തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച ഉച്ചയോടെ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തത്ത ബിനു എന്ന പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ജില്ലാ ജയിലിലും ഏറ്റുമുട്ടി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ നിയമ പ്രകാരം കസ്റ്റഡിയിലാവുന്ന പ്രതികളെ പാര്‍പ്പിക്കുന്ന എട്ടാം ബ്ലോക്കിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തടവുകാര്‍ ഏറ്റുമുട്ടിയത്. സുരേഷ്, അനൂപ് ഖാന് എന്നീ പ്രതികള്‍ ചേര്‍ന്ന് തത്ത ബിനു എന്നറിയപ്പെടുന്ന ബിനുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മാസത്തോളമായി തുടരുന്ന സംഘര്‍ഷമാണ് ഒടുവില്‍ പൊട്ടിത്തെറിച്ചത്.ബ്ലോക്കിനു പുറത്തെ ഇടനാഴിയില്‍ വെച്ച് സുരേഷും അനൂപ് ഖാനും ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ വീണുപോയ ബിനുവിന്റെ കാലില്‍ കരിങ്കല്ലെടുത്തിട്ടു.
ഇതേത്തുടര്‍ന്ന് ബിനുവിന്റെ കാല് ഒടിഞ്ഞുതൂങ്ങുകയും വിരല്‍ മുറിഞ്ഞു മാറുകയും ചെയ്തു. ആക്രമണത്തില്‍ കൈയും ഒടിഞ്ഞു. തലയിലെ പൊട്ടലില്‍ 25ഓളം തുന്നിക്കെട്ട് വേണ്ടി വന്നു. വാര്‍ഡര്‍മാര്‍ ഓടിവന്ന് പിടിച്ചുമാറ്റുമ്പോഴേക്കും ബിനു മൃതപ്രായനായിരുന്നു. പിന്നീട് ബിനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
കണ്ണാടി ഷാജി കൊലക്കേസില്‍ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ കൂട്ടുപ്രതിയാണ് സുരേഷ്. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഇപ്പോള്‍ തടവിലുള്ളത്. അനൂപ് ഖാന് മൂന്ന് കൊലക്കേസുകളില്‍ പ്രതിയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: