില്ല.
പരാജയത്തിന്റെ മാര്ജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 160 എന്ന സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് നിരയെ വച്ചു നോക്കിയാല്‍ എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതല്ല. എന്നാല്‍ തങ്ങളുടെ മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കാര്യങ്ങള്‍ കഷ്ടത്തിലാക്കി. ധോണി ബാറ്റിംഗിനെത്തുന്നതിന് തൊട്ടുമുമ്പ് വരെ നന്നായാണ് പന്തെറിഞ്ഞത്. എന്നാല്‍ ബാറ്റ് ചെയ്യുന്ന സമയത്ത് ടീമിന്റെ പദ്ധതികള്‍ നടപ്പായില്ല. എന്നാല്‍ അവരാകട്ടെ നന്നായി പന്തെറിയുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്തു. ഇത് ടീമിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. അദ്ദേഹം ചൂണ്ടിക്കാട്ടി.
ദല്‍ഹിയുടെ പ്രാദേശിക കളിക്കാരുടെ കഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന് യുവകളിക്കാരെ പിന്തുണച്ച് ജയവര്‍ധനെ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: