കൊച്ചി: പായ്വഞ്ചിയില് ഉലകം ചുറ്റിയെത്തിയ അഭിലാഷിനെ അനുമോദിക്കാന്‍ നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയനും എക്സൈസ് മന്ത്രി കെ.ബാബുവും അഭിലാഷിന്റെ കണ്ടനാട്ടെ വസതിയിലെത്തി. രാജ്യത്തെ 120 കോടി ജനതയുടെയും അഭിമാനമായ അഭിലാഷിനെ നിയമസഭയുടെ ആദരം ഏറ്റുവാങ്ങുന്നതിന് സ്പീക്കര്‍ ക്ഷണിക്കുകയും ചെയ്തു. രാവിലെ എട്ടേകാലോടെ കണ്ടനാട് സുരഭി നഗറിലെ വസതിയിലെത്തിയ സ്പീക്കര്‍ പൂച്ചെണ്ടു നല്കി അഭിലാഷിനെ ആദരിച്ചു. മന്ത്രി ബാബു കസവു പൊന്നാട അണിയിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് ദല്‍ഹിയില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും രണ്ടാഴ്ച കഴിഞ്ഞ് നീണ്ട അവധിയില്‍ പ്രവേശിക്കുമ്പോള്‍ കൊച്ചിയില്‍ എത്തുമെന്നും ആ സമയം നിയമസഭയില്‍ എത്താമെന്നും അഭിലാഷ് അറിയിച്ചു. നേരത്തെ മിസെയില്‍ വനിത ടെസ്സി തോമസിനെ നിയമസഭ ആദരിച്ചിരുന്നതു സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
2008-ല്‍ രാഷ്ട്രപതിക്കു താനടങ്ങിയ സംഘം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത് ഓര്‍ത്തെടുത്ത അഭിലാഷ് 2013 ല്‍ രാഷ്ട്രപതി തന്നെ സ്വീകരിക്കാനെത്തിയതാണ് അഭിമാനകരമായ മുഹൂര്ത്തമെന്നു സ്പീക്കറോടു പറഞ്ഞു. 150 ദിവസവും ഏഴു മണിക്കൂറും പിന്നിട്ട തന്റെ ഉലകയാത്രയില് കഴിഞ്ഞ നവവത്സരാഘോഷം രണ്ടിടത്തായി ആഘോഷിക്കാനായതും അവിസ്മരണീയമെന്നാണ് അഭിലാഷ് വിശേഷിപ്പിച്ചത്.
ഇതിനിടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി കെ.ബാബുവിന്റെ ഫോണിലേക്കു വിളിച്ചു. തുടര്‍ന്ന് അഭിലാഷിനെ ഫോണിലൂടെ അഭിനന്ദിച്ച മുഖ്യമന്ത്രി ദല്ഹിയിലായതിനാലാണ് നേരിട്ട് എത്താനാകാതിരുന്നതെന്നും താമസിയാതെ കൊച്ചിയിലെ വസതിയില്‍ എത്തുമെന്നും അറിയിച്ചു.
സ്പീക്കര്‍ക്കും മന്ത്രിക്കുമൊപ്പമിരുന്ന് അഭിലാഷ് തന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കേ അച്ഛന് റിട്ട. ലഫ്.കമാന്റര്‍ ചാക്കോ ടോമി അഭിലാഷിന്റെ യാത്രാപഥം ഓരോ ദിവസവും മനസിലാക്കിയിരുന്ന ഗ്ലോബുമായെത്തി. മകന് ഓരോ ദിവസവും എവിടെ എന്നെല്ലാം അതില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ എല്ലാവര്ക്കും ചായയുമായി അമ്മ വത്സയെത്തി. മന്ത്രി ബാബുവൊഴികെയുളളവര് ചായകുടിച്ചു. ചങ്ങനാശേരിക്കു പോകാനുളള തിരക്കു മനസിലാക്കി സ്പീക്കറും മന്ത്രിയും അധികം താമസിയാതെ അഭിനന്ദനം നേര്ന്നിറങ്ങി. സ്പീക്കറും മന്ത്രിയും വരുന്നതറിഞ്ഞ് അയല്‍വാസികളും അഭിലാഷിന്റെ വീട്ടിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: