സംഘത്തിന്റെ പ്രവര്ത്തനവിജയത്തിന് കരുത്തുനല്കുന്ന മുഖ്യഘടകങ്ങളില്‍ പ്രധാനം അത് നിലനിര്‍ത്തിവരുന്ന കുടുംബന്ധമാണെന്നത് നമ്മുടെ അനുഭവമാണ്. ശാഖാപ്രവര്‍ത്തനങ്ങള്‍ തികച്ചും പുരുഷവിഭാഗത്തെ ഉള്‍ക്കൊള്ളുന്നതാകയാല്‍, സംഘം പുരുഷാധിപത്യ പ്രസ്ഥാനമാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. ഉപരിപ്ലവമായി അത് ശരിയാണെന്ന് തോന്നാം. സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ ആ ആക്ഷേപം ശക്തിയായി ഉന്നയിക്കുന്നുമുണ്ട്. പക്ഷേ സംഘത്തില്‍ നിലനില്‍ക്കുന്ന കുടുംബാന്തരീക്ഷം മൂലം ആ ആക്ഷേപങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് മാത്രം. അടിയന്തരാവസ്ഥ പോലുള്ള ആപല്‍ഘട്ടങ്ങളില്‍ സംഘത്തിന് വിജയകരമായി ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഈ കുടുംബബന്ധംമൂലമായിരുന്നു. ഒളിവില്‍ യോഗങ്ങള്‍ നടത്തിവന്നത് നക്സലൈറ്റുകളുടെയും മറ്റും കാര്യങ്ങളിലെന്നപോലെ (സിനിമയില്‍ അങ്ങനെയാണല്ലോ നമ്മെ പഠിപ്പിക്കുന്നത്) അര്‍ധരാത്രിയില്‍ ഏതെങ്കിലും വനാന്തരത്തിലെ താവളത്തിലായിരുന്നില്ല. പട്ടാപ്പകല്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പലപ്പോഴും നഗരമധ്യത്തിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും മറ്റുമായിരുന്നു. തൃശ്ശിവപേരൂരില്‍ തേക്കിന്‍കാട് മൈതാനത്തും കണ്ണൂരിലെ മുന്‍വശത്ത് റോഡും പിന്നില്‍ റെയില്പ്പാതയുമുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്സിലും എറണാകുളത്തെ രവിപുരം ക്ഷേത്രത്തിലും മറ്റും യോഗങ്ങള്‍ ചേരാന്‍ കഴിഞ്ഞതും സംഘത്തിന്റെ അത്യുന്നതാധികാരികള്ക്കുവരെ പലയിടങ്ങളിലും വീടുകളില്‍ ബൈഠക്കുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതുമൊക്കെ ദൃഢവും ഭദ്രവുമായിരുന്ന കുടുംബബന്ധത്തിന്റെ ശക്തിമൂലമായിരുന്നു.
ഓരോ സ്വയംസേവകന്റെ വീട്ടിലെ അമ്മയായിരുന്നു അവിടത്തെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്കിവന്നത്. നിത്യശാഖയില്‍ പോയി ശാരീരിക ബൗദ്ധിക പരിപാടികളില്‍ പങ്കെടുക്കുന്ന യുവസ്വയംസേവകരേക്കാള് അവര്‍ കൂടുതല്‍ സംഘത്തിന് അനിവാര്യരായി എന്നതാണനുഭവം.
സംഘപ്രചാരകരായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ടാകും. അര നൂറ്റാണ്ടിലേറെക്കാലം പ്രചാരകനായിരുന്ന പി. രാമചന്ദ്രന്റെ അമ്മയാണ്, അക്കാര്യത്തില്‍ എനിക്ക് ആദ്യം ഓര്‍മയില്‍ വരിക. 1950-കളില്‍ ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ രാമചന്ദ്രന്റെ സഹോദരങ്ങളോടൊപ്പം ശാഖയില്‍ പങ്കെടുക്കുകയും മിക്ക ദിവസങ്ങളിലും അവരുടെ വീട്ടില്‍ പോകുകയും ചെയ്യുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ആ കുടുംബത്തിലെ ഏതാനുംപേര്‍ ആലുവയില്‍ താമസമാക്കിയപ്പോഴും ആ ബന്ധം തുടര്‍ന്നു.
തലശ്ശേരിയില്‍ ഏതാനും വര്‍ഷം പ്രചാരകനായി താമസിച്ചപ്പോള്‍ അവിടെ അടിയോടി വക്കീലിന്റെ (പിന്നീട് പ്രാന്തസംഘചാലക്) പത്നി അമ്മാളുഅമ്മയില്‍ ഒരമ്മയെ ലഭിച്ചു. അവരുടെ മക്കളെല്ലാം ഇപ്പോഴും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ എന്നെ ആദരപൂര്‍വം കരുതുന്നു.
1958 നുശേഷം വടകര താലൂക്കിലെ നരിപ്പറ്റയില്‍ ചീക്കോന്നമ്മല് ശാഖയിലെ പാലോര്‍ കണ്ടി ഒണക്കന്റെ അമ്മ, അക്ഷരാഭ്യാസമില്ലെങ്കിലും വിശാലമായ ഒരു മനസിന്റെ ഉടമയായിരുന്നുവെന്ന് മാത്രമല്ല, എനിക്ക് മുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്ന ശര്മാജിയെയും കര്‍ത്താസാറിനെയും മറ്റും വളരെ വാത്സല്യത്തോടെയാണ് പരാമര്‍ശിച്ചത്. സസ്യാഹാരികളായിരുന്നതിനാല് ഞങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്തുതരുന്നതിന് അവര്‍ ക്ഷേത്രത്തിലെന്നപോലെ ശുദ്ധം പാലിക്കുമായിരുന്നു.
ഇങ്ങനെ ഒട്ടേറെ അമ്മമാരെ ഓര്മിക്കാനുള്ള അവസരമുണ്ടായത് കഴിഞ്ഞ ദിവസം മണത്തണയിലെ ആദ്യ സ്വയംസേവകരില്‍ ഒരാളും ദീര്‍ഘകാലം പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ അമ്മ അന്തരിച്ച വിവരം അവിടത്തെ മറ്റൊരു മുതിര്‍ന്ന സ്വയംസേവകന് കെ.പി. ഗോവിന്ദന് വിളിച്ചറിയിച്ചപ്പോഴാണ്. അന്ത്യം അപ്രതീക്ഷിതമായിരുന്നില്ല. പത്ത് പതിനഞ്ച് വര്‍ഷമായി കൊളങ്ങരേത്ത് കല്യാണിയമ്മ രോഗാതുരയായിരുന്നു. നൂറു വയസാകാന്‍ മൂന്നോ നാലോ വര്‍ഷം മാത്രമുള്ളതിനാല്‍ മരണത്തിന് വരാന്‍ പ്രത്യേകിച്ച് കാരണവും വേണ്ടല്ലൊ.
1959-60 കാലത്ത് മണത്തണയില്‍ ശാഖ ആരംഭിക്കാന്‍ പോയപ്പോള്‍ തുടങ്ങിയ പരിചയമായിരുന്നു ആ കുടുംബവുമായി. ആ കുടുംബവുമായി മാത്രമല്ല മണത്തണയിലെ എല്ലാ പ്രമുഖ കുടുംബങ്ങളുമായി അടുപ്പമുണ്ടാക്കാന്‍ അത് അവസരമുണ്ടാക്കി. ആദ്യത്തെതവണ പോയപ്പോള്‍ താമസിച്ചത് ഒരു കടയുടെ മുകളിലത്തെ നിലയിലായിരുന്നു. അന്ന് ഒരു വീടുമായി ബന്ധപ്പെട്ടിരുന്നില്ല. ക്രമേണ സംഘത്തിന്റെ രീതികള്‍ അവിടത്തെ സ്വയംസേവകര്‍ക്ക് പറഞ്ഞുകൊടുക്കുകയും കുടുംബങ്ങളില്‍ താമസിക്കുന്ന രീതി നടപ്പാക്കുകയും ചെയ്തു. ആദ്യമൊക്കെ നമ്മെ വിരുന്നുകാരനെപ്പോലെയാണ് വീട്ടുകാര്‍ കണക്കാക്കിവന്നത്. ക്രമേണ അതും മാറി വീട്ടിലെ അംഗമായി പരിഗണിച്ചുതുടങ്ങി.
അങ്ങനെ ഒരവസരത്തിലാണ് മുകുന്ദന്റെ വീട്ടില്‍ താമസിക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയത്. മുകുന്ദനും ജ്യേഷ്ഠന് കുഞ്ഞിരാമനും അനുജന്മാരായ ഗണേശനും ചന്ദ്രനും അടങ്ങുന്ന ആ വീട് ക്രമേണ സ്വന്തം വീടായിത്തീര്‍ന്നു. എനിക്ക് അഭിരുചിയുള്ള ഭക്ഷണം എന്താണെന്ന് ഔചിത്യപൂര്‍വം അറിഞ്ഞ്, അത് തയ്യാറാക്കാന്‍ മുകുന്ദന്റെ അമ്മ പ്രത്യേക ശ്രദ്ധിച്ചിരുന്നു. വീട്ടുവിശേഷങ്ങള്‍ അന്വേഷിച്ചറിയാനും അവര്‍ മറന്നില്ല.
സംഘത്തിന്റെ അധികാരിമാരായി അക്കാലത്ത് വരാറുണ്ടായിരുന്നത് ഭാസ്കര്‍റാവുജിയാണ്. അന്ന് മണത്തനയില്‍ എത്താന്‍ നാലഞ്ച് കിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. വഴിയില്‍ ഒരു ചെറിയ പുഴ കടക്കേണ്ടതായും വന്നു. അവിടത്തെ ഭൂപ്രകൃതിയും മഴയുടെ അനിശ്ചിതത്വവും മൂലം പുഴയിലെ വെള്ളത്തിന്റെ നില മഴക്കാലത്ത് മുന്കൂട്ടിപ്പറയാനാവുമായിരുന്നില്ല. ഏതാനും കി.മീ കൂടുതല്‍ നടന്നാല്‍ പുഴക്ക് പാലമുള്ള സ്ഥലത്തുകൂടി പോകാമായിരുന്നു. ഭാസ്കര്‍റാവുവിനെ വെള്ളത്തില്‍ ചാടിച്ചുതന്നെ ഒരിക്കല്‍ കൊണ്ടുവന്നു. അന്നത്തെ പ്രാന്തകാര്യവാഹ് (അന്ന് തമിഴ്നാടും കേരളവും ചേര്‍ന്ന് ഒറ്റപ്രാന്തമായിരുന്നു) അണ്ണാജി എന്ന് വിളിച്ചിരുന്ന എ. ദക്ഷിണാമൂര്‍ത്തിയെ പേരാവൂരില്‍നിന്ന് ജീപ്പ്പ്പ്പിലാണ് മണത്തണക്ക് കൊണ്ടുവന്നത്. വളരെ കഠിനമായിരുന്നു റോഡിന്റെ സ്ഥിതി. ഒരു കുഴിയില്‍ ചാടിയപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ അണ്ണാജിയുടെ തല മുകളില്‍ കമ്പിയില്‍ മുട്ടി ചെറിയ മുറിവുണ്ടായി. അതിന് പ്രഥമശുശ്രൂഷ നല്കാന് കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്കെല്ലാം വലിയ വിഷമമായി. താമസം മുകുന്ദന്റെ വീട്ടിലായിരുന്നു. അമ്മക്കും പരിഭ്രമമായി. പക്ഷേ അണ്ണാജി അല്‍പ്പംപോലും പ്രയാസം മുഖത്ത് പ്രതിഫലിപ്പിക്കാതെ അന്ന് മുഴുവന്‍ അദ്ദേഹത്തെ കാണാന്‍ വന്നവരുമായി സംസാരിച്ചിരുന്നു.
അണ്ണാജിക്ക് ഭക്ഷണം വളരെ സ്വാദോടെ കഴിക്കാന്‍ അറിയാം. അതിനെ അഭിനന്ദിക്കാനും അമാന്തിക്കില്ല. തമിഴ്നാട്ടുകാര്‍ക്ക് ചായയേക്കാള്‍ താല്‍പ്പര്യം കാപ്പിയോടാണ്. അത് ഫില്‍ട്ടര്‍ കാപ്പിയാണെങ്കില്‍ ഏറെ പ്രിയം. കേരളത്തില്‍ കാപ്പിയെക്കാള്‍ ചായക്കാണ് ഉപയോഗം കൂടുതല്‍ എന്നതിനാല്‍ ചായയും അദ്ദേഹം ശീലമാക്കിയിരുന്നു. മുകുന്ദന്റെ അമ്മയുണ്ടാക്കിയ ചായയും അദ്ദേഹത്തിനിഷ്ടപ്പെട്ടു. മടക്കയാത്രാവേളയില്‍ അത് പറയുകയും ചെയ്തു.
1964 ല്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് കോട്ടയത്തേക്ക് പോയപ്പോള്‍, പുതിയ ജില്ലാ പ്രചാരകന് പി. രാമചന്ദ്രനെ പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. ആളുകളെ ആകര്‍ഷിക്കാനും വശത്താക്കാനും അസാമാന്യമായ കഴിവ് രാമചന്ദ്രനുണ്ടായിരുന്നതിനാല് അവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു. രണ്ട് വര്‍ഷം കഴിഞ്ഞ് മുകുന്ദന് പ്രചാരകനാകാന്‍ തീരുമാനിച്ചപ്പോള്‍ അമ്മക്കുണ്ടായ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നത് രാമചന്ദ്രന് തന്നെയായിരുന്നു. മകന് പ്രചാരകനായതിന്റെ അഭിമാനവും വ്യക്തിപരമായ വിഷമങ്ങളും അതിസമര്‍ത്ഥമായിത്തന്നെ അവര്‍ സമന്വയിപ്പിച്ചുവെന്നു പറയാം. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം മണത്തണയില്‍ പോയി കാണുമ്പോള്‍ അവര്‍ കിടപ്പിലായിരുന്നു. മുകുന്ദന്റെ അനുജന് ഗണേശന്റെ വീട്ടിലാണ് താമസിച്ചത്. അമ്മയെ കാണാന്‍ പോയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷത്തിന് അതിരുണ്ടായില്ല. അവരുടെ പഴയ വീട് പുതുക്കിപ്പണിതശേഷം ഒരിക്കല്‍ക്കൂടി, ഇരിട്ടിയില്‍ ജില്ലാ ശിബിരം നടക്കുന്നതിനിടയില്‍ ചന്ദ്രശേഖരനോടൊപ്പം പോയി കണ്ടു. ഭക്ഷണം കഴിച്ചുവന്നു.
സംഘത്തിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കളെല്ലാം ആ വീട്ടില്‍ പോയി ആതിഥ്യം അനുഭവിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ വൈധവ്യദുഃഖം അനുഭവിക്കേണ്ടിവന്നെങ്കിലും സല്പ്പുത്രന്മാര് മൂലം ആ ദുഃഖം മറക്കാനുള്ള അവസരം ലഭിക്കുകയും ക്ലേശഭരിതമാണെങ്കില്കൂടി ദീര്ഘജീവിതം നയിക്കുകയും ചെയ്ത ധന്യജീവിതമായിരുന്നു കല്യാണിയമ്മയുടേത്. ആ ആത്മാവിന് സദ്ഗതി ലഭിച്ചുവെന്ന് തീര്‍ച്ച.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: