കഴിഞ്ഞ കുറച്ചു നാളുകളായി പലരും ആദായ നികുതി ബാധ്യതകള്‍ കണക്കു കൂട്ടുന്ന തിരക്കിലായിരുന്നു. ഇനിയിപ്പോള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ചാവും പലരുടേയും ചിന്ത. സങ്കീര്‍ണമായ നിയമങ്ങളേയും വ്യവസ്ഥകളേയും കുറിച്ചുള്ള ആശങ്കയാവും പലര്‍ക്കുമിവിടെ പ്രശ്നമാകുക. ആദ്യമായി നികുതി ഫയല്‍ ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ക്കു സഹായകമാകുന്ന ചില വസ്തുക്കളും പൊടിക്കൈകളും നമുക്കു പരിശോധിക്കാം. അവ നിങ്ങളുടെ നികുതി ഫയലിങ് വളരെ എളുപ്പമാക്കും എന്നു തീര്‍ച്ച:
1. ഏതാണു നിങ്ങള്‍ക്കു ബാധകമായ ഫോം?
ആദായ നികുതി ഫയല്‍ ചെയ്യാനുള്ള ഏറ്റവും സൗകര്യപ്രദമായ രീതി ഇ-ഫയലിങ് ആണ്. പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ നിര്‍ബന്ധമായും ഇലക്ട്രോണിക് രീതിയില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നു നേരത്തേ തന്നെ സര്‍ക്കാര്‍ നിബന്ധന പുറപ്പെടുവിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവരും നിര്‍ബന്ധമായും ഇ-ഫയലിങ് നടത്തണമെന്ന രീതിയില്‍ അടുത്തിടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഇങ്ങനെ ഫയല്‍ ചെയ്യുമ്പോള്‍, ഏതാണു നിങ്ങള്‍ക്കു ബാധകമായ ഫോം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. വിവിധ വിഭാഗങ്ങളിലുള്ള നികുതിദായകര്‍ക്കായി എട്ടു വ്യത്യസ്ത ഫോമുകളാണ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ലഭ്യമായിട്ടുള്ളത്. ശമ്പളമല്ലാതെ മറ്റു വരുമാനങ്ങളൊന്നുമില്ലാത്തവര് ഐ.ടി.ആര്. 1 എന്ന ഫോമിലാണ് നികുതി റിട്ടേണ്‍ നല്‍കേണ്ടത്. നിങ്ങള്‍ക്ക് എന്തെങ്കിലും മൂലധന ലാഭമോ വാടകയിനത്തിലെ വരുമാനമോ ഉണ്ടെങ്കില്‍ ഐ.ടി.ആര്. 2 ഫോമാണ് ഉപയോഗിക്കേണ്ടത്. സ്വന്തമായ ബിസിനസോ പ്രൊഫഷനോ ഉള്ളവര്‍ ഐ.ടി.ആര്. 4 ഉപയോഗിക്കണം.
2. വിശദാംശങ്ങള്‍ കൈവശം കരുതുക
റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഒട്ടേറെ വിവരങ്ങള്‍ പൂരിപ്പിക്കേണ്ടി വരും. നിങ്ങളുടെ നിക്ഷേപങ്ങള്‍, പലിശ, ലാഭം, നഷ്ടം തുടങ്ങിയ നിരവധി കാര്യങ്ങളാവും അതിനാവശ്യം വരിക. ഇതിനു സഹായകമാകും വിധം നിങ്ങളുടെ നിക്ഷേപ സ്റ്റേറ്റ്മെന്റുകളുടെ പകര്‍പ്പ്, ടി.ഡി.എസ്. സ്റ്റേറ്റുമെന്റുകള്‍, ഫോം 16, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ കൈവശം വച്ച ശേഷമായിരിക്കണം റിട്ടേണ്‍ പൂരിപ്പിക്കാന്‍ തുടങ്ങാന്‍.
3. ബാങ്ക് പലിശയുടെ കാര്യം മറക്കരുത്
ആദായ നികുതി നിയമത്തിന്റെ 80 എല്‍ വകുപ്പ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശ നികുതി വിധേയമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നു ലഭിച്ച പലിശയെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ആദായ നികുതി വകുപ്പില്‍ നിന്ന് അനാവശ്യമായ ചോദ്യങ്ങള്‍ ഉയരുന്നതൊഴിവാക്കാന് ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുന്നു എന്നുറപ്പു വരുത്തണം.
4. ഫോം 26 എ.എസ്.പരിശോധിക്കുക
നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഓരോ തവണയും ടി.ഡി.എസ്. പിടിച്ചതായി കാണിക്കുമ്പോള്‍ ഓരോ തവണയും അതിനു തുല്യമായ തുക തൊഴിലുടമ നിങ്ങളുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ അടക്കണം. ഇത് ആദായ നികുതി വകുപ്പിന്റേയോ എന്‍.എസ്.ഡി.എല്ലിന്റേയോ വെബ് സൈറ്റില്‍ ലഭിക്കുന്ന ഫോം 26 എ.എസ്. വഴി പരിശോധിക്കാനാവും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ നിങ്ങളില്‍ നിന്ന് ടി.ഡി.എസ്. ആയി ആകെ പിടിച്ച തുകയും ഫോം 26 എ.എസില്‍ ഉള്ള തുകയും ഒന്നു തന്നെയെന്ന് ഉറപ്പാക്കണം.
5. ഡ്യൂ ഡെയ്റ്റ് ജൂലൈ 31
സാധാരണയായി എല്ലാ വര്‍ഷവും ജൂലൈ 31 ആണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഡ്യൂ ഡെയ്റ്റ്. എന്നാല്‍ ഇത് അവസാന തീയ്യതിയല്ല. സാങ്കേതികമായി പറഞ്ഞാല്‍ അടുത്ത വര്‍ഷം കഴിഞ്ഞുള്ള വര്‍ഷത്തെ മാര്‍ച്ച് 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. അതായത് താത്വികമായി 2012-13 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 2015 മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാം. എന്നാല്‍ നിങ്ങള്‍ക്ക് നികുതി വിധേയമായ വരുമാനമുണ്ടെങ്കില്‍ ഡ്യൂ ഡെയ്റ്റിനു ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു കൊണ്ട് ചില നഷ്ടങ്ങളുണ്ടാകും.
6 കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക
ആദായ നികുതി റിട്ടേണ്‍ ഫോമില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാറുണ്ട്. അധിക നികുതി എന്തെങ്കിലും നല്കിയിട്ടുണ്ടെങ്കില് റീഫണ്ട് നല്‍കാനാണിത്. ഇവിടെ ബാങ്കിന്റെ കൃത്യമായ പേര്, അക്കൗണ്ട് നമ്പര്‍, എം.ഐ.സി.ആര്. കോഡ് എന്നിവ നല്കാന് ശ്രദ്ധിക്കണം.
7. ഒഴിവാക്കപ്പെട്ട വരുമാനവും വെളിപ്പെടുത്തുക
മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭവിഹിതം, ഓഹരികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന ലാഭം തുടങ്ങിയ ഇനങ്ങള്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം വരുമാനങ്ങള്‍ക്കു നിങ്ങള്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും അവ പ്രഖ്യാപിക്കുകയും നിങ്ങളുടെ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
8. സമര്‍പ്പിക്കും മുന്‍പ് വീണ്ടും പരിശോധിക്കുക
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ എക്സല്‍ ഷീറ്റുകളുടെ രൂപത്തിലായിരിക്കും. അവയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം വാലിഡേറ്റ് എന്ന ബട്ടണ്‍ അമര്‍ത്തി വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ചു എന്നുറപ്പാക്കണം. കാല്‍ക്കുലേറ്റ് ടാക്സ് എന്ന ബട്ടണും ഇതേ രീതിയില്‍ തന്നെ ക്ലിക്ക് ചെയ്യണം. കൂടുതലായി എന്തെങ്കിലും നികുതി നല്കാനുണ്ടോ എന്ന് ഇതിലൂടെ അറിയാനാവും. ഇങ്ങനെ നികുതി നല്കേണ്ടതായുണ്ടെങ്കില് ആവശ്യമായ നികുതി അടച്ച് ഫോമില്‍ ചെലാന്‍ നമ്പര്‍ പൂരിപ്പിക്കണം.
9. സഹായം തേടുക
ചില സന്ദര്‍ഭങ്ങളില്‍ സ്വയം റിട്ടേണ്‍ ഫയല്‍ ചെയ്യുകയെന്നത് സങ്കീര്‍ണമായ ഒരനുഭവമായി മാറിയേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ഒരു നികുതി കണ്സള്ട്ടന്റിനേയോ നിങ്ങളുടെ പേരില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ആദായ നികുതി വകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള ടി.ആര്.പി.യുടേയോ ( ടാക്സ് റിട്ടേണ്‍ പ്രിപ്പറേര്) സഹായം തേടുന്നതായിരിക്കും മികച്ചത്.
10. ഐ.ടി.ആര്. 5 സുപ്രധാനം
ആദായ നികുതി റിട്ടേണ്‍ വിജയകരമായി അപ്ലോഡു ചെയ്യുന്നതോടെ നിങ്ങളുടെ ജോലി അവസാനിക്കുന്നില്ല. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ മെയിലിലേക്ക് ഐ.ടി.ആര്. 5 ഫോം അറ്റാച്ച് ചെയ്ത ഒരു സന്ദേശം ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് അതില്‍ ഒപ്പിട്ട് 90 ദിവസത്തിനകം ആദായ നികുതി വകുപ്പിന് തപാലില്‍ അയച്ചു കൊടുക്കണം. പിന്നീട് ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ച് ഈ ഐ.ടി.ആര്.5 ഫോം ആദായ നികുതി വകുപ്പ് അധികൃതര്‍ക്കു ലഭിച്ചു എന്നും ഉറപ്പാക്കണം.
രാകേഷ് ഗോയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: