ആലപ്പുഴ: ഇന്ന് നടക്കുന്ന നിര്‍ണായക യുഡിഎഫ് യോഗത്തിന് മുന്‍പ് ഇടഞ്ഞു നില്ക്കുന്ന ജെഎസ്എസിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രാവിലെ ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്. ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല നേരിട്ട് ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ എത്തിയത്. കഴിഞ്ഞദിവസം മന്ത്രി കെ.എം.മാണിയും പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാതെ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് ഗൗരിയമ്മ അസന്ദിഗ്ധമായി ചെന്നിത്തലയോട് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെന്റര്‍ എടുത്ത തീരുമാനമാണിത്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. മുക്കാല്‍ മണിക്കൂറോളമാണ് ഗൗരിയമ്മയും ചെന്നിത്തലയും ചര്‍ച്ച നടത്തിയത്. പിന്നീട് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ഗൗരിയമ്മ യുഡിഎഫിനും പി.സി.ജോര്‍ജിനുമെതിരെ ആഞ്ഞടിച്ചു. ചെന്നിത്തലയെ പരസ്യമായി തിരുത്താനും ഗൗരിയമ്മ തയാറായി.
യുഡിഎഫുമായി മാനസികമായി അകന്നു കഴിഞ്ഞതായി ഗൗരിയമ്മ പറഞ്ഞു. യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ യാതൊരു താല്പര്യവുമില്ല. പി.സി.ജോര്‍ജിനെ തിരുത്താന്‍ ശ്രമിച്ചിട്ട് കാര്യമില്ല, അയാള്‍ നന്നാകില്ല. കെ.എം.മാണിയടക്കമുള്ളവര്‍ തന്നെ ഫോണില്‍ വിളിക്കാറുണ്ടെങ്കിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പിക്കാനോ അന്വേഷിക്കാനോ തയാറായിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. കോണ്‍ഗ്രസ് ജെഎസ്എസിനെ പല തെരഞ്ഞെടുപ്പുകളിലും കൂടെനിന്ന് കാലുവാരി. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് മുതല്‍ ഇക്കാര്യത്തില്‍ യുഡിഎഫിനും കെപിസിസിക്കും പരാതി നല്‍കിയിരുന്നു. പക്ഷെ യാതൊരു നടപടിയുമുണ്ടായില്ല.
യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. യുഡിഎഫുമായി അകന്നുവെന്നതാണ് സത്യം. പി.സി.ജോര്‍ജിനെ കൊണ്ടുനടന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഫലമറിയുമെന്നും ഗൗരിയമ്മ ചെന്നിത്തലയെ ഓര്‍മിപ്പിച്ചു. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ജെഎസ്എസിന്റെ പ്രതിനിധികള്‍ പങ്കെടുക്കും. പി.സി.ജോര്‍ജിനെ മാറ്റാന്‍ തീരുമാനിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെന്റര്‍ അനന്തര നടപടി സ്വീകരിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.
ജെഎസ്എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അകല്‍ച്ച കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഗൗരിയമ്മ സര്വാദരണീയയായ നേതാവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: