കണ്ണൂര്‍: അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് അകലുകയാണ്. ഘടകകക്ഷികളും കോണ്‍ഗ്രസിനെ കൈവിടുകയാണ്. ഇന്ത്യയില്‍ ഏത് അഴിമതി നടന്നാലും അത് ചെന്നെത്തുന്നത് ഒരു കുടുംബത്തിലാണ്. ആകാശത്തിലും ഭൂമിയിലും പാതാളത്തിലും എവിടെ അഴിമതി നടന്നാലും ഇന്ദിരാഗാന്ധി കുടുംബത്തിന് പങ്കുണ്ട്.
മൂന്നാം മുന്നണി അപ്രസക്തമാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് 2013ല്‍ തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി സജ്ജമാണെന്നും കൃഷ്ണദാസ് പറഞ്ഞു. ദല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ മാസത്തോട തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വലവിജയം നേടും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമായിരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസും സിപിഎമ്മും രണ്ട് മുന്നണികളായാണ് കേരളത്തില്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സിപിഎം കോണ്‍ഗ്രസിനെ പിന്തുണക്കുമോ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കുമോ എന്ന കാര്യം ഇരുനേതൃത്വവും കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം. തെരഞ്ഞെടുപ്പിന് ശേഷം ഇരുമുന്നണികളും സഖ്യമുണ്ടാക്കുകയാണെങ്കില് അത് കേരളത്തിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കുമെങ്കില്‍ ഇരുപാര്‍ട്ടികളും ഒറ്റമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടണം.
സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കണമെന്നാണ് വയലാര്‍ രവി പറഞ്ഞത്. കേരളത്തിലെ കാര്യമല്ല വയലാര്‍ രവി പറഞ്ഞതെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതില്‍ സിപിഎം നേതൃത്വത്തിന്റെ മൗനം ശ്രദ്ധേയമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വല വിജയം നേടും. ബിജെപി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ബിജെപി ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്, ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന് തുടങ്ങിയവരും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡണ്ട് കെ.എന്‍.ബാബു അധ്യക്ഷത വഹിച്ചു. സി.കെ.കുര്യാച്ചന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: