പത്തനംതിട്ട: ജനകീയനായ പത്തനംതിട്ട ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രനെ സ്ഥലം മാറ്റുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വ്യാപകമായ പ്രതിഷേധം. ജില്ലയില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കളക്ടറെ മാറ്റുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സ്ഥാനമേറ്റ് ഏഴുമാസം പൂര്‍ത്തിയാക്കും മുമ്പാണ് കളക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ കളക്ടറായി എത്തുന്നവര്‍ക്ക് ഏറെക്കാലം ഇവിടെ പിടിച്ചുനില്ക്കാന് കഴിയാറില്ല. ജില്ല രൂപീകൃതമായ ശേഷമുള്ള ചുരുങ്ങിയ കാലംകൊണ്ട് 28 കളക്ടര്‍മാരാണ് ഇവിടെ വന്നുപോയത്. ഇവരില്‍ നിര്‍ബന്ധിത സ്ഥലംമാറ്റത്തിന് തയ്യാറാകേണ്ടിവന്നവരാണ് ഭൂരിപക്ഷവും. മുന്‍ കളക്ടര്‍മാരായിരുന്ന ടി.ടി.ആന്റണി, പി.വേണുഗോപാല്‍ എന്നിവര്‍ ഇങ്ങനെ സ്ഥലംമാറ്റത്തിന് ഇരയായവരാണ്.
ജില്ലയില്‍ വിവാദമായിരിക്കുന്ന ആറന്മുള വിമാനത്താവള നിര്‍മാണം, തിരുവാഭരണപ്പാത കൈയേറ്റം ഒഴിപ്പിക്കല്‍, ചെമ്പന്മുടി, കലഞ്ഞൂര്‍, കന്നിമല, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെയുള്ള സമരങ്ങള്‍ എന്നീപ്രശ്നങ്ങളില് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി കളക്ടര്‍ നടപടി സ്വീകരിച്ചിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയിലേക്ക് അനധികൃതമായി കെ ജി എസ് ഗ്രൂപ്പ് ഭൂമി സ്വന്തമാക്കിയ സംഭവത്തില്‍ ഈ വസ്തുക്കളുടെ പോക്കുവരവ് റദ്ദുചെയ്യുവാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനിനടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് ജില്ലയിലെ ജനപ്രതിനിധികളെ ചൊടിപ്പിച്ചിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലധികം ഭൂമി കൈവശം വച്ചതിന് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
ശബരിമല തിരുവാഭരണപ്പാതയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടികളെടുത്ത ആളായിരുന്നു വി.എന്‍. ജിതേന്ദ്രന്. 1972 മുതല്‍ ഹിന്ദുസംഘടനകള്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പി.ടി ആന്റണി ജില്ലാ കളക്ടറായിരിക്കുമ്പോഴാണ് 2009 ല്‍ പാതയിലെ അനധികൃത കൈയേറ്റം കണ്ടുപിടിക്കുവാന്‍ ഉത്തരവായത്. പക്ഷേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴേക്കും കൈയേറ്റക്കാരുടെ സമ്മര്‍ദ്ദഫലമായി ആന്റണിയെ സ്ഥലംമാറ്റി. പിന്നീട് വന്ന കളക്ടര്‍ പി.വേണുഗോപാല്‍ കണ്ടെത്തിയ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഉടന്‍തന്നെ അദ്ദേഹത്തിനും സ്ഥലംമാറ്റം വാങ്ങേണ്ടിവന്നു. വി.എന്‍.ജിതേന്ദ്രന് കളക്ടറായി ചുമതലയേറ്റ ശേഷമാണ് കൈയേറ്റഭൂമി ഒഴിപ്പിക്കുവാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ തുടങ്ങിയത്. റാന്നി വില്ലേജില്‍ രാമപുരം ദേവസ്വംവക കൈയേറിയ 108 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്നലെ ആരംഭിച്ചിരുന്നു. കൈയേറ്റക്കാരുടെ സമ്മര്‍ദ്ദവും കളക്ടറുടെ സ്ഥലംമാറ്റത്തിന് പിന്നിലുണ്ട്. ചെമ്പന്മുടി പ്രദേശത്തെ ജനങ്ങള്‍ നടത്തിവരുന്ന സമരം ശക്തമായപ്പോള്‍ ഈ വിഷയം മന്ത്രി അടൂര്‍പ്രകാശിന്റെ ശ്രദ്ധയില്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വികസന കാഴ്ചപ്പാടുണ്ടാകണമെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ കളക്ടര്‍ ജിതേന്ദ്രന് പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഈ മേഖലയിലെ കനത്ത ആരോഗ്യപ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിസ്ഥിതി പഠനത്തിനും ഭൂമിയുടെ നിയമസാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനും പഠനസംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിലേക്ക് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയില്‍ വ്യാപകമായി നടത്തിവരുന്ന പാറമടകളേറെയും അനധികൃതമായി കൈയടക്കിയ ഭൂമികളിലാണ് നടന്നുവരുന്നത്. ഇത്തരത്തില്‍ പഠനമുണ്ടായാല് ഉന്നതസ്വാധീനമുള്ള വമ്പന്മാരുടെ കച്ചവട താത്പര്യത്തിന് കോട്ടം തട്ടുമെന്നുള്ളതിനാല് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വന്‍കിട മുതലാളിമാരുടെ സമ്മര്ദ്ദത്തിരയാകേണ്ടിവന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിയും എംപിയും ചില എംഎല്‍എമാരുമാണ് കളക്ടറെ നീക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അറിയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: