ചെന്നൈ: ഓസ്ട്രേലിയന്‍ കരുത്തില്‍ പൂനെ യോദ്ധാക്കള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി. തിങ്കളാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ 24 റണ്‍സിനാണ് പൂനെ ചെന്നൈയെ കെട്ടുകെട്ടിച്ചത്. ഓസ്ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ബൗളിംഗില്‍ മിച്ചല്‍ മാര്‍ഷിന്റെയും മികച്ച പ്രകടനമാണ് പൂനെയെ വീണ്ടും വിജയതീരമണിയിച്ചത്. ബാറ്റിംഗ് നിര നല്കിയ ആധിപത്യം മുതലാക്കി പൂനെ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ സ്വന്തം തട്ടകത്തില്‍ ധോണിക്കും കൂട്ടര്‍ക്കും തോല്‍വിയായിരുന്നു വിധി. അഞ്ച് മത്സരങ്ങളില്‍ നിന്ന് പൂനെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ ചെന്നൈക്ക് നാല് മത്സരങ്ങളില്‍ രണ്ടാം പരാജയം നേരിട്ടു. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്കുശേഷമാണ് ചെന്നൈ പരാജയം നേരിടുന്നത്. ചെന്നൈയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കുന്നതിന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ നായകന് ആഞ്ജലോ മാത്യൂസിന് പകരം റോസ് ടെയ്ലറാണ് ടീമിനെ നയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പൂനെ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ആരണ് ഫിഞ്ചി (67) ന്റെയും 16 പന്തില്‍ നിന്ന് മൂന്ന് വീതം ബൗണ്ടറിയും സിക്സറുകളുമടക്കം 39 റണ്‍സെടുത്ത സ്മിത്തിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് പൂനെയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 45 പന്തില്‍ നിന്ന് രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടെയാണ് ഫിഞ്ച് 67 റണ്‍സെടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ ഉത്തപ്പയും (26) ഫിഞ്ചും ചേര്‍ന്ന് 12.3 ഓവറില്‍ നേടിയ 96 റണ്‍സാണ് പൂനെ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ഈ മൂന്നുപേരൊഴികെ മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ടെയ്ലര് (8), മിച്ചല്‍ മാര്‍ഷ് (2), മനീഷ് പാണ്ഡെ (9) എന്നിവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടു. ചെന്നൈക്ക് വേണ്ടി മോറിസ്, ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സ്റ്റാര്‍ ബാറ്റ്സ്മാന് മൈക്ക് ഹസി കളിക്കാതിരുന്ന മത്സരത്തില്‍ ശ്രീകാന്ത് അനിരുദ്ധയും മുരളി വിജയുമാണ് ചെന്നൈയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ അനിരുദ്ധയെ (0) വിക്കറ്റിന് മുന്നില്‍ കുരുക്കി ഭുവനേശ്വര്‍ കുമാര്‍ പൂനെയ്ക്ക് മികച്ച തുടക്കം നല്കി.
പിന്നീട് മുരളി വിജയും സുരേഷ് റെയ്നയും ചേര്‍ന്ന് പതുക്കെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചെങ്കിലും ഇരുവരും പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. റെയ്നയെ (8) ഭുവനേശ്വര്‍ കുമാറും മുരളി വിജയിനെ (22 പന്തില്‍ 24 റണ്‍സ്) അഭിഷേക് നായരുമാണ് പുറത്താക്കിയത്. പിന്നീട് ക്രീസിലൊത്തുചേര്‍ന്ന ബദരിനാഥും (26 പന്തില്‍ 34) കഴിഞ്ഞ കളിയിലെ കേമന്‍ രവീന്ദ്ര ജഡേജയും (27) ഒരു രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്താക്കി മിച്ചല്‍ മാര്‍ഷ് പൂനെയ്ക്ക് ബ്രേക്ക് നല്കി.
പിന്നാലെ ക്യാപ്റ്റന്‍ ധോണി (10), ബ്രാവോ (1), ആല്‍ബി മോര്‍ക്കല്‍ (13) എന്നിവര്‍ ചെറുത്തു നില്‍ക്കാതെ കീഴടങ്ങിയതോടെ പൂനെയ്ക്ക് വിജയം അനായാസമായി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ അഞ്ച് റണ്‍സുമായി അശ്വിനും മോറിസും (5 പന്തില്‍ നിന്ന് 11 റണ്‍സ്) പുറത്താകാതെ നിന്നു. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പൂനെ ബൗളിംഗ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. അശോക് ദിന്‍ഡ, മിച്ചല്‍ മാര്‍ഷ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: