കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം.അബ്ദുള്‍ റഷീദിനെതിരെ ജീവനക്കാരികള്‍ നല്കിയ പരാതിയില്‍ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നീക്കം പുറത്ത്. പരാതികള്‍ അന്വേഷിക്കുന്ന സമിതിയില്‍ അംഗമായ സാമൂഹിക പ്രവര്‍ത്തക ലീലാകുമാരിയമ്മയെ ഒഴിവാക്കിയാണ് അന്വേഷണം നടന്നത്. അന്വേഷണം പുരോഗമിക്കവെ സമിതിയില്‍ നിന്നും ലീലാകുമാരിയമ്മയെ പുറത്താക്കുകയും ചെയ്തു.
രജിസ്ട്രാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി രണ്ട് ജീവനക്കാരികളാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍വ്വകലാശാലകളില്‍ നിലവിലുള്ള യൂണിവേഴ്സിറ്റി കംപ്ലയിന്റ് കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്. ഏഴംഗങ്ങളുള്ള കമ്മറ്റിയില്‍ സാമൂഹികപ്രവര്‍ത്തകരുടെ പ്രതിനിധിയായിരുന്നു ലീലാകുമാരിയമ്മ. രജിസ്ട്രാര്‍ക്കെതിരെ ജനുവരി 24നാണ് ആദ്യപരാതി ലഭിക്കുന്നത്. രജിസ്ട്രാറുടെ പി എ ആയിരുന്ന യുവതിയായിരുന്നു പരാതിക്കാരി. സമിതിയില്‍ അംഗമായിരുന്ന ലീലാകുമാരിയമ്മയ്ക്ക് പരാതി സംബന്ധിച്ച് യാതൊരറിയിപ്പും സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ചില്ല. ഡോ.സ്വപ്നനായര്‍ ചെയര്‍പേഴ്സണായുള്ള സമിതി അന്വേഷണം നടത്തുമ്പോഴും ലീലാകുമാരിയമ്മ പുറത്തായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സമിതിയില്‍ നിന്നും പുറത്താക്കിയതായി സര്‍വ്വകലാശാല രേഖാമൂലം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 1ന് ഇതുസംബന്ധിച്ച രജിസ്ട്രാറുടെ കത്ത് അവര്‍ക്ക് ലഭിച്ചു. സമിതിയില്‍ അംഗമായിരുന്നിട്ടും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് പുറത്താക്കുകയും ചെയ്ത സര്‍വ്വകലാശാലയുടെ നടപടി ദുരൂഹതയുണര്‍ത്തുകയാണ്.
സര്‍വ്വകലാശാല നല്കിയ കത്തില്‍ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ലീലാകുമാരിയമ്മയ്ക്ക് പകരം ‘സ്വരാജ്’ സംഘടനയിലെ കെ.ചലനയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജെയിംസ് വിസമ്മതിച്ചു. ദേഹാസ്വാസ്ഥ്യം മൂലം സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി ലീലാകുമാരിയമ്മ സര്‍വ്വകലാശാലയ്ക്ക് കത്ത് നല്‍കിയിരുന്നുവെന്നും അതനുസരിച്ചാണ് നടപടിയെന്നും പിആര്‍ഒ ഗിരീഷ്കുമാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ വാദം ലീലാകുമാരിയമ്മ നിഷേധിക്കുന്നു. “സര്‍വ്വകലാശാലയെ രേഖാമൂലം അറിയിച്ചിട്ടില്ല, കത്തും നല്‍കിയിട്ടില്ല. ഒഴിവാക്കിയതിന്റെ കാരണമറിയില്ല. ഞാന്‍ പോരെന്ന് അവര്‍ക്ക് തോന്നിക്കാണും”- അവര്‍ പ്രതികരിച്ചു. ഇതിനുശേഷം മാര്‍ച്ച് 12നാണ് രണ്ടാമത്തെ പരാതി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുന്നത്.
രജിസ്ട്രാറെ സംരക്ഷിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ഭരണകക്ഷിയിലെ അംഗമായ ഒരുപാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് സര്‍വ്വകലാശാല കൂട്ടുനില്‍ക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുതിയ വിവരങ്ങള്‍. പരാതി അന്വേഷിക്കാതെ അവസാനിപ്പിക്കാനുള്ള അണിയറനീക്കങ്ങളാണ് നടന്നത്. വിഷയത്തില്‍ ലീലാകുമാരിയമ്മ ശക്തമായ നിലപാടെടുക്കുമെന്ന് അധികൃതര്‍ ഭയന്നിരുന്നു. പരാതി പിന്‍വലിക്കാന്‍ ജീവനക്കാരികളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദവുമുണ്ടായി. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജീവനക്കാരികള്‍ നിലപാട് കടുപ്പിച്ചതോടെയാണ് വൈകിയെങ്കിലും അന്വേഷണം ആരംഭിച്ചത്. ഇത്തരം പരാതികളില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശവുമുണ്ട്. അന്വേഷണത്തില്‍ പരാതി സത്യമെന്ന് ബോധ്യപ്പെടുകയും ചെയ്തു. ആദ്യപരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. കേന്ദ്രസര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ രാഷ്ട്രപതിയാണ് ഇനി ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത്. രജിസ്ട്രാര്‍ കുറ്റക്കാരനെന്ന് ആഭ്യന്തരഅന്വേഷണത്തില് വ്യക്തമായിട്ടും പരാതി പോലീസിന് കൈമാറാന്‍ സര്‍വ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: