പാലക്കാട്: മലബാര്‍ദേവസ്വം ബോര്‍ഡിന്റെയും കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്റെയും കീഴിലുള്ള ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടുകള്‍ക്ക് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്രീചക്ര രാജരാജേശ്വരി വെളിച്ചപ്പാട് അസോസിയേഷന് പ്രസിഡന്റ് വി ഹരിദാസന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2010ല്‍ വെളിച്ചപ്പാടുകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ശമ്പള പരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും ഇതിന് അനുകൂലമായ വിധിയുണ്ടാകുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് സി ഗ്രേഡ് ക്ഷേത്രത്തിലെ കഴകക്കാരുടെ തസ്തികയില്‍ വെളിച്ചപ്പാടുകള്‍ക്ക് ശമ്പളം കൊടുക്കുന്നതിന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ മിക്കക്ഷേത്രങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. ജില്ലയില്‍ അഞ്ച് ക്ഷേത്രങ്ങളില്‍ മാത്രമേ ഹൈക്കോടതി നിര്‍ദേശിച്ച ശമ്പളം വെളിച്ചപ്പാടുകള്‍ക്ക് നല്‍കുന്നുള്ളൂ. സംസ്ഥാനത്ത് രണ്ട് ദേവസ്വം ബോര്‍ഡുകളിലൂടെയും കീഴിലുള്ള ക്ഷേത്രങ്ങളിലായി ആയിരത്തോളം വെളിച്ചപ്പാടുകളാണുള്ളത്. ദേവസ്വം ബോര്‍ഡിലെയും ക്ഷേത്രങ്ങളിലെയും ബന്ധപ്പെട്ടവര്‍ ദേവസ്വം ബോര്‍ഡിന് വെളിച്ചപ്പാടുകളെ സംബന്ധിച്ച് വിവരം നല്‍കാത്തതാണ് ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നതില്‍ വിലങ്ങ് തടിയായി നില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് സംബന്ധിച്ച് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും അവരും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചപ്പാടുകളുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: