‘കേരള ഡയാലിസിസ്’ ഒരു രാഷ്ട്രീയ യാത്രയ്ക്ക് ഇങ്ങനെ ഒരു പേരിടുന്നതില്‍ ഒരു കൗതുകമുണ്ട്. അതുകൊണ്ടുതന്നെ കേരളാ ഡയാലിസിസ് എന്നപേര് അന്യന്മാര് പോലും ഇന്നും ഓര്‍ക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ധമനികളില്‍നിന്ന് മുന്നണി രാഷ്ട്രീയത്തിന്റെ വര്‍ഗീയപ്രീണന അശുദ്ധരക്തം മാറ്റി ദേശീയതയുടെയും ജനകീയ പ്രതിബദ്ധതയുടേതുമായ ശുദ്ധരക്തം പ്രവഹിപ്പിക്കുക എന്ന കാല്‍പ്പനിക സ്വപ്നമാണ് ആ പേരിനു പുറകിലുള്ളത്. ആ സ്വപ്നത്തിന് ഇന്ന് പ്രസക്തി എത്രയോ വര്‍ദ്ധിച്ചിരിക്കുന്നു. പക്ഷെ ഡയാലിസിസ് നടത്താനുള്ള മനസും മസ്തിഷ്കവും അതിനുപറ്റിയ ഉപകരണങ്ങളും ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
‘കേരള ഡയാലിസിസ്’ പദയാത്രയെ മറ്റ് രണ്ട് യുവമോര്‍ച്ചാ പരിപാടികളോട് ചേര്‍ത്ത് വേണം വിലയിരുത്തുവാന്‍. 1981 ല്‍ കോട്ടയത്തെ എം.സി.ഛഗ്ല നഗറില്‍ ചേര്‍ന്ന യുവമോര്‍ച്ചയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തില്‍ പാസാക്കപ്പെട്ട ‘കര്‍ത്തവ്യ പ്രഖ്യാപന രേഖ’യാണ് ഒന്ന്. അതിനെ ‘മാതൃഭൂമി’ മുഖപ്രസംഗമെഴുതി പ്രശംസിച്ചതാണ്. രണ്ടാമത്തേത് 1984 ഒക്ടോബര്‍ 28 ന് കണ്ണൂരില്‍ നടന്ന ‘ഭാരതവല്‍ക്കരണ റാലി’യോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ഭാരതവല്‍ക്കരണ രേഖ’യാണ്. കര്‍ത്തവ്യ പ്രഖ്യാപന രേഖയും കേരളത്തിന്റെ ആവശ്യ പത്രികയും ഭാരതവല്‍ക്കരണ രേഖയും ഈ മൂന്നും ചേരുമ്പോള്‍ ഒരു ആദര്ശാധിഷ്ഠിതവിജയോന്മുഖ മുന്നേറ്റത്തിനു വേണ്ടതെല്ലാമായി. പ്രവര്‍ത്തകരുടെ ആചരണാനുഷ്ഠാനങ്ങളെയും ദര്‍ശനത്തെയും ദൗത്യബോധത്തെയും ചിട്ടപ്പെടുത്തുവാനുതകുന്ന ഈ മൂന്നിന സ്വപ്നങ്ങള്‍ കാണുവാന്‍ ബിജെപി അതിന്റെ ആദ്യകാലത്ത് ( 1980 മുതല്‍ 1985 വരെയുള്ള കാലത്ത്) കളമൊരുക്കി എന്നതിന്റെ പേരിലും ഈ സ്വപ്നങ്ങള്‍ മുന്‍നിര്‍ത്തി എളിയതരത്തിലെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ആര്ജ്ജവത്തോടെയല്ലെങ്കിലും തടസ്സമില്ലാതെനിന്നു എന്നതിന്റെ പേരിലും ബിജെപിയോട് കൃതജ്ഞതയുണ്ട്.
1983 ലെ കൊടും വേനലില്‍, മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 23 വരെയാണ്’കേരളാ ഡയാലിസിസ്’ എന്ന പദയാത്ര നടന്നത്. ഈ 2013 ലേതും മറ്റൊരു കൊടുംവേനല്‍ തന്നെ). തിരുവനന്തപുരത്തുനിന്ന് മഞ്ചേശ്വരത്തേക്ക് 900 കിലോമീറ്റര്‍ താണ്ടിയ ഈ പദയാത്ര ശ്രി ഓ.രാജഗോപാല്‍, ഗാന്ധിപാര്‍ക്ക് മൈതാനത്തെ പൊതുയോഗത്തില്‍ ഉദ്ഘാടനം ചെയ്തു. ശ്രി കെ.ജി.മാരാര്‍ പതാക കൈമാറി. ഈ യാത്രയില്‍ മുഴുവനായും പങ്കെടുത്തത് അഞ്ച് പേരാണ്. (സി.എം. കൃഷ്ണനുണ്ണി, സി.ജയചന്ദ്രന്, ടി.പി. പത്മനാഭന്, പി.കെ.അജിത്കുമാര്‍, രവികുമാര്‍) തിരുവനന്തപുരം മുതല്‍ എറണാംകുളംവരെ കെ.വി.എസ്.ഹരിദാസും, കോഴിക്കോട് വരെ വി.പി.വേണുവും പങ്കെടുത്തു.
പക്ഷെ പദയാത്രയുടെ എല്ലാ ദിവസവും എല്ലാ നേരങ്ങളിലും യാത്രയിലുടനീളമുള്ള ശോഷിപ്പ് മറച്ചുകൊണ്ട് അതാത് പ്രദേശങ്ങളിലെ ധാരാളം പാര്ട്ടിയുവമോര്ച്ച സംഘ പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു എന്ന് ആശ്വാസപൂര്‍വം സൂചിപ്പിക്കട്ടെ. സംസ്ഥാന വൈസ്പ്രസിഡണ്ട് ഡേവീസ് കവലക്കാട്, ജനറല്‍ സെക്രട്ടറി കെ.കുഞ്ഞിക്കണ്ണന്, സെക്രട്ടറി വിന്‍സന്റ് പുത്തൂര്‍, തുടങ്ങിയവര്‍ പല ദിവസവും, സ്വന്തം ജില്ലക്ക് പുറമേയുളള സ്ഥലങ്ങളിലും പങ്കെടുത്തിരുന്നു. ഒരേ ഒരു ദിവസം മാത്രവും അല്‍പ്പം മണിക്കൂറുകള്‍ മാത്രവും നാമമാത്രമായ പങ്കാളിത്തം വഹിച്ച സംസ്ഥാന ഭാരവാഹികളും ഉണ്ടായിരുന്നു. മിക്ക സംസ്ഥാന കമ്മറ്റി ഭാരവാഹികളും അംഗങ്ങളും അവരവരുടെ ജില്ലകളിലും മണ്ഡലങ്ങളിലും പങ്കെടുത്തു.
ഈ പദയാത്രയില്‍ നഗ്നപാദനായി, കാലടികള്‍ പൊള്ളി വ്രണപ്പെട്ടത് വകവെക്കാതെ, പൂര്ണദൂരവും നടന്ന മട്ടാഞ്ചേരി സ്വദേശി രവികുമാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. സംസ്ഥാന സിക്രട്ടറിയായിരുന്ന അഡ്വക്കറ്റ് വി.കെ.ജയദേവന്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്ന അഡ്വക്കറ്റ് ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന രാജമന്ദിരം സനല്‍കുമാര്‍, എറണാംകുളം ജില്ലാ പ്രസിഡന്റായിരുന്ന വിശ്വനാഥന്, വയനാട് ജില്ലാ പ്രസിഡന്റായിരുന്ന വി.കെ. കേശവദാസ് തിരുവന്തപുരത്തെ അഡ്വക്കേറ്റ് ബി.കെ.ശേഖര്‍ എന്നിവരും ഇന്ന് ജീവിച്ചിരിപ്പില്ല.
സംഘടനാപരമായ മൂന്ന് ലക്ഷ്യങ്ങളാണ് ഈ പദയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഒന്ന്, ഏറ്റെടുത്ത ദൗത്യം എന്നനിലക്ക് ആവശ്യപത്രികയിലെ ഉള്ളടക്കം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്നതുതന്നെ. രണ്ടാമത്തെ ലക്ഷ്യം, പദയാത്രയില്‍ പങ്കെടുക്കുക വഴി യുവമോര്‍ച്ച സംസ്ഥാനജില്ലാമണ്ഡലം നേതാക്കള്‍ക്ക് സ്വന്തം പ്രവര്‍ത്തന മേഖല പരിചിതമാക്കുവാന്‍ അവസരമൊരുക്കുക എന്നതായിരുന്നു. മൂന്നാമത്തേത്, സംഘടനാ പ്രവര്‍ത്തകരും അതത് തലങ്ങളിലെ അനുഭാവികളും പ്രമുഖ വ്യക്തികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക യുമായിരുന്നു. പദയാത്ര എത്തുന്ന ഓരോ സ്ഥലങ്ങളിലും ഉച്ചക്കു ശേഷവും രാത്രിയുമായി പ്രാദേശിക പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രധാന വ്യക്തികളുടെയും പ്രത്യേകം പ്രത്യേകം യോഗങ്ങള്‍ വിളിച്ചുകൂട്ടണമെന്ന് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. മനുഷ്യ ശക്തിയുടെ ഒരുനിര സംസ്ഥാനത്ത് നിര്‍മിക്കുവാനും ഉള്‍ക്കാഴ്ച ലഭിച്ച നേതൃത്വത്തെ ഓരോ തട്ടിലും തലത്തിലും സൃഷ്ടിക്കുവാനും വഴിയൊരുക്കാമെന്നായിരുന്നു സങ്കല്‍പ്പം.
ജീവിത സായാഹ്നത്തില്‍ ഓര്‍ക്കാനും സ്വയം അഭിനന്ദിക്കാനും കുറേ അനുഭവങ്ങള്‍ ലഭിച്ച ഞാനും എന്റെ കൂട്ടകാരും ഭാഗ്യവാന്മാരാണ്. ആ ഭാഗ്യം നല്കിയ ബിജെപി യ്ക്ക് പ്രണാമങ്ങള്‍. കന്യാകുമാരിയില്‍നിന്ന് മൂകാംബിക കുടജാദ്രിയിലേക്ക് നാമം ജപിച്ചുകൊണ്ട് ഒരു തീര്‍ത്ഥയാത്ര നടത്തണമെന്ന ഒരു മോഹമുണ്ടായിരുന്നത് ഈ പദയാത്രയോടനുബന്ധിച്ച് സാധിച്ചെടുത്തു. രണ്ടിടത്തും മുന്‍പ് പോയിരുന്നില്ല. 1983 ഏപ്രില്‍ 19 ന് കന്യാകുമാരിയിലെത്തി വിവേകാനന്ദ പാറയില്‍ ചെന്ന് വിവേകാനന്ദപാദത്തിലും ക്ഷേത്രത്തില്‍വെച്ച് കന്യാകുമാരീ പാദത്തിലും നമസ്ക്കരിച്ച ശേഷമാണ് 20 ന് രാജഭവന് മാര്‍ച്ചിനും ഗാന്ധിപാര്‍ക്ക് മൈതാനത്തെ ഉദ്ഘാടന യോഗത്തിനും എത്തിയത്. ഏപ്രില്‍ 23 ന് പദയാത്ര സമാപിച്ച ശേഷം മൂകാംബികക്ക് തിരിച്ചു. കുടജാദ്രിയിലെ ഗുഹയിലിരുന്ന് ലളിതാ സഹസ്രനാമം ജപിച്ചാണ് എന്റെ മോഹം പൂര്‍ത്തീകരിച്ചത്. സ്വീകരണയോഗങ്ങള്ക്കിടയിലെ യാത്രാ വേളകളിലും നാമജപം മുടക്കിയിരുന്നില്ല. നാമജപമാണ് അന്നും ഇന്നും നിരാശപ്പെടാതെ തൃപ്തനായി ജീവിക്കുവാന്‍ വെളിച്ചമായും കരുത്തായും ഉപയോഗപ്പെടുന്നത്.
ഒട്ടേറെ കഷ്ടങ്ങളും നഷ്ടങ്ങളും ഈ യാത്രയിലെ അനുഭവമാണ്. ഉറങ്ങാനും ഭക്ഷണത്തിനും സൗകര്യം ലഭിക്കാത്ത ദിവസങ്ങള്‍. എന്നാല്‍ ഒട്ടേറെ വീടുകളില്‍ പദയാത്രികര്‍ക്ക് താമസ സൗകര്യവും ആതിഥ്യവും ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി.എന്‍. സുകുമാരന്‍ നായരും ചാലക്കുടി നിയോജകമണ്ഡലം ബി.ജെ.പി പ്രസിഡന്റായിരുന്ന ലക്ഷ്മിക്കുട്ടി ടീച്ചറും ജനസഘം ബിജെപി നേതാവായിരുന്ന എം.ദേവകി അമ്മയും അവരുടെ വീടുകളില്‍ പന്തലിട്ട് സദ്യയൊരുക്കി വരവേല്‍പ്പ് നല്‍കിയത് നന്ദിപൂര്‍വം സ്മരിക്കുന്നു.
വൈക്കം നഗരത്തില്‍ പാരലല്‍ കോളേജ് പ്രിന്‍സിപ്പലും ബിജെപി നേതാവുമായ ജോണ്‍ മരങ്ങോലി തനിച്ചാണ് സ്വീകരണ യോഗം സംഘടിപ്പിച്ചത്. സ്വാഗതം പറയാനും അദ്ധ്യക്ഷത വഹിക്കാനും ഹാരാര്‍പ്പണത്തിനും മരങ്ങോലിസാര് തന്നെ. സിപിഐക്കാര്‍ കൂട്ടംകൂടി കൂക്കിവിളിച്ചാണ് വൈക്കത്തേക്ക് യാത്രയെ എതിരേറ്റത്. അതുകൊണ്ടൊരു ഗുണമുണ്ടായി. സ്വന്തം പാര്ട്ടിക്കാര് ചെയ്ത നെറികേടില്‍ സങ്കടപ്പെട്ട ഒരു സിപിഐക്കാരനാണ് പിറ്റേ ദിവസം രാവിലത്തെ ഭക്ഷണത്തിന്റെ ചെലവ് വഹിച്ചത്. ഭാരത ഭക്തിസ്തോത്രം ചൊല്ലി ആരംഭിക്കുകയും മുദ്രാവാക്യം വിളികള്ക്കുപുറമേ ഗണഗീതങ്ങള്‍ പാടി നടന്നുനീങ്ങുകയും ചെയ്യുന്ന ദൈനംദിന പരിപാടിയായിരുന്നു പദയാത്രയുടേത്.
ഇത്രയും അനുഭവ വര്‍ണനകള്‍ നടത്തപ്പെട്ട ‘കേരള ഡയാലിസിസ്’പദയാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് സൂചിപ്പിക്കട്ടെ. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്തശേഷം ഭാവിപരിപാടികള്‍ പര്യാലോചിക്കുവാന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മറ്റി യോഗത്തില്‍ നടന്ന ചില അഭിപ്രായ പ്രകടനങ്ങളാണ് ആദ്യ കാരണമായത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പാര്‍ട്ടിയായി ബിജെപി വളരണമെന്നും അതിന്നായി എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അവശതകളും മനസ്സിലാക്കിയും മുന്‍ നിര്‍ത്തിയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തി ഊര്ജ്ജിതമാക്കണമെന്നുമായിരുന്നു ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളീയരുടെ ഒരു ആവശ്യ പത്രിക തയ്യാറാക്കി ഭരണത്തലവനായ ഗവര്‍ണര്‍ക്കു നല്കുവാന് നിശ്ചയിക്കുകയായിരുന്നു. ഭരണമുന്നണിയും പ്രതിപക്ഷമുന്നണിയും വിഭാഗീയ മുന്നണികളായതിനാല്‍ അവര്‍ക്ക് മുഴുവന്‍ കേരളീയരുടെ പ്രാതിനിധ്യമില്ല എന്ന വിലയിരുത്തലാണ് ഗവര്‍ണര്‍ക്ക് ആവശ്യ പത്രിക സമര്‍പ്പിക്കാന്‍ പ്രേരണയായത്.
തെരഞ്ഞടുപ്പടുത്താല് പ്രകടനപത്രിക തട്ടിക്കൂട്ടി തയ്യാറാക്കുന്നതിനപ്പുറം ‘കേരളത്തിന്റെ ആവശ്യ പത്രിക’യുടെ രൂപത്തില്‍ സമഗ്രമായ ഒന്ന്, മുമ്പോ പിമ്പോ ബിജെപി അല്ലാതെ ഒരു കക്ഷി തയ്യാറാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞ അഭിപ്രായ രൂപീകരണത്തിലും ശ്രമങ്ങളിലും കാര്യമായ പങ്ക് വഹിക്കുവാനായത് ഏറെ ചാരിതാര്ത്ഥ്യമുണ്ടാക്കി എന്ന് പറയാതിരിക്കുനാനാവില്ല. ഇതിനെല്ലാം മടിത്തട്ടൊരുക്കിയ ബിജെപി തീച്ചയായും പ്രശംസയും നന്ദിയും അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: