തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാഹനങ്ങളുടെ ഉപയോഗത്തിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന് ഓഡിറ്റ് പരിശോധന വിഭാഗത്തിന്റെ കണ്ടെത്തല്‍. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി വിലയിരുത്തി മാത്രം 30 ലക്ഷത്തിലധികം രൂപ പ്രതിവര്‍ഷം ചെലവഴിക്കേണ്ടി വരുന്നു. ലോക്കല്‍ ഫണ്ട് തയ്യാറാക്കുന്ന 2012-13 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്.
വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിലും മെയിന്റനന്‍സിലും നടപടി ക്രമങ്ങള്‍ സുതാര്യമല്ലെന്ന് ഓഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് ബസ്സുകള്‍ സ്വന്തമുണ്ടായിരുന്ന ബോര്‍ഡിന് നിലവില്‍ ഒരു ബസ്സ് മാത്രമാണ് ഉള്ളത്. വര്‍ഷത്തില്‍ 8 ലക്ഷം രൂപയുടെ നഷ്ടത്തിലാണ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രായോഗികമായ ടൈം ഷെഡ്യൂള്‍ നടപ്പാക്കാത്തതുമൂലം തിരക്കേറിയ ശബരിമല സീസണില്‍ പോലും 33 ദിവസങ്ങളില്‍ മാത്രമാണ് ബസ്സിന് സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നത്.
ബോര്‍ഡിന്റെ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി ദേവസ്വം ആസ്ഥാനത്ത് സര്‍വ്വീസ് സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അതിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഇതിനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ സാധന സാമഗ്രഹികള്‍ തുരുമ്പെടുത്ത് കഴിഞ്ഞു. വാഹനങ്ങളുടെ കാര്യത്തിലെ ഈ അഴിമതി പരിഹരിക്കാന്‍ പുറംകരാര്‍ നല്‍കണമെന്ന് മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: