കഴിഞ്ഞ ഞായറാഴച, രണ്ടായിരത്തിപ്പതിമൂന്ന് ഏപ്രില്‍ ഏഴിന് എറണാകുളത്ത് എളമക്കരയിലുളള പ്രാന്തകാര്യാലയം മാധവനിവാസിന്റെ പരിസരത്തെ വിശാലമായ വളപ്പില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഗൃഹപ്രവേശം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ച ഭാസ്കരീയം എന്ന ഭാസ്കര്‍റാവു സ്മാരക മന്ദിരം പതിനായിരക്കണക്കിന് സ്വയംസേവകരുടെ ഹൃദയാഭിലാഷത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. കേരളത്തിലെ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ സാക്ഷ്യം വഹിച്ച ആ മഹത്കര്‍മം നടന്ന സഭയുടെ അധ്യക്ഷന്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ പരിപാടിയുടെ ആസൂത്രകന്‍ ഡോ.ജി.മാധവന് നായരായിരുന്നു. സ്മര്യപുരുഷന് കെ.ഭാസ്കര്‍റാവുവിന്റെ ഹൃദയത്തില്‍ നിന്നും സംഘസന്ദേശം സ്വീകരിച്ച അനേകായിരം പേര് ആ സംഭവത്തിന് സാക്ഷ്യം വഹിക്കാനെത്തി. ആഹ്ലാദംകൊണ്ട് വിടര്‍ന്ന മനസ്സുമായി ഭാസ്കരീയസഭാഗൃഹത്തിനകത്തും പുറത്തും പരിസരങ്ങളിലും ഒത്തുകൂടിയ അവര്‍ പരസ്പരം കണ്ടും സൗഹൃദം കൈമാറിയും ഏതാനും മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചു. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ സമുല്‍കൃഷ്ടമായ നേതൃത്വം അവിടെ ആശംസകളര്‍പ്പിക്കാനെത്തി.എല്ലാ സന്ന്യാസി മഠങ്ങളുടെയും അധിപന്മാരും സാമൂഹ്യ-സാംസ്കാരിക വ്യവസായ വാണിജ്യ ഉദ്യോഗസ്ഥ സംരംഭക പത്രപ്രവര്‍ത്തന മേഖലകളിലെ മുന്‍നിരക്കാരും അവിടെയെത്തി. അവരെല്ലാം തന്നെ നേരിട്ട് ഭാസ്കര്‍റാവുവിന്റെ സമ്പര്‍ക്കം ലഭിച്ചവരോ, അത്തരക്കാരില്‍ നിന്ന് അദ്ദേഹത്തിന്റെ മഹത്വം അനുഭവിച്ചറിഞ്ഞവരോ ആയിരുന്നു.
കല്ലിലും മണ്ണിലും മരത്തിലും സിമന്റിലും പടുത്തുയര്‍ത്തപ്പെട്ട കേവലമൊരു ഭൗതികവസ്തുവായി ആ സൗധത്തെ കാണുന്നവരുണ്ടാകാം. അവരെ സംബന്ധിച്ചിടത്തോളം മറ്റേതു കെട്ടിടം പോലെയുളള ഒരു വാസ്തു ശില്‍പ്പം മാത്രമായിരിക്കും അത്. ഇത്ര വലുതായൊരു മന്ദിരം നിലനിറുത്തുന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണെന്ന് ഡോ മോഹന്‍ ഭാഗവത് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഭൗതികമായി നോക്കിയാല്‍ അതിന്റെ വൃത്തി, ശുചിത്വം, വൈദ്യുതിവിതരണം, ജലവിതരണം, പരിസരസംരക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ടാവുമെന്നും ആ ദൃഷ്ടിയില്, ഇത്തരത്തിലുളള മറ്റേത് വാണിജ്യാധിഷ്ഠിത സംരംഭത്തിന്റെതു പോലുളള പ്രശ്നങ്ങള്‍ അതിനുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഭാസ്കര്‍ റാവു എന്ന മഹദ് വ്യക്തിയുടെ ജീവിതവും സന്ദേശവും സാക്ഷാത്കരിച്ച് അതിനനുസരിച്ച് നിലനിര്‍ത്തുകയെന്നതാണ് പ്രാധാന്യം. പ്രത്യക്ഷ രൂപത്തിലുളള ഭാസ്കരീയത്തിന്റെ പ്രയോജനത്തെപ്പോലെ തന്നെ അതിസൂക്ഷ്മ രൂപത്തിലുളള ഉപയോഗത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
തന്റെ ജീവിതത്തിലെ നാല്‍പ്പതു വര്‍ഷത്തോളം കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം എരിഞ്ഞ ജീവിതമായിരുന്നു ഭാസ്കര്‍ റാവുവിന്റെത്. ദക്ഷിണ കന്നഡയിലെ ഒരു ഗ്രാമത്തില്‍ നിന്ന് മ്യാന്മാറില്(ബര്‍മ) ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ കുടിയേറിയ ഭിഷഗ്വരന് ശിവറാം കളംബിയുടെ മകനായി പിറന്ന് പ്രാഥമിക വിദ്യാഭ്യാസ കാലത്ത് അച്ഛന്റെ മരണം മൂലം ഭാരതത്തില്‍ മടങ്ങിയെത്തി മുംബൈയില്‍ താമസമാക്കി അവിടെ വളര്‍ന്നു വന്ന ആളായിരുന്നു ഭാസ്കര്‍റാവു. മുംബൈയില്‍ സംഘസമ്പര്ക്കത്തില് വന്ന്് ഉത്തമകാര്യകര്ത്താവായി സംഘസ്ഥാപകന് പൂജനീയ ഡോ ഹെഡ്ഗേവാറിന്റെ പ്രത്യേക ശ്രദ്ധയും വാല്സല്യവും നേടിയെടുത്തു.
ഉന്നത വിദ്യഭ്യാസത്തിനുശേഷം സര്‍സംഘചാലക് ഗുരുജിയുടെ ആഹ്വാന പ്രകാരം പ്രചാരകനാകാന്‍ പുറപ്പെട്ടു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന സ്വയംസേവകരെ ദക്ഷിണ ഭാരതത്തിലേക്കയക്കുക എന്ന നയമനുസരിച്ച്് ഭാസ്കര്‍ കളംബിക്കു ലഭിച്ചത്് എറണാകുളത്തു പോകാനുളള നിര്‍ദ്ദേശമായിരുന്നു. 1946ല്‍ പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് അവിടുത്തെ ഭാഷയും ഭക്ഷണരീതിയുമടക്കം എല്ലാം പുതുമകളായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ തയ്യാറായി വന്ന അദ്ദേഹത്തിന് അതൊന്നും തടസ്സമായിത്തീര്ന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് എല്ലാ അര്‍ത്ഥത്തിലും കേരളീയനും മലയാളിയുമായി മാറിയ അദ്ദേഹം ക്രമേണ മുഴുവന്‍ കേരളത്തിന്റെയും പ്രചാരകനായി 1960 മുതല്‍ ഇരുപതുവര്ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ശാഖാ സാന്ദ്രതയുളള സംസ്ഥാനമായി കേരളം വളര്‍ന്നത്. കേരളത്തിലുടനീളം ഗ്രാമാന്തരങ്ങളില്‍ കാല്‍നടയായും അല്ലാതെയും ലഭ്യമായ എല്ലാവിധ വാഹനങ്ങളും (കാളവണ്ടി, സൈക്കിള്‍, റിക്ഷാ. ജീപ്പ്പ്, ബസ്, കാര്‍, തീവണ്ടി, വിമാനം) ഉപയോഗിച്ചയാളാണ് ഭാസ്കര്‍റാവു. അദ്ദേഹം നടന്നെത്താത്ത ഗ്രാമമില്ല. വയനാട്ടിലെ വനാന്തര്‍ഭാഗത്തെ അപ്രാപ്യമായ കാട്ടു നായ്ക്കന്മാരുടെയും ചോലനായ്ക്കന്മാരുടെയും, അട്ടപ്പാടിയിലെയും ഇടുക്കിയിലെയും അഗസ്ത്യ വനത്തിലെയും വനവാസി ഊരുകളിലും, ഏറ്റവും ഉയര്‍ന്ന ആഢ്യബ്രാഹ്മണ ഗൃഹങ്ങളിലും രാജകൊട്ടാരങ്ങളിലും മുക്കുവ ഗ്രാമങ്ങളിലും നെയ്ത്തുകാരുടെ തെരുവുകളിലും ഒരേ മമതയോടെ കഴിയാന്‍ ഭാസ്കര്‍റാവുവിന് കഴിഞ്ഞു. കേരളത്തില്‍ ഇത്രയേറെ വീടുകളും വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കം ചെയ്യുകയും അവിടുത്തെ ആളുകള്‍ക്ക് സ്വന്തം ജ്യേഷ്ഠനോ കാരണവരോ മകനോ ആയി കണക്കാക്കപ്പെടാന്‍ കഴിയുന്നത്ര ആത്മീയത അദ്ദേഹത്തിനുണ്ടായി. കുടുംബപ്രശ്നങ്ങള്‍, വിവാഹക്കാര്യം, ജോലിക്കാര്യം തുടങ്ങി സകല പ്രശ്നങ്ങളും ഉളളുതുറന്ന് പറയാവുന്ന ഉത്തമനായ മാര്‍ഗദര്‍ശിയായി അദ്ദേഹത്തെ സ്ത്രീ-പുരുഷ ഭേദമന്യേ ആബാലവൃദ്ധം പേര് ആദരിച്ചു. പതിനായിരക്കണക്കിനു സ്വയംസേവകര്‍ക്ക് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും അദ്ദേഹം ആദരണീയനായി. താന്‍ ഉദ്ദേശിച്ച കാര്യം ഉദ്ദേശിച്ച രീതിയില്‍ സാധിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി നല്കപ്പെട്ടിരുന്ന എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍ മൈതാനം സംഘപരിപാടിക്ക് ലഭ്യമായത് അദ്ദേഹത്തിന്റെ സമ്പര്‍ക്കശേഷി മൂലമായിരുന്നു.
ഒരിക്കലും പൊതുപ്രഭാഷണത്തിന് തയ്യാറായിട്ടില്ലാത്ത ഭാസ്കര്‍റാവു സ്വകാര്യ സംഭാഷണത്തില്‍ അതീവ തത്പരനും സംഭാഷണ ചതുരനുമായിരുന്നു.അദ്ദേഹത്തിന്റെ വായന ആഴവും പരപ്പും ഉളളതായതിനാല്‍ ഏതു കാര്യത്തെപ്പറ്റിയും നമുക്ക് ചോദിച്ചു മനസിലാക്കാന്‍ കഴിയുമായിരുന്നു.
1948 ലും 1975 ലും ഉണ്ടായ സംഘ നിരോധനക്കാലത്ത് സംഘപ്രസ്ഥാനം അനീതിക്കെതിരായി നടത്തിയ പ്രക്ഷോഭത്തിന്റെ കേരളത്തിലെ സൂത്രധാരനായി ഭാസ്കര്‍റാവു പ്രവര്‍ത്തിച്ചു. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്ത് ഔചിത്യപൂര്‍വം കേരളം മുഴുവന്‍ മാത്രമല്ല ഭാരതമെമ്പാടും ഭാസ്കര്‍റാവു സഞ്ചരിച്ചു. ഒരു സാധാരണ മലയാളിയുടെ വേഷവും അനായാസമായ സംഭാഷണരീതിയും നിലനിറുത്തിക്കൊണ്ടു തന്നെ അദ്ദേഹം ബസ്സിലും തീവണ്ടിയിലും കാല്‍നടയായും എല്ലാ സ്ഥലങ്ങളിലും എത്തി.
അടിയന്തരാവസ്ഥയ്ക്കു ശേഷമുളള കാലത്ത് അനാരോഗ്യം രൂക്ഷമായി. മുബൈയില്‍ വച്ച് ഹൃദയശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. പിന്നീട് അദ്ദേഹത്തിന് കഠിനാദ്ധ്വാനമില്ലാത്ത ചുമതല നല്കാന് സംഘം തീരുമാനിക്കുകയും വനവാസികല്യാണാശ്രമത്തിന്റെ മുംബൈ ആസ്ഥാനത്തെ സമ്പര്ക്കചുമതല നല്കപ്പെടുകയും ചെയ്തു. അവിടെ അദ്ദേഹം ഭാസ്കരന് എന്ന പേരും കേരളീയന് എന്ന ഭാവവും കൈവിട്ടില്ല. ക്രമേണ സകലരെയും വിസ്മയിപ്പിച്ചുകൊണ്ട് അന്തമാന്‍ നിക്കോബാര്‍ അടക്കം ഭാരതത്തിലങ്ങോളമിങ്ങോളം അധിവസിക്കുന്ന വനവാസികളുടെ ആത്മാഭിമാനം ഉയര്‍ത്തി ഉത്കൃഷ്ടമായ സാംസ്ക്കാരിക പാരമ്പര്യത്തിന് തങ്ങളും മേറ്റ്ല്ലാവരെയും പോലെ അധികാരികളാണെന്ന ആത്മവിശ്വാസം ഉണര്‍ത്താന്‍ മുന്നിട്ടിറങ്ങി. നൂറുകണക്കിനു മുഴുസമയ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തിനു മുന്നോട്ടു വരാന്‍ അദ്ദേഹം പ്രേരണ നല്കി. വിദ്യഭ്യാസരംഗത്തും കായികരംഗത്തും സാംസ്ക്കാരികരംഗത്തും ഭരണരംഗത്തും ആരോഗ്യരക്ഷാമേഖലയിലുമൊക്കെ നൂതനമായ ആശയങ്ങള്‍ ഉള്‍ക്കൊളളുന്ന നിരവധി സംരംഭങ്ങള്‍ക്ക് ഭാസ്കര്‍റാവു പ്രേരണ നല്കി. ഭാരത സംസ്ക്കാര ഗംഗയെ ധരാതലത്തിലേക്കു കൊണ്ടുവന്ന ഭഗീരഥനെപ്പോലെയോ കേരളത്തെ വീണ്ടെടുത്ത പരശുരാമനെപ്പോലെയോ ഭാസ്കര്‍റാവു കരുതപ്പെടണം.
ശാരീരികമായി തീരെ അവശനായപ്പോള്‍ അദ്ദേഹത്തിന്റെ അന്തിമ അഭിലാഷം കേരളത്തില്‍ അന്ത്യശ്വാസം കഴിക്കണമെന്നായിരുന്നു.
സ്വന്തമായി ഒരു ഭൗതികനേട്ടവും ആഗ്രഹിക്കാത്ത തികച്ചും ജീവന്മുക്തി അനുഭവിച്ച ഭാസ്ക്കര്‍റാവു കേരളത്തിലെ ഹൈന്ദവസമൂഹത്തിന് വേണ്ടി തന്റെ സ്നേഹം കൊണ്ട് സമ്പാദിച്ച ഭൗതിക കേന്ദ്രമാണ് എളമക്കരയിലെ സ്ഥലവും മാധവനിവാസും സമീപത്തുതന്നെ മാധ്യമകേന്ദ്രമായ ജന്മഭൂമിയും വിദ്യാകേന്ദ്രമായ സരസ്വതി വിദ്യാലയ സമുച്ചയവും. ഒരു കി.മീ അകലെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനവും പാവക്കുളം മഹാദേവ ക്ഷേത്രവുമുണ്ട്്. കുരുക്ഷേത്ര പ്രകാശന് എന്ന പ്രസിദ്ധീകരണ സ്ഥാപനവും അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തില്‍ നിന്നും രൂപം കൊണ്ടവയാണെന്നു പറയാം.
ബൃഹത്തായ ഈ സംരംഭങ്ങള്‍ക്കൊക്കെ നിരവധി കാര്യക്രമങ്ങള്ക്കായി ഇതുവരെ ഒരു പൊതു സ്ഥലമില്ലായെന്നത് വസ്തുത മാത്രമാകുന്നു. ഭാസ്കര്റാവുവില്നിന്ന് പ്രചോദനവും മാര്‍ഗദര്‍ശനവും ലഭിച്ച മുതിര്‍ന്ന പ്രചാരകനായ മോഹന്ജിയെപ്പോലുളള എത്രയോ പേരുടെ ആത്മാര്‍ത്ഥവും അപ്രകീര്ത്തികരവുമായ തീവ്രപ്രയത്നത്തിന്റെ ഭൗതികാവിഷ്കരണമായി നമുക്ക് ഭാസ്കരീയം എന്ന സഭാഗൃഹ സാകല്യത്തെ കാണാം. അതിന്റെ സമുദ്ഘാടന മഹോത്സവത്തില്‍ പങ്കെടുത്ത ഭാഗ്യം ഈ ലേഖകനും സിദ്ധിച്ചു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: