മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നു. തുര്‍ക്കി ക്ലബായ ഗലത്സരെയാണ് റയലിന്റെ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ മലാഗ ബൊറൂസിയ ഡോര്ട്ട്മണ്ടുമായും ഏറ്റുമുട്ടും.
പ്രീ-ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കിയാണ് റയല്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. ഇരുപാദങ്ങളിലായി നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ യുണൈറ്റഡിനെ കീഴടക്കിയത്. ഗലത്സരെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഷാല്‍ക്കെ 04നെ കീഴടക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
ലാ ലീഗ കിരീട സാധ്യത നഷ്ടപ്പെട്ടതിനാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമെങ്കിലും സ്വന്തമാക്കണമെന്ന വാശിയിലാണ് ഹോസെ മൊറീഞ്ഞോയുടെ പോരാളികള്‍. സൂപ്പര്‍താരവും ഗോളടിയന്ത്രവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോതന്നെയാണ് അവരുടെ തുരുപ്പുചീട്ട്. ഒപ്പം ഹിഗ്വയിന്, ബെന്‍സേമ, ഓസില്‍, ഡി മരിയ തുടങ്ങിയ പ്രതിഭാധനരായ താരങ്ങളും അവരുടെ മുതല്‍ക്കൂട്ടാണ്.
മറുവശത്ത് ദിദിയര്‍ ദ്രോഗ്ബ എന്ന ലോകോത്തര സ്ട്രൈക്കറുടെ കാലുകളിലാണ് ഗലത്സരെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: