കൊച്ചി: വിജയകരമായ മുപ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് കേരളാ പോലീസിന്റെ സ്വന്തം ‘കൊറിയര്‍’ സര്‍വീസ്. സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകളില്‍ പോലീസിന് മാത്രമേ ഇത്തരമൊരു പ്രത്യേക സേവനവിഭാഗമുള്ളൂ. തെക്ക് പോലീസ് ആസ്ഥാനം മുതല്‍ വടക്കോട്ടും വടക്കുനിന്നും തെക്കോട്ടും കത്തുകളും ഉരുപ്പടികളും എത്തിക്കുന്നത് ഈ സംവിധാനം വഴിയാണ്. 1984 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഈ തപാല്‍ സര്‍വീസ് ഇപ്പോള്‍ ഇരുപത്തൊന്പതാണ്ടുകള് പിന്നിട്ടിരിക്കുകയാണ്.
റെയില്‍വേ പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന ഒരു സിവില്‍ പോലീസ് ഓഫീസറും സഹായിയുമാണ് ഈ സന്ദേശവാഹകര്‍. തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് ട്രെയിനിലാണ് ഇവര്‍ തപാലുകളുമായി യാത്രചെയ്യുക. ഓരോ ജില്ലകള്‍ക്കുമുള്ള കത്തുകളും മറ്റും സ്റ്റേഷനുകളില്‍ കാത്തുനില്ക്കുന്ന കോണ്‍സ്റ്റബിളിന് കൈമാറും. അവരുടെ കൈവശമുള്ള ഉരുപ്പടികള്‍ ശേഖരിക്കുകയും ചെയ്യും. ഇതുപോലെതന്നെ വടക്ക് കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കും രണ്ടുപേര്‍ തപാലുകളുമായി യാത്രചെയ്യും.
ഉരുപ്പടികള്‍ തരംതിരിക്കുന്നതിനും മറ്റുമായി പ്രത്യേക കൊറിയര്‍ റൂമുകളും കേരളാ പോലീസിന്റേതായി എല്ലാ പ്രധാന റെയില്‍വേസ്റ്റേഷനുകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്വന്തം കൊറിയര്‍ സര്‍വീസ് ഏറെ ഫലപ്രദമായാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറയുന്നു. കൃത്യതയും കാര്യക്ഷമതയും പോലീസുകാര്‍ക്ക് ട്രെയിനുകളില്‍ ഡ്യൂട്ടിപാസ് ഉപയോഗിച്ച് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളതിനാല്‍ ഈ സംവിധാനം ഏറെ ചെലവുകുറഞ്ഞതുകൂടിയാണെന്ന് പോലീസ് പറയുന്നു.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: