ഇടയ്ക്കൊക്കെ ആന്റണിച്ചായന് ശരിയായ നിലപാടുണ്ട്. ഒരു മന്ത്രിയുടെ വീട്ടുകാര്യം സമൂഹത്തിന്റെ മുന്നിലിട്ട് അലക്കിവെളുപ്പിക്കാന്‍ ഇക്കാണായ മാധ്യമങ്ങളും അവരുടെ മൂത്താശാന്മാരും ഇറങ്ങിപ്പുറപ്പെട്ടതിന്റെ വിങ്ങല്‍ ഒരുവിധം കെട്ടടങ്ങിയിരിക്കുകയാണ്. ഞാനോ നീയോ എന്ന തരത്തില്‍ കാര്യങ്ങള്‍ തകര്‍പ്പനായി മുന്നേറുന്ന അവസരത്തിലാണ് ഈ ആഘോഷത്തിലൊന്നും എനിക്ക് താല്‍പ്പര്യമില്ല എന്ന് നമ്മുടെ അന്തോണിച്ചായന് പറഞ്ഞത്. കാര്യവിവരമുള്ള എല്ലാവരും അങ്ങനെയേ പറയൂ. നേരത്തെ, രാഷ്ട്രീയത്തില്‍ കൊടികുത്തി വാഴുന്നതിനുമുമ്പ് ഇന്ദിരയുടെ പ്രിയപുത്രന് ചെയ്തുകൂട്ടുന്നതൊക്കെ ശരിയോ എന്ന് ചോദിച്ചുകൊണ്ട് ടിയാന് അസം എഐസിസി സമ്മേളനത്തില്‍ ചലനം സൃഷ്ടിച്ചിരുന്നു. അന്ന് അച്ചായനെ പിന്തുണയ്ക്കാന്‍ പ്രിയരഞ്ജന്‍ദാസ് മുന്ഷിയദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. സത്യത്തിനുനേരെ നില്‍ക്കണമെന്ന ചെറിയൊരു താല്പ്പര്യമൊക്കെയുള്ളയാളാണ് അന്തോണിച്ചന് എന്നത് നമ്മുടെ അഭിമാനമാണ്. അത് ഏറെക്കാലം നിലനിന്നു കാണാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും ഗണേഷ്-യാമിനി പ്രശ്നത്തില്‍ പാല്‍പ്പായസം കുടിച്ചവരൊക്കെ കഷായം കുടിച്ച പരുവത്തിലായി; പ്രത്യേകിച്ചും ധാര്‍മികതയ്ക്ക് പുല്ലുവില കല്‍പ്പിക്കാത്ത മാധ്യമങ്ങള്‍. ഗണേഷിന്റെ പരാതി വള്ളിപുള്ളി വിസര്‍ഗം വിടാതെ കൊടുത്ത ഒരു പത്രത്തിന്റെ അജണ്ട എന്താണെന്ന് ആര്‍ക്കാണറിയാത്തത്.
ഉത്സവങ്ങളുടെ മാസ്മരികതയില്‍ ലയിച്ചുപോവുന്ന നമ്മുടെ മുമ്പിലേക്ക് അസ്ത്രമുനയുള്ള അക്ഷരങ്ങളുമായി എത്തുന്നു ആനന്ദ്. അദ്ദേഹം ഭാഷാപോഷിണി(ഏപ്രില്‍)യില്‍ എഴുതിയിരിക്കുന്ന അല്ലലേതുമറിയാതെ… എന്ന അഞ്ചരപ്പേജ് ലേഖനം ഒരു ഉമിത്തീയാണ്. അത് നീറിക്കൊണ്ടേയിരിക്കും. ഇന്നത്തെ ഇന്ത്യയിലെ എത്രയോതലങ്ങളില്‍ നടക്കുന്ന കാപട്യോത്സവങ്ങളെക്കുറിച്ചാണ് ആനന്ദ് പറയുന്നത്. പട്ടാളത്തെ സ്വതന്ത്രമാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അനുഭവത്തിന്റെ തീക്ഷ്ണത ചേര്‍ത്ത് അദ്ദേഹം പറയുന്നു.
ജനാധിപത്യഭരണകൂടത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ പേടിപ്പിക്കുന്ന വെടുയുണ്ടകളായി നമ്മെ തേടി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇതാ നോക്കൂ: സൈനികഭരണം വഴി ജനതയുടെ വിശ്വാസം ആര്‍ജിക്കുവാന്‍ കഴിയില്ലെന്ന വസ്തുത ഭരണകൂടം എന്നെങ്കിലും മനസ്സിലാക്കുമോ ആവോ? അത് സമസ്ത ജനതയെയും സംശയത്തിന്റെ മുനയിലാക്കുന്നു. ദുര്‍ബലര്‍, വിശേഷിച്ചും സ്ത്രീകള്‍ ആയിത്തീരുന്നു ചൂഷണത്തിന്റെ ഇരകള്‍ ഇരുവശത്തുനിന്നും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ പോകട്ടെ, സാമൂഹ്യ പ്രവര്‍ത്തനം തന്നെ അസാധ്യവും അപകടകരവും ആയിത്തീരുന്നു ഈ പ്രദേശങ്ങളില്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആദിവാസിമേഖലകളിലും സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ആനന്ദ് ഓട്ടപ്രദക്ഷിണം നടത്തുന്നത്. ഉത്സവങ്ങളുടെ വര്‍ണപ്പൊലിമയില്‍ അനീതിയും അക്രമവും ചൂഷണവും ക്രൂരതയും അനീതിയും ആരും കാണാതെ പോവുകയാണ്. ആരുടെയും മനസ്സാക്ഷിയെ അലട്ടാത്ത, നന്മകള് വിളയാടുന്ന, ശാന്തിയും സമാധാനവും വാഴുന്ന ലോകത്തെ കാണിക്കുക. അല്ലലേതും കാണാതെ, അല്ലലേതുമറിയാതെ… അത്തരം ഒരു ലോകത്ത് നമുക്ക് ആഹ്ലാദിച്ച് കഴിയാം, എന്താ പോരെ?
ആനന്ദില്‍ നിന്ന് വായിച്ചു തുടങ്ങിയവര്‍ക്ക് ഒരു പെണ്‍കുട്ടിയുടെ കണ്ണീരില്‍ വായന അവസാനിപ്പിക്കണമെന്ന് തോന്നുകയാണെങ്കില്‍ ഗുല്‍സാറിന്റെ റേപ് മാര്‍ക്കറ്റിലൂടെ കണ്ണോടിച്ചാല്‍ മതി. നഗരത്തിന്റെ രാക്ഷസീയത നിയമപാലകര്‍ എത്ര മനോഹരമായി ഉപയോഗപ്പെടുത്തുന്നു എന്ന് അനുഭവിക്കാന്‍ കഴിയും. അത് വായിച്ചുപോകെ ദല്‍ഹിയില്‍ പിടഞ്ഞുവീണ പെണ്‍കുട്ടി ഇടയ്ക്കിടെ നിങ്ങളുടെ കരളിന്റെ പടിവാതില്‍ക്കലെത്തും; അവഗണിക്കരുത്. ഡോ. ഷണ്മുഖന് പുലാപ്പറ്റ മനോഹരമായി കഥ മൊഴിമാറ്റിയിരിക്കുന്നു.
അകലങ്ങളൊക്കെയും കീഴടക്കാന്‍ വെമ്പുന്ന ആധുനിക നരവര്‍ഗ തൃഷ്ണയുടെ വഴിയിറമ്പില്‍ നിന്ന്, ദൈവം കൈയൊപ്പിട്ട് ഭൂമിയിലേക്കയച്ച കവി ബാലചന്ദ്രന് ചുള്ളിക്കാട് പറയുന്നു തനിക്ക് ഒരു തരത്തിലുമുള്ള അതിമോഹമില്ലെന്ന്. അകലങ്ങള്‍ കീഴടക്കുക എന്നത് തന്റെ അതിമോഹമല്ല. പക്ഷേ, കാത്തുനില്‍ക്കുകയാണ്. അപരാധമൊന്നും ചെയ്യാതെ വെടിയേറ്റുവീണ ബാലകന്റെ അടയാത്ത കണ്ണിനൊരുത്തരം കിട്ടുമെന്ന പ്രതീക്ഷയില്‍. അഗ്നി പടര്‍ത്തുന്ന അക്ഷരങ്ങളുടെ ആയിരം കോടി സൂര്യപ്രഭ നിങ്ങള്ക്കനുഭവിക്കണമെന്നുണ്ടെങ്കില് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഏപ്രില്‍ 14-20) ബാലചന്ദ്രന് എഴുതിയ 20 വരി കവിത വായിക്കുക. എന്തിനൊക്കെയോ കാത്തുനില്ക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണ് ബാലന്റെ കാത്തുനില്‍പ്പ്. അതില്‍ രോഷമുണ്ടാവാം, കാരുണ്യമുണ്ടാവാം, അനുതാപമുണ്ടാവാം, മാനവികതയും.
കവിതയിലെ കാമനയും കൗതുകവും കാരുണ്യവും നമ്മെ അനുഭവിപ്പിച്ച കുറിയ കവിയായിരുന്നു കുഞ്ഞുണ്ണി മാഷ്. കുഞ്ഞ് കുഞ്ഞ് അനുഭവങ്ങളില്‍ ഒളിപ്പിച്ചുവെച്ച വിശ്വവിസ്മയങ്ങള്‍ ഇന്നും സഹൃദയരെ അമ്പരപ്പിക്കുകയാണ്. ആ അമ്പരപ്പിന്റെ ഉള്ളറകളിലൂടെ ഊഞ്ഞാലാടുന്നു കവിയപ്പൂപ്പനിലൂടെ താഹ മാടായി. കുട്ടിക്കാലത്തെ സ്കൂള്‍ ജീവിതം ഉത്സവമാക്കിയിരുന്ന അനുഭവങ്ങളിലൂടെ കുഞ്ഞുണ്ണിമാഷ് എന്ന കവിയപ്പൂപ്പനെ ഓര്‍മ്മിക്കുന്നു ഇതില്‍. മലയാളം വാരിക (ഏപ്രില്‍ 12)യില്‍ മൂന്നു പേജ് നീളുന്ന കുറിപ്പ്. മലയാള ഭാഷയെ പഠാവലിയില്‍ നിന്ന് മോചിപ്പിച്ച കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്. കുട്ടിക്കും ഭാഷയ്ക്കുമിടയില്‍ പാലം തീര്‍ത്ത കവിയപ്പൂപ്പന്. പൈതൃകത്തെ തൊടുക എന്നാല്‍ നമ്മുടെ ഭാഷയെ തൊടുക എന്നാണര്‍ത്ഥമെന്ന് ഈ കവി നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ആ ഓര്‍മ്മ തന്നെ എത്ര സുന്ദരം.
വഷളത്തത്തിലൂടെ അക്ഷരം കൈകാര്യം ചെയ്താല്‍ ഫലം എന്ത്? അത് മാധ്യമത്തിന്റെ (ഏപ്രില്‍ 15) തുടക്കം ആവും എന്ന് മനുഷ്യജാതിയില്പ്പെട്ടവര് പറയും. നരേന്ദ്രമോദിയെന്ന മനുഷ്യന്റെ ചോരയ്ക്കു ദാഹിച്ചിരിക്കുന്ന വിദ്വാന്മാര്ക്ക് ആളും അര്‍ത്ഥവും കൊടുക്കാന്‍ ദത്തശ്രദ്ധരായ സംഘാതത്തിന്റെ വിഭവങ്ങളാല്‍ സമ്പന്നമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ അനുഗ്രഹത്തിന്റെ കൈകളില്‍ കഠാരികള്‍ എന്ന സാധനം എന്തിനു വേണ്ടിയാണെന്ന് വ്യക്തം. തങ്ങള്‍ പറഞ്ഞത് ശരിവെക്കാനെന്ന പേരില്‍ ഫായിസ് സുയാഗിന്റെ ഒരു കവിത വഴി ആപ്പും അടിച്ചു കേറ്റിയിരിക്കുന്നു. ഏതായാലും മൊഴി മാറ്റി കുറേ കോപ്പി ഗുജറാത്തിലേക്കും അയക്കാമായിരുന്നു.
തുടക്കക്കാരനില്‍ നിന്ന് ബാറ്റണ്‍ ഏറ്റെടുത്തുകൊണ്ട് ഓടുന്നത് നമ്മുടെ മീഡിയാസ്കാനറാണ്. യാസീന്‍ അശ്റഫ് എന്ന വിദ്വാന് നരേന്ദ്രമോദിയെ തല്ലാന്‍ മറ്റൊരു വടിയാണ് വെട്ടുന്നത്. മാധ്യമങ്ങള്‍ വഴി മോദി തന്ത്രം മെനയുകയാണത്രെ. തലക്കെട്ട് ഇങ്ങനെ: രക്ഷകനെ നിര്‍മ്മിക്കുന്നതിങ്ങനെ. വെള്ളിമാടുകുന്നില്‍ നിന്നുള്ള വടികൊണ്ടൊന്നും രക്ഷകിട്ടുമെന്ന് തോന്നുന്നില്ല ഇക്കാ. ഇടയ്ക്കൊക്കെ നല്ല മനസ്സോടെ ശാന്തനായിരിക്കുക. ചിലപ്പോള്‍ ഗുണമുണ്ടാവും.
വരയുടെ ചക്രവര്‍ത്തി എന്നു വിളിച്ചാലും പിന്നെയും എന്തോ ബാക്കി കിടക്കുന്ന ഒരവസ്ഥയെ എന്ത് പേരിട്ട് വിളിക്കും. അഥവാ കഴിഞ്ഞാല്‍ നമുക്ക് ക്ലിന്റ് എന്നു വിളിക്കാം. അതെ, എഡ്മണ്ട് തോമസ് ക്ലിന്റ്. 2541 ദിവസങ്ങള്‍ മാത്രം ജീവിച്ച് ഇരുപത്തയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച അത്ഭുത പ്രതിഭ. കരളില്‍ കണ്ണീരിന്റെ തോരാമഴ പെയ്യിക്കുന്ന അനുസ്മരണക്കുറിപ്പ് ദേശാഭിമാനി വാരാന്തപ്പതിപ്പി(ഏപ്രില്‍ 7)ല്‍. അബുരാജാണ് ലേഖകന്‍. അറിയാതെ കണ്ണുനിറഞ്ഞുപോകും, വായിച്ചാല്‍. അതുകൊണ്ടുതന്നെ വായിക്കണം. ക്ലിന്റ് എന്ന അമാനുഷിക പ്രതിഭ അവശേഷിപ്പിച്ചുപോയ സംസ്കാരം എന്തെന്ന് മനസ്സിലാക്കണം. മാഞ്ഞിട്ടും മായാത്ത മഴവില്ലായി അതില്‍ ക്ലിന്റ് നിറഞ്ഞുനില്ക്കുന്നു.
തൊട്ടുകൂട്ടാന്‍
അറിയാതൊന്നു കിതച്ചാല്‍
ചിന്തകളുടെ വലക്കണ്ണികളില്‍
അമര്‍ന്നുപോകുന്നത്
പതിയെയൊന്നിടറിയാല്
ലക്ഷ്യമറ്റൊരമ്പിനാല്
തുളച്ചൊടുങ്ങുന്നത്.
ക്ഷേമ കെ. തോമസ്
കവിത: മനസ്സ്
ഭാഷാപോഷിണി (ഏപ്രില്‍)
ദ ഹിന്ദു ഏപ്രില്‍ 9ന് പ്രസിദ്ധീകരിച്ചത്
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: