തൃപ്പൂണിത്തുറ: പ്രമുഖ ചരിത്രകാരനും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനുമായിരുന്ന എം.രാമന് നമ്പൂതിരി (86) തൃപ്പൂണിത്തുറ കോട്ടക്കകത്തുള്ള ബംഗ്ലാവ് പാലസില്‍ (നിലാമുറ്റം പാലസ്) അന്തരിച്ചു. കളമ്പൂര് മ്യാല്പിള്ളി രാമന് നമ്പൂതിരിയാണ് അച്ഛന്. ശ്രീദേവി അന്തര്‍ജ്ജനം അമ്മ.
ആര്‍ക്കിയോളജി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന രാമന് നമ്പൂതിരി കേരളത്തിലെ ഒട്ടേറെ പുരാവസ്തുക്കളുടെ ചരിത്രമൂല്യം പഠനവിധേയമാക്കിയിട്ടുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 1980കളില്‍ കേരളത്തിലെ പുരാവസ്തുക്കളുടെ ചരിത്രമൂല്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് രാമന് നമ്പൂതിരിയെയാണ് ചുമതലപ്പെടുത്തിയത്. ജില്ലയിലടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ള പുരാവസ്തുക്കളെക്കുറിച്ച് രാമന് നമ്പൂതിരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇവയില്‍ പലതും പിന്നീട് പുരാവസ്തുവായി പ്രഖ്യാപിക്കുകയുണ്ടായി.
മട്ടാഞ്ചേരി പാലസിലെ മ്യൂറല്‍ പെയിന്റിങ്ങുകളെക്കുറിച്ച് ‘മട്ടാഞ്ചേരി പാലസ്’ എന്ന പേരില്‍ പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി രാജവംശചരിത്രം ഖണ്ഡശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘം സ്ഥാപക പ്രസിഡന്റെന്ന നിലയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. കൊച്ചി റോയല്‍ ഫാമിലി ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, വിടികെ ട്രസ്റ്റ്, കഥകളി കേന്ദ്രം, സംഗീതസഭ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കൊച്ചി രാജകുടുംബാംഗം ബംഗ്ലാവ് പാലസില്‍. റിട്ട. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സുഭദ്ര തമ്പുരാന്. മക്കള്‍: രമേശന് തമ്പുരാന് (കെഎസ്ഇബി), രാധിക. മരുമക്കള്‍: ശൈലജ, അജയന്. തൃപ്പൂണിത്തുറ രാജകുടുംബം ശ്മശാനത്തില്‍ സംസ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: