മാഡ്രിഡ്: ലോകത്തെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരിലൊരാളായ ദിദിയര്‍ ദ്രോഗ്ബയും മിഡ്ഫീല്‍ഡ് ജനറല്‍ വെസ്ലി സ്നൈഡറും അണിനിരന്നിട്ടും തുര്‍ക്കി ക്ലബ് ഗലത്സരെക്ക് ദയനീയ തോല്‍വി. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലോകത്തെ ഏറ്റവും സമ്പന്നരായ റയല്‍ മാഡ്രിഡാണ് തുര്‍ക്കി ടീമിനെ കെട്ടുകെട്ടിച്ചത്. റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബൂവില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ഗൊണ്‍സാലോ ഹിഗ്വയിന് എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ഈ തകര്‍പ്പന്‍ വിജയത്തോടെ റയലിന്റെ സെമി പ്രവേശം ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. ഗലത്സരെയുടെ ഹോം മത്സരത്തില്‍ റയലിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കീഴടക്കിയാലേ അവരുടെ സെമി സ്വപ്നം പൂവണിയൂ. റയലിനെപോലൊരു താരസമ്പന്നമായ ടീമിനെതിരെ ഇത്തരത്തിലൊരു കൂറ്റന്‍ വിജയം നേടുക എന്നത് ഏത് ടീമിനെ സംബന്ധിച്ചും ഏറെ ബുദ്ധിമുട്ടാണ്. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബായ മലാഗ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
മത്സരം തുടങ്ങി 9-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് റയല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. മെസ്യൂട്ട് ഓസിലിന്റെ പാസ് സ്വീകരിച്ച് റൊണാള്‍ഡോ നിറയൊഴിച്ചത് ഗലത്സരെ വലയില്‍ പതിക്കുകയായിരുന്നു. 12-ാം മിനിറ്റില്‍ ഗലത്സരെക്ക് സമനില പിടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ദ്രോഗ്ബയുടെ കിക്ക് ലക്ഷ്യം തെറ്റി. 19-ാം മിനിറ്റില്‍ റയലിന്റെ പ്ലേ മേക്കര്‍ മെസ്യൂട്ട് ഓസിലിന്റെ നല്ലൊരു ഷോട്ട് നേരെ ഗലത്സെര ഗോളിയുടെ കയ്യിലേക്കായിരുന്നു. 20 മിനിറ്റിനുശേഷം റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ കരിം ബെന്‍സേമയാണ് ഗോള്‍ നേടിയത്. പ്ലേ മേക്കര്‍ മൈക്കല്‍ എസ്സിയാന്‍ നല്കിയ അളന്നുമുറിച്ച ക്രോസാണ് ബെന്‍സേമ വലയിലേക്ക് തിരിച്ചുവിട്ടത്. ആദ്യപകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിലും റയലിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്. സ്റ്റേഡിയത്തില്‍ എത്തിയ മുക്കാല്‍ ലക്ഷത്തോളം കാണികളെ സാക്ഷിനിര്‍ത്തി ക്രിസ്റ്റ്യാനോയും ഓസിലും ഡി മരിയയും അലോണ്‍സോയും ചേര്‍ന്ന് തുടര്‍ച്ചയായി എതിര് ഗോള്‍മുഖം വിറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. സാബി അലോണ്‍സോ തളികയിലെന്നവണ്ണം വച്ചുനീട്ടിയ തകര്‍പ്പന്‍ ക്രോസ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ഹിഗ്വയിന് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച റയലിന്റെ വിജയമാര്‍ജിന്‍ ഉയരാതിരുന്നത് ഗലത്സരെ ഗോളിയുടെ മികച്ച പ്രകടനമായിരുന്നു. ക്രിസ്റ്റ്യാനോയുടെയും ബെന്‍സേമയുടെയും ഹിഗ്വയിന്റെയും മികച്ച നിരവധി അവസരങ്ങളാണ് ഗലത്സരെ ഗോളിയുടെ ഫോമിന് മുന്നില്‍ വിഫലമായത്.
അതേസമയം മറുവശത്ത് കരുത്തരായ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിന് കാര്യങ്ങള്‍ ഒന്നും നേരായ വിധത്തില്‍ നടന്നില്ല. തുടക്കക്കാരായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയ മലാഗ അവരെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിക്കളഞ്ഞു. ഒന്നാം പകുതിയില്‍ മാരിയോ ഗോട്സേയ്ക്ക് ലഭിച്ച രണ്ട് അര്‍ദ്ധാവസരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ജര്‍മ്മന്‍ ചാമ്പ്യന്മാര്ക്ക് സ്പാനിഷ് ക്ലബ്ബിന്റെ പ്രതിരോധത്തില്‍ എത്തി നോക്കാന്‍ പോലുമായില്ല. അവരുടെ ഗോളി വില്ലി കബലാറോയായിരുന്നു മത്സരത്തിലെ ഹീറോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: