ഇടുക്കി: രാജാക്കാട്ട് ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും കൈമാറി. അപകട സാധ്യതയേറിയ റോഡില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാതിരുന്നതും ദുരന്തത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടുക്കി ആര്‍ടിഒ റോയ് മാത്യുവും രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരും അടക്കം നാലംഗ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മാര്‍ച്ച് 25ന് വിനോദയാത്രയ്‌ക്കു പോയ വെള്ളനാട് വിക്രം സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ മരിച്ചു.
റോഡില്‍ അപകട സാധ്യതാ മുന്നറിയിപ്പു സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും ദുരന്തത്തിനു കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബസിന് യാതൊരുവിധ തകരാറുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടുക്കിയിലേതു പോലുള്ള മലമ്പാതകളില്‍ വാഹനം ഓടിച്ചുള്ള പരിചയം ഡ്രൈവര്‍ക്ക് ഉണ്ടായിരുന്നില്ല. രണ്ടാം ഗിയറില്‍ ഓടിക്കേണ്ട വാഹനം നാലാം ഗിയറിലായിരുന്നു. ഇതു വാഹനത്തിന് അമിത വേഗതയുണ്ടാക്കി.
ഡ്രൈവറുടെ അശ്രദ്ധ മൂലം റോഡിന്റെ ഇടതു വശത്തുകൂടി വന്ന ബസ് അപകടത്തില്‍പ്പെട്ട സമയത്ത് വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചില്ല. ബ്രേക്ക് അമര്‍ത്തുകയും ചെയ്തില്ല. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ബസ് കുറച്ചു കൂടി മുന്നോട്ടു നീങ്ങി താഴ്ച കുറഞ്ഞ ഭാഗത്തേയ്‌ക്കു വീഴുമായിരുന്നു. ഇത് അപകടത്തിന്റെ ആക്കം കുറയ്‌ക്കുമായിരുന്നു. കൊടുംവളവുകളും കുത്തനെയുള്ള ഇറക്കങ്ങളും ഉള്ള റോഡില്‍ ഇവ വ്യക്തമാക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: