തിരുവനന്തപുരം: മോണോ റെയില്‍ പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഡിഎംആര്‍സിയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. രണ്ട് പദ്ധതികളുടെയും ആകെ നിര്‍മ്മാണചെലവിന്റെ 3.25 ശതമാനം കണ്‍സല്‍ട്ടന്‍സി തുകയായി ഡിഎംആര്‍സിക്ക് നല്‍കും. പതിനഞ്ച് ദിവസത്തിനുള്ളില്‍ ധാരണാപത്രം ഒപ്പിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണോ റെയില്‍ ഫുള്‍ബോര്‍ഡ് യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കണ്‍സല്‍ട്ടന്‍സി ഫീസിനെചൊല്ലി സര്‍ക്കാറും ഡിഎംആര്‍സിയും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികളുടെ മൊത്തം ചെലവിന്റെ മൂന്നര ശതമാനമായിരുന്നു ഡിഎംആര്‍സി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അത് മൂന്നേകാല്‍ ശതമാനമായി കുറക്കാന്‍ ധാരണയായി. ഇതോടെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പുവെക്കും. പിന്നീട് സ്ഥലമേറ്റടുക്കലടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങും. തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിക്കൊപ്പം കഴക്കൂട്ടംതമ്പാനൂര് റോഡ് നാലുവരിപ്പാതയാക്കാനും തീരുമാനമായിട്ടുണ്ട്.
എറണാകുളം ഇടപ്പള്ളി ജംഗ്ക്ഷനിലെ ഗതാഗതകുരുക്കഴിക്കാന്‍ ടോള്‍ ഇല്ലാതെ ഫ്ളൈഓവര്‍ പണിയാനും ധാരണയായി. പ്രധാന നഗരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക പദ്ധതികള്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഇടപ്പള്ളി ജംഗ്ക്ഷനില്‍ ഫ്ലൈ ഓവര്‍ പണിയും. സംസ്ഥാനത്ത് പ്രവാസി സര്‍വ്വെ മെയ് ഒന്ന് മുതല്‍ തുടങ്ങാനും മന്ത്രിസഭാ തീരുമാനിച്ചു. പ്രവാസി സര്‍വ്വേയ്ക്കായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നഗരസഭകള്‍ ഇനി മുതല്‍ മുനിസിപ്പല്‍ കേര്‍പ്പറേഷനുകള്‍ എന്നറിയപ്പെടും. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആരാധ്യനായ മേയര്‍ എന്ന പ്രയോഗം ഒഴിവാക്കി പകരം ബഹുമാനപ്പെട്ട മേയര്‍ എന്നാക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: