മട്ടാഞ്ചേരി: മഹാരാജാസ് ആശുപത്രി. അധികൃതരുടെ അവഗണനയില്‍ തളരുന്നു. കൊച്ചി മഹാരാജാവ് നിര്‍മ്മിച്ച് നല്കിയ ആശുപത്രി സ്വാതന്ത്ര്യാനന്തരം സര്‍ക്കാര്‍ ആശുപത്രിയായി മാറുകയും, തുടര്‍ന്ന് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന് കീഴിലാകുകയും ചെയ്തു. നാല് ഏക്കറിലേറെ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന മഹാരാജാസ് ആശുപത്രി നിരന്തര അവഗണനയില്‍ തകരുകയാണെന്ന് ജനകീയ പ്രതികരണസമിതി ആരോപിക്കുന്നു. ഡോക്ടര്‍മാരുടെ അഭാവം, നഴ്സുമാരുടെ എണ്ണംക്കുറവ്, വൃത്തിഹീനമായ പരിസരം, നാല്കാലി ഇഴജന്തിക്കളുടെ സ്വൈര്യവിഹാരം, തുടങ്ങിമഹാരാജാവിന്റെ നാമധേയത്തിലുള്ള ആശുപത്രി നേരിടുന്ന പരാധീനതകളുടെയും പ്രശ്നങ്ങളുടെയും പട്ടിക നീളുകയാണ്. എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിലും അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ അശുപത്രിയെ നശിപ്പിക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ജനങ്ങള്‍ക്ക് അന്യമാകുന്ന രീതിയില്‍ അധികൃതര്‍ ആശുപത്രിയെ അവഗണിക്കുകയാണത്രെ. മാസങ്ങളായി ഡോക്ടര്‍മാരുടെ ഒഴിവ് തുടരുകയാണ്. സര്ജന് -1, നേത്ര ഡോക്ടര്‍ (1), ത്വക്ക് രോഗ വിഭാഗം (1) നഴ്സുമാര്‍ (3), നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ (8), അറ്റന്‍ഡര്‍മാര്‍ (4) എന്നിങ്ങനെയാണ് നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍. പ്രതിദിനം ഒപിയില്‍ 400 ഓളം രോഗികളും, മറ്റുചികിത്സയ്ക്കായി 100 ലേറെ രോഗികളും ചികിത്സതേടിയെത്തുന്ന മഹാരാജാസ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം ഒട്ടേറെ സമരങ്ങളും നിവേദനങ്ങളും ജനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനകീയ പ്രതികരണസമിതി ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, എംഎല്‍എ, മേയര്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് തുടങ്ങിയവര്‍ക്ക് ഭീമഹര്‍ജി നല്കി. അവഗണന തുടര്‍ന്നാല്‍ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: