ഈ കൊടുംചൂടില്‍ നാട്ടില്‍ കൊന്നകള്‍ പൂത്തുനില്‍ക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ വെള്ളത്തിനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. വിഷുവിന്റെ സൗരഭ്യത്തേയും സൗഭാഗ്യത്തേയും മാഹാത്മ്യവും, ജീവിതത്തില്‍ വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഓര്‍മകള്‍ ഉണ്ട്. പഴയചില നല്ല ഓര്‍മകള്‍.
തറവാട് ആറന്മുളയില് ആണെങ്കിലും ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം നഗരത്തിലെ ഞങ്ങളുടെ വീട്ടില്‍ നാട്ടിന്‍പുറത്തെ ആവാഹിച്ച് വരുത്തിയതുപോലെയായിരുന്നു. നാട്ടിന്‍പുറത്തിന്റെ എളിമ തിരുവനന്തപുരത്ത് വീട്ടിലും നിറഞ്ഞുനിന്നിരുന്നു. ആഘോഷങ്ങളും അനുഷ്ഠാനങ്ങളും തുടര്‍ന്നു. ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കുമായി വീടിന്റെ വാതിലുകള്‍ എന്നും തുറന്നുകിടന്നു.
അക്കാലത്ത് ഞങ്ങള്‍ ഓരോ ആഘോഷങ്ങളെയും ആഹ്ലാദത്തോടെയാണ് കണ്ടിരുന്നത്. വിഷുവിന് കൊന്ന പൂക്കുമ്പോള്‍ നോക്കിവയ്ക്കും. ഞങ്ങളുടെ കിഴക്കേ മുറ്റത്ത് അമ്മ നട്ട ചെറിയ കൊന്ന ഇന്ന് മഹാവൃക്ഷമായി. അതിന് ഒരു സ്വഭാവം ഉണ്ട് കുംഭമാസം ആകുമ്പോഴേ പൂക്കും. വിഷുവിന് എല്ലാം കഴിയും. എങ്കിലും ഒരു പൂങ്കുലയെങ്കിലും ഇലകള്‍ക്ക് ഇടയില്‍ അവള് ഒളിപ്പിച്ചുവയ്ക്കുമായിരുന്നു, ഞങ്ങള്‍ക്ക് കണി ഒരുക്കാന്‍. എല്ലാവരും ഉണ്ടായിരുന്ന ആ വിഷുകാലത്തെക്കുറിച്ച് അമ്മയുടെ അമ്മ അമ്മച്ചിഅമ്മ എന്നുവിളിക്കുന്ന വല്യമ്മ പറയുമായിരുന്നു. ചേച്ചിയും അനിയത്തിയും എപ്പോഴും ബന്ധുക്കളും ഉണ്ടായിരുന്ന കൊച്ചുവീട്.
തലേന്ന് രാത്രിയില്‍തന്നെ തിരുആറന്മുള അപ്പന്റെ ചിത്രത്തിനുമുന്നില്‍ വിഷുക്കണി ഒരുക്കും. വെള്ളരിക്കയും കുങ്കുമം കൊണ്ട് തൊട്ട നാളികേരവും കസവ് മുണ്ടും അമ്മയുടെ സ്വകാര്യസ്വത്തായ പൊന്നുകൊണ്ടുള്ള ആലിലകൃഷ്ണനും, മാങ്ങ, ചക്ക, പഴങ്ങളും, നിറപറയും നിറയെ തിരിയിട്ട നിലവിളക്കും വാരിവിതറിയിട്ട കൊന്നപ്പൂവും. വെളുപ്പാന്‍കാലത്ത് വിളിച്ചുണര്‍ത്തി കണ്ണ് പൊത്തി നിലവിളക്കിന്റെ മുന്നില്‍ നിര്‍ത്തി കണ്ണു തുറന്നോളൂ എന്ന മൃദുലങ്ങളായ കൈകള്‍ മാറ്റി അമ്മ പറയുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആനന്ദത്തോടെ കണ്ണുകള്‍ തുറക്കും. ആനന്ദപ്രജരിമയില് ഐശ്വര്യവേളയില്‍ കണ്ണുനിറഞ്ഞ് മനസുനിറഞ്ഞ് തൊഴുത് നില്ക്കും.
ഞങ്ങള്‍ കുട്ടികളുടെ വലംകൈ പിടിച്ചും അതിലൊരു ഉമ്മയും വെള്ളിത്തുട്ടും വച്ചുതരുന്ന എന്റെ അമ്മയുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി ഇന്നും ഞാന്‍ സ്മരിക്കുന്നു. നമുക്ക് പൈതൃക സ്വത്തായി ബാക്കിവയ്ക്കാന്‍ വളരെ കുറച്ച്മാത്രമേ ഉള്ളൂവെന്ന് ഓര്‍മിക്കണം. കേരളത്തിന്റെ മുഖച്ഛായതന്നെ മാറിക്കൊണ്ടിരിക്കുകയാണ്, മാറ്റികൊണ്ടിരിക്കുകയാണ്. കാടും, മലയും കുന്നും തോടുകളും പുഴകളും വിശാലമായ പാഠശേഖരങ്ങളും പച്ചപ്പുനിറഞ്ഞ വലിയ പാടശേഖരങ്ങളും, കൈതപൂക്കുന്ന വയല്‍വരമ്പുകളും, കുളിര്‍മയും, കാലംതെറ്റാത്ത മഴയും, ആഹ്ലാദപൂര്‍ണമായ വേനല്ക്കാലങ്ങളും എല്ലാം നമുക്ക് സ്വന്തമായിരുന്നുവെന്ന് ഭൂതകാലത്തില്‍ പറയേണ്ട അവസ്ഥ. എല്ലാം നമുക്ക് ഉണ്ടായിരുന്നുവെന്ന് പഴയ ഗ്രീക്കുകാര്‍ പറയുന്നതുപോലെ ഞങ്ങള്‍ക്കും ഇങ്ങനെയൊരു സംസ്കാരം ഉണ്ടായിരുന്നുവെന്ന് പറയാന്‍ ഇടവരാതിരിക്കട്ടെ.
ദുബായും സിംഗപ്പൂരും അല്ല നമുക്ക് മാതൃകയാകേണ്ടത്. കേരളം കേരളമായി തുടരണം. ഇന്നത്തെ നിലയ്ക്ക് പോകുകയാണെങ്കില്‍ വികൃതവും വികലവും യാതൊരു നിയമവും ഇല്ലാത്തതും ദുരിതം നിറഞ്ഞതുമായ ഒരു ദുബായി സങ്കല്‍പ്പിക്കാനേ ആവും. നമ്മളുടെ കൊച്ചുകേരളത്തിലെ നഗരങ്ങള്‍ അതിസമ്പന്നമായതാണ് ഇന്ന് കേരളത്തിന്റെ ശാപം. മണ്ണും പെണ്ണും ഭാഷയും വിലയില്ലാത്ത ഉപഭോഗവസ്തുക്കളായി തീര്ന്നിരിക്കന്നു. ഇവിടെ സമൃദ്ധിയായിട്ടുള്ളത് മദ്യവും കള്ളപ്പണവുമാണ്. നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. അതിവേഗം പാശ്ചാത്യവല്ക്കരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഈ കൊച്ചുനാട് വേരുകള്‍ അറ്റത്തായി, സംസ്കൃതി മങ്ങിപ്പോയതായി, കുടിവെള്ളത്തിനും അന്നത്തിനും പോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടവരായി മലിനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ കൊടുംച്ചൂടിനിടയിലാണ് വീണ്ടും കൊന്നകള്‍ പുത്തതും വീണ്ടും വിഷു വരുന്നതും. നിറഞ്ഞ കണ്ണുകളോടെ വീണ്ടും വിഷുദേവതയെ വന്ദിക്കുന്നു. പ്രിയകവി വൈലോപ്പിള്ളിയോടൊപ്പം നമുക്ക് പ്രാര്‍ത്ഥിക്കാം. മനസില്‍ ഉണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പുവും.
സുഗതകുമാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: