എന്തിനാണ് നമുക്ക്മാതൃഭാഷ? സംസ്കാരം? കോമണ്‍സെന്‍സ്? ഇതിന്റെയൊന്നും ആവശ്യമില്ല എന്നത്രേ ഡോ. ബി. അശോക് എന്ന ബഹുമാനിതന് പറയുന്നത്. മൂപ്പര് ഐഎഎസ്സുകാരനാണെന്ന് തോന്നുന്നു. മേപ്പടിയാന്മാര്ക്കാണ് മുകളില്‍ സൂചിപ്പിച്ച മൂന്നാമത്തെ കാര്യം തുലോം പരിമിതമാവുക. ആ ത്ര്യക്ഷരിക്കടമ്പ കഴിയുന്നതോടെ ലോകം വെട്ടിപ്പിടിച്ച അനുഭൂതിയുമായി കഴിയുകയാണവര്‍. ദൈവം തമ്പുരാന് ഭൂമി മലയാളത്തില്‍ ഇറങ്ങിവന്ന് നന്നാക്കാന്‍ വിചാരിച്ചാല്‍ കൂടി ഇക്കൂട്ടര്‍ ശരിയാവണമെന്നില്ല. അവരെയോര്‍ത്ത് നമുക്ക് ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോക്കറ്റിന്റെ കനമനുസരിച്ചുള്ള വഴിപാടു കഴിപ്പിക്കയത്രേ കരണീയം.
ഡോ. അശോക് എന്ന മാന്യദേഹത്തെക്കുറിച്ചാണല്ലോ നമ്മള് പറഞ്ഞുവെന്നത്. ടിയാന്റെ ഒരു കൈക്രിയ മാര്‍ച്ച് 28ലെ മാതൃഭൂമിയില്‍ കാണാം. അതിന്റെ തലക്കെട്ട് നമുക്ക് ഇപ്രകാരം വായിക്കാം: സര്‍വകലാശാല രക്ഷിക്കില്ല. നേരത്തെ ഏതെങ്കിലും സര്‍വകലാശാല ആരെയെങ്കിലും രക്ഷിച്ചോ ശിക്ഷിച്ചോ എന്നതിനെക്കുറിച്ചൊന്നും ഈ മാന്യദേഹം പറയുന്നില്ലെങ്കിലും മലയാളത്തിനു വേണ്ടിയുള്ള മുറവിളിയെയും പ്രവര്‍ത്തനങ്ങളെയും ചവറ്റുകുട്ട പ്രവണതയായാണ് മൂപ്പര് വിലയിരുത്തുന്നത്. മലയാള ഭാഷയുടെ പ്രോജ്വലാവസ്ഥയെക്കുറിച്ച് പരിചിന്തനം ചെയ്യാനും മറ്റുമായി ഡോ. രാജന് ഗുരുക്കള്‍ നേരത്തെ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് (മലയാള സര്‍വകലാശാല ചെയ്യേണ്ടത്) ബി. അശോകിനെ പ്രകോപിപ്പിച്ചത്. സ്വന്തം രക്ഷിതാക്കളെക്കാള്‍ നല്ലവരാണ് അപ്പുറത്തെ ആളുകള്‍ എന്ന വൈകൃത മനസ്കരുടെ ന്യായയുക്തികളും പാണ്ഡിത്യ പ്രകടനവുമാണ് അശോക് മാസ്റ്റര്‍ നടത്തുന്നത്. പ്രസാദത്തിന്റെ നൈര്മല്യസംസ്കാരധാരയ്ക്കുടമയായ ഡോ. കെ. ജയകുമാറിനെപ്പോലുള്ളവരുടെ വിദ്യാഭ്യാസ പാരമ്പര്യത്തില്‍ എങ്ങനെ ഇത്തരമൊരു പടുമുള തളിര്‍ത്തുവന്നു എന്ന് ശപിക്കാന്‍ പോലും കഴിയാത്തത്ര വിവരദോഷ സമ്മിശ്രമായ ന്യായീകരണങ്ങളാണ് മേപ്പടി അശോകന് നടത്തുന്നത്. ടിയാനെങ്ങാനും സെക്രട്ടറിയേറ്റില്‍ മലയാള ഭാഷാ വികസനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ എത്തിയിരുന്നെങ്കില്‍ ഒടയതമ്പുരാനെ എന്തെന്തൊക്കെ സംഭവിക്കില്ല!
ഇതാ ടിയാന് വക ഒരുഗ്രന്‍ ആപ്പ്: വൈകാരിക പ്രചാരണം കൊണ്ടും നാടകം, നാട്യം, തിരക്കഥ ഇവയൊക്കെ ക്ലാസില്‍ പഠിപ്പിച്ചതുകൊണ്ടുമൊന്നും ഒരു ഭാഷയും ഇന്നുവരെ പുഷ്ടപ്പെട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ പലരും കവിതയും നാടകവുമല്ല സയന്‍സും എന്‍ജിനീയറിങ്ങും ഫിലോസഫിയും പഠിച്ചവരാണെന്നും നമ്മള് കാണണം. ജീവിതത്തില്‍ നിന്നാണ് വലിയ എഴുത്തുണ്ടാകുന്നത് ഭാഷയില്‍ നിന്നല്ല. ലോകത്ത് ഭാഷാ പഠനത്തിലും പ്രചാരണത്തിലും വിജയിച്ച ഒരു ‘ഏക ഭാഷാസ്ഥാപനവും’ ഇല്ല. അതുകൊണ്ടുതന്നെ മലയാള സര്‍വകലാശാലയുടെ ഭാവി തീരെ ശോഭനമല്ല എന്നു കാണാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ മലയാള സര്‍വകലാശാലയ്ക്ക് ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്ന സ്ഥലത്ത് പത്ത് മൂട് കപ്പത്തണ്ട് നട്ടാല്‍ വിശപ്പിനെങ്കിലും കുറച്ച് ആശ്വാസം കിട്ടുമെന്ന് ഡോ. ബി അശോക് ഉവാച. ജനിക്കുമ്പോള്‍ തന്നെ കുട്ടി ഇംഗ്ലീഷ് പറയാന്‍ ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കുന്ന ടിയാന്മാര്ക്ക് നേതൃത്വം കൊടുക്കാന്‍ നമുക്കൊരു അശോകുണ്ടായല്ലോ എന്നോര്‍ത്ത് സമാധാനിക്കുക. നമ്മുടെ നികുതിപ്പണവും ഇമ്മാതിരി കാര്ക്കോടകന്മാര് വിദ്യാഭ്യാസത്തിനും തുടര്‍ന്ന് ശമ്പളത്തിനും ഉപയോഗിച്ചിട്ടുണ്ടാവുമല്ലോ. നന്ദിയാരോട് ചൊല്ലാനാണ്?
സ്വന്തം നാടിന്റെ വികസനമാണ്, അവിടുത്തെ ജനങ്ങളുടെ സ്വാസ്ഥ്യമാണ് ഏറ്റവും മഹത്തായ കാര്യമെന്ന് കരുതുന്നവര്‍ കുറഞ്ഞുവരുന്ന കാലത്ത് അഭിമാനമാവുന്നു നന്മ പൂക്കുന്ന ഹൃദയമുള്ള രണ്ടുപേര്‍. ഒരാള്‍ കോഴിക്കോട്ടുകാരന്; അപരന് മധ്യപ്രദേശത്തുകാരന്. പ്രകാശവിപ്ലവുമായി ഐഐടി പ്രൊഫസര്‍ എന്ന മാതൃഭൂമി (മാര്‍ച്ച് 28) വാര്‍ത്ത നമ്മെ ആഹ്ലാദ ചിത്തരാക്കുന്നു. കുട്ടിക്കാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ചേതന്‍സിംഗ് സോളങ്കി എന്ന ഇന്നത്തെ പ്രൊഫസര്‍ ആ ദുരിതാവസ്ഥ തരണം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ്. വൈദ്യുതിയില്ലാത്ത ഗ്രാമത്തില്‍ ഒരു ലക്ഷം സ്കൂള്‍ കുട്ടികള്‍ക്ക് സൗരോര്‍ജ വിളക്കുകള്‍ നല്‍കാനുള്ള പദ്ധതിക്ക് ചുക്കാന്‍ പിടിക്കുകയാണ് അദ്ദേഹം. താന്‍ ജനിച്ചുവളര്‍ന്ന മധ്യപ്രദേശിലെ ഖര്‍ഗാവ് ജില്ലയിലാണ് ഇത് നടപ്പാക്കുന്നത്. മുംബൈ ഐഐടിയിലെ പ്രകാശ വൈദ്യുതി ഗവേഷണത്തിനും പഠനത്തിനുമുള്ള ദേശീയ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ആണ് ചേതന്‍സിംഗ് സോളങ്കി. മാര്‍ച്ച് വരെ 20084 വിളക്കുകള്‍ അദ്ദേഹത്തിന്റെ നേതൃത്തില്‍ നല്‍കിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളില്‍ ഒന്നാണ് ഇന്‍ഡോറിനടുത്ത് മഹാരാഷ്ട്രയോട് ചേര്‍ന്നു നില്ക്കുന്ന ഖര്‍ഗാവ് ജില്ല. എല്ലാ ആധുനികവികസനത്തിന്റെയും അടിസ്ഥാന ശില ഗ്രാമീണരാകണമെന്ന് ആഗ്രഹിക്കുന്ന ചേതന്‍സിംഗിന്റെ ലക്ഷ്യം ഒരു സീറോ എനര്‍ജി സ്കൂളായിരുന്നു. ദൈവം കയ്യൊപ്പിട്ട് ഭൂമിയിലേക്കയച്ച അപൂര്‍വ്വം പേരില്‍ ഒരാളായി ചേതന്‍ സിംഗ് സോളങ്കിയെ കാണുമ്പോള്‍ ഗാന്ധിജിയുടെ ഗ്രാമീണ ഭാരതസങ്കല്പം നമ്മുടെ മനോമുകുരത്തില്‍ അലയടിച്ചു വരുന്നില്ലേ?
നേരത്തെ സൂചിപ്പിച്ച രണ്ടാമത്തെ വ്യക്തി എല്ലാ സൗകര്യങ്ങളുടെയും നടുവില്‍ ജനിച്ച് പഠിച്ചുവളര്‍ന്നയാളാണ്. എംബിബിഎസ്സിന് 17 സ്വര്‍ണമെഡല്‍ നേടിയ സന്തോഷ് നാരായണനാണത്. കുടുംബം മുഴുവന്‍ ഭിഷഗ്വരമേഖലയിലാണ്. അതിനാല്‍ സ്വാഭാവികമായും സന്തോഷ് തിരിയുക അങ്ങോട്ടുതന്നെ.
അസൂയാവഹമായ പഠനമികവിനാണ് ബംഗളൂരിലെ രാജീവ് ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് 17 സ്വര്‍ണമെഡലുകള്‍ ലഭിച്ചത്. എന്നാല്‍ ഈ സ്വര്‍ണമെഡലിനേക്കാളും മാറ്റ് കൂട്ടുന്ന മറ്റൊരു കാര്യത്തിലേക്കാണ് സന്തോഷ് ഭാവിയില്‍ തിരിയാനിരിക്കുന്നത് എന്നതാണ് ആഹ്ലാദകരമായ സംഗതി. അതിതാണ്: മികച്ച മാര്‍ക്ക് വാങ്ങി വിദേശരാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിനായി പോകുന്നവരുടെ പട്ടികയില്‍ സന്തോഷ് ഉള്‍പ്പെടില്ല. പോണ്ടിച്ചേരി ജിപ്മെറിലെ എം.ഡി. പഠനത്തിനുശേഷം ഓങ്കോളജിയില്‍ ഇന്ത്യയില്‍ തന്നെ ഉപരിപഠനം നടത്താനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. അര്‍ബുദം ചികിത്സിച്ച് മാറ്റാവുന്നതാണെന്നും കുട്ടികളുടെ ഓങ്കോളജിയില്‍ ഇന്ത്യയില്‍ ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതാണെന്നും ഈ ഇരുപത്തിമൂന്നുകാരന് പറയുന്നു. നേരത്തെ സൂചിപ്പിച്ച നമ്മുടെ ഡോ. അശോകിന് ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം ഇല്ലാതിരിക്കില്ല. അതിനായി ഇരുവരുടെയും ഇ-മെയില്‍, മൊബെയില്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തട്ടെ.
പാലക്കാട്ടെ മലബാര്‍ സിമന്റ്സില്‍ എന്തൊക്കെ നടന്നു, നടക്കുന്നു, നടക്കാനിരിക്കുന്നു എന്നതിനെക്കുറിച്ച് അത്ര വ്യക്തമായ ധാരണയൊന്നും സാധാരണക്കാര്‍ക്കില്ല. എന്നാല്‍ അന്വേഷണ ഏജന്‍സി അങ്ങനെയല്ലല്ലോ. അവര്‍ കൃത്യമായ കാര്യങ്ങള്‍ വിശകലനം ചെയ്ത് കണ്ടെത്തേണ്ടതല്ലേ? എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്ന് കലാകൗമുദി (മാര്‍ച്ച് 31) പറയുന്നു. അവരുടെ കവര്‍ക്കഥ ചാക്കിലായത് സിബിഐ എന്നാണ്. പണമായും സൗകര്യങ്ങളായും സ്വാധീനം വന്ന വഴികളിലെ ക്രൂരദ്യശ്യങ്ങളുടെ വാങ്മയ ചിത്രമാണ് എസ്. ജഗദീഷ് ബാബുവിന്റെ ചാക്കിലായത് സിബിഐ, ചെകുത്താന് കയറിയ വീട് എന്നീ ലേഖനങ്ങള്‍. തികഞ്ഞ അപര്യാപ്തതയില്‍ നിന്ന് സ്വയംപര്യാപ്തതയിലേക്ക് നടന്നു നീങ്ങിയ കരാറുകാരനും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആത്മഹത്യാസംഭവം ഉള്‍പ്പെടെയുള്ള വിവരങ്ങളും വൈകാരികതയില്ലാതെ ജഗദീഷ് ബാബു കുറിക്കുന്നു. കൃത്യനിര്‍വഹണത്തില്‍ പേരുകേട്ട സി.ബി.ഐ എന്ന ഏജന്‍സി എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്നും നമുക്കിതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു.
മുല്ലപ്പൂവിപ്ലവം വസന്തമായിരുന്നോ ഭീകരതയായിരുന്നോ എന്ന ചോദ്യമൊന്നും നജെത് അദൗണി എന്ന ടുണീഷ്യന്‍ കവി ചോദിച്ചിരുന്നില്ല. എന്നാല്‍ അനുഭവിച്ചറിഞ്ഞ മുല്ലപ്പൂവിപ്ലവം ജനാധിപത്യം കൊണ്ടുവരുന്നതിനു പകരം ഇസ്ലാമിസ്റ്റ് സമഗ്രാധിപത്യമാണ് വിതയ്ക്കുന്നതെന്ന് മനസ്സിലാക്കി. അതുകൊണ്ടു തന്നെ ടുണീഷ്യയിലെ സലാഫിസ്റ്റുകളുടെ പീഡനത്തില്‍ മനംനൊന്ത് പലായനം ചെയ്യേണ്ടിവന്നു. ജര്‍മനിയിലെ പെന്സംഘത്തിന്റെ ആതിഥ്യം സ്വീകരിച്ചുകഴിയുന്ന അവരുടെ കവിതകള്‍ മൊഴി മാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു മാതൃഭൂമി (മാര്‍ച്ച് 31) ആഴ്ചപ്പതിപ്പ്. സച്ചിദാനന്ദനാണ് മൊഴിമാറ്റക്കാരന്‍. സമകാലീന അറബ് കവിതയുടെ മാതൃകകളാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിറകുകള്, ഒരു കാപ്പിക്കടയുടെ ജനലരികില്‍, ആരാച്ചാര്‍, കുട്ടി, ഗൃഹാതുരത്വം, എന്റെ ചാരത്തില്‍ നിന്ന് ഞാന്‍ പിറക്കുന്നു, ഒറ്റയ്ക്ക്, ആയിരം വര്‍ഷം കഴിഞ്ഞ്, എന്റെ വള്ളദാ, നീ അവനാണ് എന്നീ കവിതകളാണുള്ളത്.
ഞാന്‍ സ്ത്രീയുടെ പ്രവചനമാകുന്നു
ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടികളുടെ
രക്തം കൊണ്ട് ഞാനെഴുതിയ സന്ദേശങ്ങള്‍
വായിക്കാന്‍ കഴിയാതിരുന്ന സന്ദേശവാഹകരാണ്
കവികളും കാമുകരും
എന്ന് നജെത് അദൗണി നീ അവനാണ് എന്ന കവിതയില്‍ കുറിക്കുന്നു. രക്തം ചിന്താന്‍ ശ്രമിക്കുന്ന കവികളും കാമുകരുമുള്ള ലോകത്ത് രക്തംകൊണ്ട് എഴുതിയ സന്ദേശങ്ങള്‍ ആരു വായിക്കാന്‍?
മാനഭംഗം, പീഡനം തുടങ്ങിയ കലാപരിപാടികളുടെ ബഹുകേമന്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുണ്ടെന്ന് ചില സര്‍വെകള്‍ ഉദ്ധരിച്ചുകൊണ്ട് നമ്മുടെ മീഡിയാസ്കാന്‍കാരന്‍ എഴുതുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലെ (ഏപ്രില്‍ 1) സ്ഥിരം കോളത്തില്‍ പ്രയോജനപ്രദമായി ഒരു കാര്യം കുറേ കാലത്തിനുശേഷം കണ്ടതില്‍ ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ആശ്വാസമാവും. പത്രക്കാരെ എഴുത്തു പഠിപ്പിക്കുന്ന സ്ഥിരം പരിപാടിക്ക് പക്ഷേ, മാറ്റമില്ല. യാസീന്‍ അശ്റഫ് ഇത്രയൊക്കെപ്പറഞ്ഞിട്ടും ഇവന്മാര് ചെവിക്കൊള്ളാത്തതെന്ത്, അങ്ങേയറ്റം മാധ്യമം എങ്കിലും!
തൊട്ടുകൂട്ടാന്‍
ഒന്നേ എനിക്കുള്ളൂ ചോദ്യം
ഈ ചോദ്യമെങ്ങനെ ചോദ്യമായ്?
എങ്ങനെ ചോദിക്കാതായതും?
പുരികവും കണ്കളും മുഖവും
ലാസ്യനടനമാടി നില്ക്കും വെറും
പരാവര്‍ത്തനങ്ങള്‍ മാത്രമായ്
-വരദേശ്വരി.കെ
കവിത: ചോദിക്കാത്ത ചോദ്യങ്ങള്‍
സമഷ്ടി മാസിക, ഭിലായ് (മാര്‍ച്ച്)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: