പെരുമ്പാവൂര്‍: പൂട്ടിക്കിടക്കുന്ന പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും തൊഴിലാളികളുടെ ആനുകൂല്യങ്ങളെ സംബന്ധിച്ചും വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയക്കാരും തൊഴിലാളികുടുംബങ്ങളെ വഞ്ചിക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം പെരുമ്പാവൂരിലെത്തിയ കുഞ്ഞാലിക്കുട്ടി, ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുമെന്ന മറ്റൊരു മോഹനവാഗ്ദാനം കൂടി നല്‍കിയാണ് മടങ്ങിയത്. ഇത് ലീഗിന്റെ ഒരു ജില്ലാനേതാവിന്റെ സമ്മര്‍ദ്ദംകൊണ്ട് പറയുന്നതാണെന്നും മന്ത്രി അറിയിച്ചത് ഇരട്ടത്താപ്പ് നയമാണെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇത്തരത്തില്‍ പലരുടെയും സമ്മര്‍ദ്ദങ്ങള്‍മൂലം പലവാഗ്ദാനങ്ങളും നല്‍കിയിരുന്നെങ്കിലും റയോണ്‍സിന്റെ കാര്യത്തില്‍ മാത്രം വെള്ളത്തിലെ വരയാവുകയാണുണ്ടായത്. കഴിഞ്ഞ ജൂണില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍, റയോണ്‍സിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നതാണ്. അന്ന് സാജുപോള്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇത്തരത്തില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ മന്ത്രിയോ, എംഎല്‍എയോ മുന്നോട്ട് വന്നിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും, സാജുപോള്‍ എംഎല്‍എയും മുന്‍കൈ എടുത്ത് തൊഴിലാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് നിരവധിയോഗങ്ങള് ചേര്‍ന്നിരുന്നു. തൊഴിലാളികള്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവയെല്ലാം രാഷ്ട്രീയക്കാരന്റെ വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ധനകാര്യ സ്ഥാപനങ്ങളിലുള്ള കടബാധ്യതകള്‍ ഒരു സര്‍ക്കാരും തീര്‍ക്കാന്‍ തയ്യാറാകുന്നില്ല. ഏഴ് ബാങ്കുകളിലും മറ്റ് 4 ധനകാര്യസ്ഥാപനങ്ങളിലുമായാണ് കമ്പനിക്ക് ബാധ്യതകള്‍ ഉള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം തൊഴിലാളികളാണുണ്ടായിരുന്നത്. ഇവരില്‍ എണ്ണൂറോളം പേര് ഇന്നും തൊഴിലാളികളായുണ്ട്. ഇതില്‍ അമ്പതോളം കുടുംബങ്ങള്‍ റയോണ്‍സ് ക്വാര്‍ട്ടേഴ്സിനെ ആശ്രയിച്ചാണ് താമസിക്കുന്നത്. എന്നാല്‍ കാറ്റും മഴയും ശക്തമായാല്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഈ കെട്ടിടങ്ങള്‍. റയോണ്‍സ് പൂട്ടിയിരിക്കുന്നതിനാല്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഇവര്‍ക്ക് ക്വാര്‍ട്ടേഴ്സിന്റെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലുള്ള റയോണ്‍സിന്റെ വളപ്പില്‍ നിന്നും പലവിധ വസ്തുക്കളും മോഷ്ടാക്കള്‍ കടത്തികൊണ്ടുപോവുകയാണ്. ഏക്കറുകണക്കിന് വരുന്ന സ്ഥലത്ത് വിരലില്‍ ഏണ്ണാവുന്ന കാവല്ക്കാര് മാത്രമാണുള്ളത്. വെറുതെ കിടക്കുന്ന ഈ സ്ഥലത്ത് മലിനീകരണമില്ലാത്ത പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും യാതൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ ഓണത്തിന് അലവന്‍സ് എന്നപേരില്‍ 5000 രൂപയുടെ സഹായം ലഭിച്ചതുമാത്രമാണ് ഏക സഹായമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പെരുമ്പാവൂരിലെ രാഷ്ട്രീയ നേതാക്കള്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പേരുപറഞ്ഞ് വോട്ടുപിടിക്കുന്നതല്ലാതെ യാതൊന്നും ചെയിയ്യുന്നില്ല. ഇടത് ഭരണകാലത്ത് വലതും, വലത് ഭരണകാലത്ത് ഇടതും റയോണ്‍സ് വികസനത്തിന്റ കാര്യത്തില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ട് തൊഴിലാളി വഞ്ചന നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: