ജയ്പൂര്‍: ട്വന്റി20 ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്ക്ക് ആധിപത്യം നല്കുന്ന നിയമങ്ങളുടെയും മത്സരസാഹചര്യങ്ങളുടെയും തട്ടകമാണ്. ഗ്യാലറിയിലേക്ക് പന്തുകള്‍ പറന്നിറങ്ങുന്നതും സൂപ്പര്‍ സോണിക് വേഗത്തില്‍ ബൗണ്ടറി റോപ്പില്‍ മുട്ടിത്തെറിക്കുന്നതുമൊക്ക കാണാനാണ് ഏവര്‍ക്കും ഇഷ്ടം. അത്തരം റണ്‍സ് മഴക്കൊതിയന്മാര്ക്ക് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സും തമ്മിലുള്ള കളി നിരാശ സമ്മാനിച്ചിരുന്നേക്കാം. ബ്രാഡ് ഹോഡ്ജിന്റെയും ഇയോണ്‍ മോര്‍ഗന്റെയും ചെറു വിസ്ഫോടനങ്ങള്‍ ഒഴിച്ചാല്‍ ജയ്പൂരിലെ കളംവാണത് ബൗളര്‍മാരായിരുന്നു.
പന്തേറുകാര്‍ മാറ്റുരച്ചുനോക്കിയ മത്സരത്തില്‍ ജയം റോയല്‍സിനൊപ്പം നിന്നു. 19 റണ്‍സിന് നൈറ്റ് റൈഡേഴ്സിനെ മറിച്ചിട്ട റോയല്‍സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ബ്രാഡ് ഹോഡ്ജ് (46), അജിന്‍ക്യ രഹാനെ (36) എന്നിവരുടെ മികവില്‍ ആറു വിക്കറ്റിന് 144 റണ്‍സ് സ്വരുക്കൂട്ടി. നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം 19 ഓവറില്‍ 125ല്‍ അവസാനിച്ചു.
പിച്ചിന്റെ സ്വഭാവറിഞ്ഞു തന്നെ റോയല്‍സും റൈഡേഴ്സും അവസാന ടീമുകളെ നിശ്ചയിച്ചു. റോയല്‍സ് സ്പിന്നര്‍മാരെ ഒഴിവാക്കിയപ്പോള്‍. റൈഡേഴ്സില്‍ സുനില്‍ നരെയ്ന് ഇടംലഭിച്ചു. റോയല്‍സ് ഇന്നിങ്ങ്സിന്റെ 19-ാം ഓവറില്‍ നരെയ്ന് വഴങ്ങിയ പതിനെട്ട് റണ്‍സുകള്‍ അന്തിമ ഫലത്തെ സ്വാധീനിക്കുകയും ചെയ്തു. ഓസീസ് ഓള് റൗണ്ടര്‍ ഷെയ്ന് വാട്സനും (5) ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (17) സ്റ്റ്യുവര്‍ട്ട് ബിന്നിയും (16) അടിതെറ്റിവീണപ്പോള് രാജസ്ഥാനികളെ താങ്ങി നിര്‍ത്തിയത് രഹാനെയുടെയും ഹോഡ്ജിന്റെയും ബാറ്റുകളായിരുന്നു. പതിവുശൈലി മറന്നെങ്കിലും മൂന്നു ബൗണ്ടറികളും ഒരു സിക്സറും രഹാനെ സ്വന്തം പേരില്‍ ചേര്‍ത്തു. 16-ാം ഓവറില്‍ കൂപ്പറെയും (0) രഹാനെയെയും പുറത്താക്കിയ നരെയ്ന് റോയല്‍സിനെ പ്രതിസന്ധിയിലാക്കി.എന്നാല്‍ ഹോഡ്ജും (ഏഴ് ഫോറുകള്‍) ദിഷാന്ത് യാഗ്നിക്കും (11 പന്തില്‍ ഒരു ഫോറും സിക്സറുമടക്കം 16) റോയല്‍സിന്റെ സ്കോറിനു മാന്യത നല്കി. റൈഡേഴ്സ് ബൗളര്‍മാരില്‍ ബ്രറ്റ് ലീ (4 ഓവറില്‍ 20ന് 1) വേറിട്ടു നിന്നു.
ഗൗതം ഗംഭീറും സംഘവും റോയല്‍സ് പേസ് ബൗളര്‍മാരുടെ ചൂട് ശരിക്കനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. മലയാളി ബൗളര്‍ എസ്. ശ്രീശാന്തിനെ സിക്സറിനും ഫോറിനുമൊക്കെ ശിക്ഷിച്ച ഗംഭീര്‍ (22) കൊല്‍ക്കത്തയ്ക്ക് ശുഭാരംഭം നല്കി. പിന്നാലെ ഷോണ്‍ ടെയ്റ്റിന്റെ തീപാറുന്ന പന്തുകളും കൂപ്പറുടെ മിശ്രണവും സിത്ഥാര്‍ഥ് ത്രിവേദിയുടെ കൃത്യതയും കൊല്‍ക്കത്തയെ വലച്ചു. അച്ചടക്കം വീണ്ടെടുത്ത ശ്രീയും കസറിയപ്പോള്‍ റൈഡേഴ്സ് വേച്ചുവേച്ചു നീങ്ങി. തന്റെ അവസാന മൂന്ന് ഓവറുകളില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ശ്രീ ബ്രെറ്റ് ലീ യെ (5) വിക്കറ്റ് ദാഹം തീര്‍ത്തു. മൂന്നു വിക്കറ്റുകളുമായി കൂപ്പറും ത്രിവേദിയും രാഹുല്‍ ശുക്ലയും (2) ദൗത്യം പൂര്‍ണമാക്കുകയും ചെയ്തു. റൈഡേഴ്സ് ബാറ്റിങ് ലൈനപ്പിലെ വന്‍തോക്കുകളായ മന്‍വീന്ദര്‍ ബിസ്ല (1), ജാക്വസ് കാലിസ് (0), മനോജ് തിവാരി (14), യൂസഫ് പഠാന് (0) എന്നിവര്‍ തീതുപ്പാന്‍ മറന്നു. ഇയോണ്‍ മോര്ഗന് (51) ഒരറ്റത്തു പിടിച്ചു നിന്നപ്പോള്‍ റൈഡേഴ്സ് ജയം മോഹിച്ചു. 19-ാംഓവറിന്റെ ആദ്യ പന്തില്‍ മോര്‍ഗനെ കൂപ്പര്‍ ബൗള്‍ഡാക്കിയതോടെ റോയല്‍സ് ജയം ഉറപ്പിച്ചു. സിദ്ധാര്‍ഥ് ത്രിവേദി കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: