ഡോര്‍ട്ട്മുണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് ടീം മലാഗയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മ്മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെമിയില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് നേടിയ അവിശ്വസനീയമായ രണ്ട് ഗോളുകളാണ് ബൊറൂസിയയെ സെമിയിലേക്ക് നയിച്ചത്. 82-ാം മിനിറ്റ്വരെ 2-1ന് മുന്നിട്ടുനിന്ന മലാഗക്കെതിരെ ഇഞ്ച്വറി സമയത്ത് റയസും ഫിലിപ്പെ സാന്റാനയും നേടിയ ഗോളുകളാണ് ബൊറൂസിയയെ അവസാന നാലില്‍ എത്തിച്ചത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെ സെമിയില്‍ പ്രവേശിച്ച ഏക ടീമും ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ്. 1999ന് ശേഷം ആദ്യമായാണ് ഒരു ടീം ഇഞ്ച്വറി സമയത്ത് രണ്ട് ഗോളുകള്‍ നേടുന്നത്.
ഡോര്‍ട്ട്മുണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മലാഗയാണ്. 25-ാം മിനിറ്റില്‍ ജോക്വിന്‍ നേടിയ ഗോളിലൂടെയാണ് മലാഗ മുന്നിലെത്തിയത്. 20വാര അകലെനിന്ന് ജോക്വിന്‍ ഉതിര്‍ത്ത ഉജ്ജ്വല ഷോട്ടാണ് ബൊറൂസിയ വലയില്‍ തളച്ചുകയറിയത്. എന്നാല്‍ 40-ാം മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബൊറൂസിയ സമനില പിടിച്ചു. ലെവന്‍ഡോവ്സ്കിയാണ് ബൊറൂസിയയുടെ സമനില ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1ന് സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താനായി ഇരുടീമുകളും മികച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ എലിസ്യൂവിലൂടെ മലാഗ വീണ്ടും മുന്നിലെത്തി. പിന്നീട് ഗോള്‍ മടക്കാനായി ബൊറൂസിയ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മലാഗ വിജയം ഉറപ്പാക്കിയിരിക്കെയാണ് ഇഞ്ച്വറി സമയത്ത് രണ്ട് ഗോളുകള്‍ പിറന്നത്. റയസും ഫിലിപ്പെ സാന്റാനയുമാണ് ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഗോളുകള്‍ നേടി മലാഗയുടെ സെമിഫൈനല്‍ സ്വപ്നം തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: