മുംബൈ: പൂനെ വാരിയേഴ്സിനെ 41 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഗംഭീര വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് അടിച്ചുകൂട്ടി. 44 റണ്‍സെടുത്ത സച്ചിന്, 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തിക്, 62 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത്ശര്‍മ്മ, 19 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് മുംബൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെ വാരിയേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 38 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് പൂനെ നിരയിലെ ടോപ് സ്കോറര്‍.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പതിവിന് വിപരീതമായി തകര്‍പ്പന്‍ തുടക്കമാണ് ഇതിഹാസതാരങ്ങളായ സച്ചിനും പോണ്ടിംഗും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പോണ്ടിംഗ് മെല്ലെയാണ് സ്കോറിംഗ് നടത്തിയതെങ്കിലും പതിവിന് വിരുദ്ധമായി സച്ചിന് തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 39 പന്തില്‍ മുംബൈ സ്കോര്‍ 50-ലെത്തി. പിന്നീട് 7.1 ഓവറില്‍ സ്കോര്‍ 54-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 17 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത പോണ്ടിംഗിനെ യുവരാജിന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടികൂടി. പിന്നീട് അധികം വൈകും മുന്നേ സച്ചിനെയും നഷ്ടമായി. 29 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത സച്ചിനെ ഫിഞ്ചിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടി. സ്കോര്‍: 2ന് 60. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്നത് കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വലമായി ബാറ്റ്വീശീയ ദിനേശ്കാര്‍ത്തികും രോഹിത് ശര്‍മ്മയും. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ഇന്നലെയും ഇരുവരും തുടര്‍ന്നതോടെ മുംബൈ സ്കോര്‍ 13.3 ഓവറില്‍ 100 പിന്നിട്ടു. ഒടുവില്‍ 15.1 ഓവറില്‍ സ്കോര്‍ 115-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ പൂനെക്ക് കഴിഞ്ഞത്. 29 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തികിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍ഷാണ് 50 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് രോഹിത് ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ഒത്തുചേര്‍ന്നതോടെ മുംബൈ സ്കോറിംഗിന് റോക്കറ്റ് വേഗം കൈവന്നു.
തുടക്കത്തില്‍ സൂക്ഷിച്ചുകളിച്ച രോഹിത് ശര്‍മ്മ നിലയുറപ്പിച്ചതോടെ വെടിക്കെട്ടാണ് പുറത്തെടുത്തത്. വെറും 32 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും അഞ്ച് സിക്സറുകളുമായി 62 റണ്‍സെടുത്ത രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നപ്പോള്‍ 14 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്സറുമായി 19 റണ്‍സെടുത്ത പൊള്ളാര്‍ഡും തകര്‍പ്പന്‍ പ്രകടനം നടത്തി. അവസാന നാല് ഓവറുകളില്‍ രോഹിതും പൊള്ളാര്‍ഡും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
184 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പൂനെ വാരിയേഴ്സിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മിച്ചല്‍ ജോണ്സണ് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറായ ആരോണ്‍ ഫിഞ്ച് ക്ലീന്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. നാല് റണ്‍സെടുത്ത റോസ് ടെയ്ലര് റണ്ണൗട്ടായി മടങ്ങി. എട്ട് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പൂനെക്ക് നഷ്ടമായി. ഒമ്പത് പന്തില്‍ നിന്ന് 7 റണ്‍സെടുത്ത റോബിന് ഉത്തപ്പയെ മിച്ചല്‍ ജോണ്സണ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് യുവരാജും സുമനും ചേര്‍ന്ന് പൂനെയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പൂനെക്ക് നഷ്ടമായി. 15 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 23 റണ്‍സെടുത്ത സുമനെ ഹര്‍ഭജന്റെ പന്തില്‍ പൊള്ളാര്‍ഡ് പിടികൂടുകയായിരുന്നു. പിന്നീട് യുവരാജും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് സ്കോര്‍ 71-ല്‍ എത്തിച്ചു. എന്നാല്‍ 16 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 24 റണ്‍സെടുത്ത യുവരാജിനെ പൊള്ളാര്‍ഡ് ഋഷി ധവാന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും പൂനെക്ക് നഷ്ടമായി. 18 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ പ്രഗ്യാന്‍ ഓജ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും 127-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും വീണു. ആറ് റണ്‍സെടുത്ത അഭിഷേക് നായരെ മലിംഗയുടെ പന്തില്‍ പൊള്ളാര്‍ഡ് പിടികൂടിയപ്പോള്‍ 38 റണ്‍സെടുത്ത് ടോപ് സ്കോററായ മിച്ചല്‍ മാര്‍ഷിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ധവാന് പിടികൂടി. പിന്നീട് ഭുവനേശ്വര്‍കുമാറും (6), രാഹുല്‍ ശര്‍മ്മയും (10) പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മിച്ചല്‍ ജോണ്സണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: