കോഴിക്കോട്: മുപ്പത് വര്‍ഷം മുമ്പ് 33 ദിവസം കൊണ്ട് കേരളം നടന്നുതീര്‍ത്ത രാഷ്ട്രീയപദയാത്രയിലെ പങ്കാളികള്‍ കോഴിക്കോട്ട് ഒത്തുചേര്‍ന്നു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരംവരെ കേരള ഡയാലിസസ് എന്നപേരില്‍ അന്നത്തെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന സി.എം. കൃഷ്ണനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയിലെ ആദ്യവസാനക്കാരും ഭാഗികമായി പങ്കെടുത്തവരുമാണ് ഇന്നലെ കോഴിക്കോട് അളകാപുരിയില്‍ ഒത്തുചേര്‍ന്നത്.
ടി.പി. പദ്മനാഭന്, സി. ജയചന്ദ്രന്, പി.കെ.അജിത് കുമാര്‍, രവികുമാര്‍ എന്നിവരാണ് ജാഥാലീഡര്‍ കൂടാതെ പദയാത്രയില്‍ പൂര്‍ണമായും പങ്കെടുത്തവര്‍. 1983 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 23 വരെ 900 കിലോമീറ്റര്‍ താണ്ടിയ പദയാത്രയില്‍ വിവിധ ജില്ലകളില്‍ നിന്നായി ഭാഗികമായി പങ്കെടുത്തവരും യോഗത്തില്‍ പങ്കെടുത്തു. ഇതില്‍ രവികുമാര്‍, അഡ്വ.വി.കെ. ജയദേവന്, ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന അഡ്വക്കറ്റ് ഹരികുമാര്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന രാജമന്ദിരം സനല്‍കുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന വിശ്വനാഥന്,വയനാട് ജില്ലാ പ്രസിഡന്റ് വി.കെ. കേശവദാസ്, അഡ്വക്കറ്റ് ബി.കെ. ശേഖര്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.
ബിജെപി രൂപീകരിച്ച കാലഘട്ടത്തില്‍ നടന്ന പദയാത്രയ്ക്കിടയില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളുടെ സ്മരണകള്‍ നിറഞ്ഞ അനുഭവവിവരണങ്ങള്‍ 80കളുടെ തുടക്കത്തി ല്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സംഘടനാ ദുര്‍ബലത വിളിച്ചോതുന്നതായിരുന്നു. കോട്ടയം ജില്ലയില്‍ നിന്ന് കാലികള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന കഞ്ഞിവെള്ളം ചോദിച്ചുവാങ്ങി കുടിച്ചതുംകൊട്ടാരക്കരയില് സ്കൂള്‍ മുറ്റത്ത് കിടന്നതും ചടയമംഗലത്ത് കുളിക്കാന്‍ വെള്ളത്തിന് ശുപാര്‍ശകത്തുമായി പോയതും ജാഥാലീഡറായ സി.എം. കൃഷ്ണനുണ്ണി അനുസ്മരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു പി.എന്‍.സുകുമാരന്‍ നായരും ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന ലക്ഷ്മികുട്ടിടീച്ചറും എം. ദേവകിയമ്മയും അവരവരുടെ വീടുകളില്‍ പന്തലിട്ട് സദ്യയൊരുക്കി സ്വീകരിച്ചതിന്റെ സ്മരണകളും അദ്ദേഹം പങ്കുവച്ചു.
സി.എം. കൃഷ്ണനുണ്ണിയും തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ പൂര്ണദൂരവും പദയാത്രയില്‍ പങ്കുവഹിച്ച ടി.പി. പത്മനാഭന്,സി. ജയചന്ദ്രന്, പി.കെ. അജിത് കുമാര്‍, കെ.വി.എസ്.ഹരിദാസ്, അഡ്വ. വി.പി. വേണു എന്നിവര്‍ സ്വയം മാലയണിഞ്ഞ് തങ്ങളെ തന്നെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. മനസ്സാക്ഷിയനുസരിച്ച് പ്രവര്‍ത്തിച്ചതിന് സ്വയം അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഉള്ള പ്രസ്ഥാനങ്ങളും സമൂഹവും മാത്രമേ ആരോഗ്യകരങ്ങളാവുകയുള്ളൂ എന്ന സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ ഉയര്ത്തിക്കാട്ടപ്പെട്ടിരിക്കുന്നത്, സി.എം.കൃഷ്ണനുണ്ണി പറഞ്ഞു. എന്‍.പി. ശങ്കരന് കുട്ടി, പി.ജെ. തോമസ്, നെടുമ്പാശ്ശേരി രവി (എറണാകുളം) പാണ്ടിനാട് രാധാകൃഷ്ണന്, ടി.പി. പദ്മനാഭന്,ജനചന്ദ്രന് മാസ്റ്റര്‍ (മലപ്പുറം) എ. ദാമോദരന്‍ (കണ്ണൂര്‍), രാധാകൃഷ്ണന് (ആലപ്പുഴ) തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രവിതേലത്ത് എന്നിവര്‍ പങ്കെടുത്തു. അഡ്വ.വി.പി.വേണു സ്വാഗതവും പി.കെ. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: