തിരുവനന്തപുരം: വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യംവച്ച് മതമൗലികവാദ സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. പോലീസ് സേനയില്‍ 280 സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ ഉള്ളതായും ജനറല്‍ എക്സിക്യൂട്ടീവ് 193 എആര്‍ റിസര്‍വ്വില്‍ 75ഉം ആംഡ് പോലീസില്‍ 12ഉം എസ്ഐമാരുടെ ഒഴിവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനം മന്ത്രി കെ.ബി.ഗണേഷ്കുമാര് സ്വകാര്യ ആവശ്യത്തിനായി ദുബായ് യാത്ര നടത്തിയത് ഏഴുതവണ. ടെലിവിഷന്‍ ചാനലിന്റെയും സാമൂഹ്യ സാംസ്കാരിക കായിക സംഘടനകളുടെയും ക്ഷണപ്രകാരമായിരുന്നു യാത്രചെയ്തതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്കി. പിഎസ്സി പരീക്ഷയിലെ ചോദ്യങ്ങളില്‍ പിഴവുവന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികളെ പരീക്ഷിക്കുന്നവരെ ചോദ്യം തയ്യാറാക്കുന്ന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നു നിര്‍ദ്ദേശിക്കും. പരീക്ഷാ നടത്തിപ്പു സംബന്ധിച്ചു പിഎസ്സി പുതിയ സമീപനം സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 25, 26 തീയതികളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പ്രമാണങ്ങള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടവര്‍ക്കും ഇന്നുവരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചു പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വംബോര്‍ഡുകളിലെ പുതിയ ഭരണസമിതികളുടെ തെരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വംമന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച മൂന്നംഗ റിട്ടേണിങ് ഓഫിസറുടെ പാനല്‍ ഗവര്‍ണര്‍ അംഗീകരിച്ചതായും കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
റിട്ട. ജസ്റ്റിസ് രാജേന്ദ്രന്‍നായരാണ് ചീഫ് റിട്ടേണിങ് ഓഫീസര്‍. ബോര്‍ഡുകളിലേക്കുള്ള എംഎല്‍എമാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഹിന്ദു എംഎല്‍എമാരുടെ ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തര്‍ക്കമാണ് ദേവസ്വം ബോര്‍ഡുകളിലെ നിയമനം വൈകാന്‍ കാരണമെന്ന് സബ്മിഷന് അവതരിപ്പിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. ക്ഷേത്രഭരണങ്ങളില് അരാജകത്വം നിലനില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങള്ക്കുള്ള ഫണ്ട് നല്‍കുന്നില്ലെന്നും കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: