മട്ടാഞ്ചേരി: കൊച്ചിതിരുമലക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര് കോടിയേറ്റി. ഏട്ട് ദിവസത്തെ ഉത്സവചടങ്ങുകള്‍ 24ന് ആറാട്ടുമഹോത്സവത്തോടെ സമാപിക്കും. ഉത്സവത്തിന് കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമി സാന്നിധ്യമേകി അനുഗ്രഹിക്കും.
ബുധനാഴ്ച രാവിലെ ഉഷപൂജ, അഭിഷേകം, ഉച്ചപൂജ ചടങ്ങുകള്‍ക്ക് ശേഷം ദേവപ്രാര്ത്ഥനയും, കൊടിദര്ശനവും നടന്നു. തുടര്‍ന്ന് ഭഗവാനെ സ്വര്‍ണ്ണ പല്ലക്കിലേറ്റി കൊടിയേറ്റ ചടങ്ങിനായി എതിരേറ്റു. കൊടിമര പൂജ, കലശപൂജ ആവാഹന ചടങ്ങുകള്‍ക്ക് ശേഷമാണ് തന്ത്രി കൊടിയേറ്റിയത്. തുടര്‍ന്ന് പല്ലക്ക് പൂജ, ദേവതാക്ഷണനം, സമാരാധന, വൈകിട്ട് ശീവേലി, രാത്രി വിഷ്ണുയാഗപ്രാരംഭം, ഗരുഡവാഹന പൂജ എന്നിവ നടന്നു. ഏട്ട് ദിവസത്തെ ഉത്സവചടങ്ങുകളില്‍ ദിവസവും ഉച്ചയ്ക്കും, രാത്രിയും വിഷ്ണുയാഗം, പല്ലക്ക് പൂജ, ഉത്സവബലി ചടങ്ങുകള്‍ നടക്കും. കൂടാതെ രാത്രി ഗരുഡന്,ഹനുമാന്, ഐരാവതം, അശ്വം, പുഷ്പകവിമാനം എന്നീ വാഹനപൂജകളും നടക്കും. നാല്, അഞ്ച്, ആറ് ദിനങ്ങളില്‍ ദേവനെ പല്ലക്കിലെഴുന്നള്ളിച്ച് പട്ടണ പ്രദക്ഷിണം- പറയെടുപ്പ്, ജലക്രീഡോത്സവം, ഏഴാം ദിവസം പള്ളിവേട്ട എന്നിവയുമാണ് ചടങ്ങുകള്‍.
ആറാട്ടുദിനത്തില്‍ രാവിലെ ഉഷപൂജ ശീവേലിക്ക് ശേഷം പ്രതിഷ്ഠാമൂര്‍ത്തി ലക്ഷ്മീവെങ്കിടാചലപതി ദേവനെ എഴുന്നള്ളിച്ച് അഭിഷേകം, വഞ്ചിയെടുപ്പ് ഉത്സവം, അവഭൃഥസ്നാനം, ആറാട്ട്, സമാരാധന, രാത്രി സ്വര്ണ്ണഗരുഡവാഹന പൂജ, പട്ടുകാണിക്യ, വിഷ്ണുയാഗ സമാപ്തി, കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. ആഘോഷചടങ്ങുകള്‍ക്ക് ക്ഷേത്രം ആചാര്യന് രാമാനന്ദഭട്ട്, തന്ത്രി പ്രേംകുമാര്‍ വാദ്ധ്യാര്, മേല്‍ശാന്തിമാരായ എല്‍.കൃഷ്ണഭട്ട്, രാമാനന്ദഭട്ട്, വൈദികവൃന്ദം, ദേവസ്വം പ്രസിഡന്റ് കപില്‍ ആര്.പൈ, ഭരണാധികാരിമാരായ വെങ്കിടേശ്വരപ്പൈ, വി.ഹരിപ്പൈ, എസ്.ദേവാനന്ദകമ്മത്ത്, എച്ച്.ജയകുമാര്നായിക്ക്, എന്‍.ബാബറാവു, ബാലഗോപാല്‍ പൈ എന്നിവര്‍ നേതൃത്വം നല്‍കും.
ആറാട്ട് ഉത്സവ ചടങ്ങില്‍ സാന്നിധ്യമേകുവാന് കാശിമഠം പട്ടശിഷ്യര് സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ തിങ്കളാഴ്ച രാവിലെ 5ന് ക്ഷേത്രത്തിലെത്തിച്ചേരും. ഉത്സവത്തിന് ശേഷം 29ന് സ്വാമികള്‍ ചെറായി ക്ഷേത്രത്തിലെഴുന്നള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: