മതം സാക്ഷാത്കാരമാണ്, പറച്ചിലും സാക്ഷാത്കാരവും തമ്മില്‍ അതിനിശിതമായ വിവേചനം നിങ്ങള്‍ ചെയ്യുകയും വേണം. നിങ്ങള്‍ നിങ്ങളുടെ ആത്മാവില്‍ പ്രത്യക്ഷീകരിക്കുന്നുതെന്തോ അതാണ് സാക്ഷാത്കാരം. പരമചൈതന്യത്തെക്കുറിച്ച് മനുഷ്യന് ഒരു സങ്കല്പ്പവുമില്ല. തന്മുമ്പിലുള്ള രൂപങ്ങളോടെ വേണ്ടിയിരിക്കുന്നു അതിനെക്കുറിച്ച് അവന് ചിന്തിക്കുക; നീലാകാശത്തെയോ പരന്ന വയലുകളെയോ കടലിനെയോ വലിയ വല്ലതിനെയുമോ ചിന്തിക്കേണ്ടിയിരിക്കുന്നു. മേറ്റ്ങ്ങനെ നിങ്ങള്ക്കീശ്വരനെ ചിന്തിക്കാനാവും? അതുകൊണ്ട്, യഥാര്‍ത്ഥത്തില്‍, നിങ്ങളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ സര്വവ്യാപിത്തത്തെക്കുറിച്ച് പറയുന്നു, കടലിനെ ചിന്തിക്കയും ചെയ്യുന്നു. ഈശ്വരന് കടലാണോ? ഒരല്‍പ്പം കൂടി സാമാന്യബോധം വേണ്ടിയിരിക്കുന്നു. സാമാന്യബോധം പോലെ അത്ര അസാധാരണമായൊന്നുമില്ല. ലോകം വൃഥാലാപംകൊണ്ട് നിറഞ്ഞുപോയിരിക്കുന്നു. ലോകത്തിലെ ഈ പൊള്ളവാദങ്ങളോടൊക്കെ ഒരു സന്ധി. നാം നമ്മുടെ ഇന്നത്തെ ഘടനകൊണ്ട് പരിമിതരാണ്, ഈശ്വരനെ മനുഷ്യരായിക്കാണാന്‍ നിര്‍ബന്ധിതരാണ്. മഹിഷങ്ങള്‍ക്ക് ഈശ്വരനെ ആരാധിക്കണമെങ്കില്‍ അവ അവിടുത്തെ ഒരു മഹാമഹിഷമായിക്കാണും. മത്സ്യത്തിന് ഈശ്വരനെ ആരാധിക്കണമെങ്കില്‍ അവിടുത്തെ ഒരു മഹാമത്സ്യമായി ഭാവന ചെയ്യേണ്ടിവരും. നിങ്ങളും ഞാനും മഹിഷവും മത്സ്യവും – ഓരോന്നും അത്രയും തരം പാത്രങ്ങള്‍ക്ക് പ്രതിനിധീഭവിക്കുന്നു. ഇതെല്ലാം കടലിലേക്ക് പോവുകയാണ്, അതത് പാത്രത്തിന്റെ ആകൃതിക്കനുസരിച്ച് വെള്ളംകൊണ്ടുനിറയ്ക്കാന്. ഈ ഓരോ പാത്രത്തിലും വള്ളമല്ലാതൊന്നുമില്ല. അതുപോലെ ഈശ്വരനെസംബന്ധിച്ചും. മനുഷ്യര്‍ അവിടുത്തെ കാണുമ്പോള്‍, അവര്‍ അവിടുത്തെ മനുഷ്യനായിക്കാണുന്നു, മൃഗങ്ങള്‍ മൃഗങ്ങളായും – ഓരോന്നും തന്റെ ആദര്‍ശത്തിനനുസരിച്ച് നിങ്ങള്‍ക്കവിടുത്തെ കാണാവുന്ന ഒരേ വഴി അതാണ്; പുറത്തേക്ക് മറ്റുവഴി ഇല്ലാതാകയാല് നിങ്ങള്‍ അവിടുത്തെ മനുഷ്യനായി ആരാധിക്കേണ്ടിയിരിക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: