ന്യൂകാമ്പ് : കളിതുടങ്ങി ഒരു മണിക്കൂറിന് ശേഷം ഫാബ്രിഗാസിനെ പിന്‍വലിച്ച് സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കോച്ച് വിലാനോ കളത്തിലിറക്കുമ്പോള്‍ ബാഴ്സലോണ പുറത്താകല്‍ ഭീഷണിയിലായിരുന്നു . ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബാഴ്സലോണ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മനി (പി.എസ്.ജി)യോട് ഒരു ഗോളിനു പിന്നില്‍.
പക്ഷേ 62-ാം മിനിറ്റില്‍ മെസ്സി ഇറങ്ങിയതോടെ ബാഴ്സലോണ ഉണര്‍ന്നു. മെസ്സിയെത്തി 9-ാം മിനിറ്റില്‍ സമനില ഗോള്‍. മെസ്സിയില്നിന്നുകിട്ടിയ പാസ് ഡേവിഡ് വിയ്യയുടെ കാലില്‍. വിയ്യ പന്ത് പെഡ്രോക്ക് മറിച്ചു. 18 വാര അകലെ നിന്നുള്ള പെഡ്രോയുടെ അടി വലകിലുക്കി.ബാഴ്സയ്ക്ക് വേണ്ടി സമനില ഗോള്‍ . രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയില്‍ കളി അവസാനിച്ചു.ആദ്യപാദത്തില്‍ പാരീസില്‍ പിഎസ്ജിയുടെ മൈതാനത്ത് ഇരുടീമുകളും സമനിലയില്‍(2-2) പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 3-3 തുല്യത പാലിച്ചെങ്കിലും ആദ്യപാദത്തില്‍ നേടിയ രണ്ട് എവേ ഗോളുകളാണ് ബാഴ്സയ്ക്ക് തുണയായത്. രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമാണെങ്കില്‍ എതിര് ടീമിന്റെ മൈതാനത്ത് കൂടുതല്‍ ഗോള്‍ നേടിയവരെ വിജയിയാക്കുന്നതാണ് എവേ ഗോള്‍ നിയമം.
ബാഴ്സയുടെ തുടര്‍ച്ചയായ ആറാം ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനമാണിത്. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം നാട്ടില്‍ പരാജയമറിയാതെ 21 മത്സരങ്ങളെന്ന റെക്കോര്‍ഡും ഇതോടെ ബാഴ്സ സ്വന്തമാക്കി. 2009ല്‍ എഫ്സി റൂബിന് കസാനെതിരെയായിരുന്നു സ്വന്തം നാട്ടിലെ ബാഴ്സയുടെ അവസാന ചാമ്പ്യന്‍സ് ലീഗ് തോല്‍വി.
സ്വന്തം തട്ടകത്തില്‍ വിജയലക്ഷ്യത്തോടെ ഇറങ്ങിയ ബാഴ്സക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. സൂപ്പര്‍താരം ലയണല്‍ മെസ്സി പേശിവലിവ് മൂലം ആദ്യ പകുതിയില്‍ കളിക്കാതിരുന്ന മത്സരത്തില്‍ ചാമ്പ്യന്മാര് തോറ്റുപുറത്താകുമോ എന്നതോന്നല്‍ ഉണ്ടായി.. മികച്ച ഫോമില്‍ കളിച്ച ഫ്രഞ്ച് ടീമായ പിഎസ്ജി 50ാം മിനിട്ടില്‍ ജാവിയര്‍ പാസ്റ്റോറയുടെ ഗോളിലൂടെ മുന്നിലെത്തി. മെസിയില്ലാതെ ഗോളിലേക്ക് വഴിയറയാതെ ഉഴറിയ ബാഴ്സയ്ക്ക് രക്ഷകനായി 62ാം മിനിട്ടില്‍ മെസി കളത്തിലറങ്ങി. ഒപ്പം സെമി സ്ഥാനവും.
അതേസമയം ഇറ്റാലിയന്‍ ക്ലബായ ജുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും അവസാന നാലില്‍ ഇടംപിടിച്ചത്. മാണ്ട്സുകിക്കും ക്ലൗഡിയോ പിസാറോയുമായിരുന്നു ബയേണിന്റെ സ്കോറര്‍മാര്‍.കളം നിറഞ്ഞു കളിച്ച ആര്യന് റോബിനും ഫ്രാങ്ക് റിബറിയുമാണ് ബയേണിന്റെ വിജയ ശില്‍പ്പികള്‍.
മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ബയേണിന്റെ ഇരു ഗോളുകളും. 64-ാം മിനിറ്റില്‍ മാന്ഡ്സുകികാണ് ബയേണിന്റെ ആദ്യ ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ സെക്കന്റുകള്‍ ശേഷിക്കെ ക്ലൗഡിയോ പിസാരോയുടെ ഗോളിലൂടെ ബയേണ്‍ ജയം ആധികാരികമാക്കി. ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ജുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ പരാജയപ്പെടുത്തിയിരുന്നു.
സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡും ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്ട്മണ്ടും സെമിയിലെത്തിയിട്ടുണ്ട്.
രണ്ട് പാദ മത്സരങ്ങളായാണ് സെമിയും. എപ്രില്‍ 23,24,30 മെയ് 1 തീയതികളീലാണ് സെമിഫൈനലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: