ലോക പ്രസിദ്ധമായ യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ അവസാന ഘട്ടത്തിലേക്ക്. അവിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പെയിനില്‍ ബാഴ്സലോണയും ഇറ്റാലിയന്‍ സീരിഎയില്‍ ജുവന്റസും കിരീടത്തിലേക്ക് കുതിക്കുകയാണ്.
ജര്‍മ്മനിയില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ലീഗ് ചാമ്പ്യന്‍പട്ടം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 29 മത്സരങ്ങള്‍ പൂര്‍ത്തിയായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സീരി എയിലും ലാ ലീഗയിലും യഥാക്രമം ഒന്നാം സ്ഥാനത്തുനില്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 പോയിന്റിന്റെയും ജുവന്റസ് 9 പോയിന്റിന്റെയും ബാഴ്സലോണ 13 പോയിന്റിന്റെയും അപരാജിത ലീഡ് നേടിയാണ് കിരീടത്തിലേക്ക് മുന്നേറുന്നത്. ജര്‍മ്മനിയില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 20 പോയിന്റിന്റെ അപരാജിത ലീഡുമായാണ് ബയേണ്‍ മ്യൂണിക്ക് കിരീടത്തിലേക്ക് കൈ നീട്ടുന്നത്. ജര്‍മ്മന്‍ ബുണ്ടസ്ലീഗയില് ശേഷിക്കുന്നത് എട്ടു റൗണ്ട് മത്സരങ്ങള്‍. അതേസമയം ഫ്രാന്‍സിലും ഡച്ച് ലീഗിലും കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുകയാണ്. ഫ്രാന്‍സില്‍ പാരീസ് സെന്റ് ജെര്‍മനും ഹോളണ്ടില്‍ അയാക്സ് ആംസ്റ്റര്‍ഡാമുമാണ് മുന്നില്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇനി വെറും ഒമ്പത് റൗണ്ട് മത്സരങ്ങള്‍. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 15 പോയിന്റിന്റെ ലീഡുണ്ട്. യുണൈറ്റഡിന് 74 പോയിന്റ് ഉള്ളപ്പോള്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 59 പോയിന്റ് മാത്രമേ ഉള്ളു. 55 പോയിന്റുമായി ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നീ ടീമുകളുമായി ഹോം മത്സരങ്ങളും ആഴ്സണലുമായി എവേ മത്സരവും ബാക്കിയുണ്ടെങ്കിലും കിരീട നേട്ടത്തിന് ഭീഷണിയുണ്ടാകുമെന്ന് കരുതാനാകില്ല. 22 ഗോള്‍ നേടിയ ലിവര്‍പൂള്‍ താരം ലൂയി സുവാരസാണ് പ്രീമിയര്‍ ലീഗിലെ ടോപ്സ്കോറര്‍. 19 ഗോളുകളുമായി യുണൈറ്റഡിന്റെ റോബിന് വാന്‍ പെഴ്സിയാണ് രണ്ടാം സ്ഥാനത്ത്.
29 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള ജുവന്റസിന് രണ്ടാം സ്ഥാനത്തുള്ള നപ്പോളിയേക്കാള് 9 പോയിന്റിന്റെ ലീഡാണുള്ളത്. ജുവന്റസിന് 65 പോയിന്റും നപ്പോളിക്ക് 56 പോയിന്റും എസി മിലാന് 54 പോയിന്റും. സീസണിന്റെ തുടക്കത്തില്‍ പിന്നോട്ടുപോയ മിലാന് സൂപ്പര്‍ താരം ബലോട്ടെല്ലിയുടെ വരവോടെയാണ് മികച്ച ഫോമിലേക്കുയര്‍ന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ 9 പോയിന്റിന്റെ മാത്രം ലീഡുള്ള ജുവന്റിസിന്റെ കിരീടധാരണം ഉറപ്പാക്കാനാവില്ല. ഇനിയുള്ള മത്സരങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായേക്കാവുന്ന രണ്ടോ മൂന്നോ തോല്‍വികള്‍ സാധ്യതകളാകെ മാറ്റിമറിക്കാം. നപ്പോളിയുടെ എഡിന്‍സണ്‍ കവാനിയാണ് 20 ഗോളുകളുമായിപ്പോള് ടോപ് സ്കോറര്‍ പദവിയില്‍.
ജര്‍മ്മനിയില്‍ ബയേണ്‍ മ്യൂണിക്ക് കിരീടം ഏറെക്കുറെ ഉറപ്പിച്ചെന്ന് എട്ട് റൗണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ പറയാനാവും. ഇനി വേണ്ടത് വെറും ആറേ ആറ് പോയിന്റ്. 26 റൗണ്ടു കഴിഞ്ഞപ്പോള്‍, 69 പോയന്റോടെ ബയേണിന് 20 പോയിന്റ്ലീഡുണ്ട്. കഴിഞ്ഞ രണ്ടുതവണയും കിരീടം നേടിയ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്താണ്. 45 പോയിന്റുള്ള ബയര്‍ ലെവര്‍കുസനാണ് മൂന്നാമത്. 19 ഗോളുകളുമായി ബൊറൂസിയയുടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ടോപ് സ്കോറര്‍ സ്ഥാനത്ത്.
ഫ്രാന്‍സില്‍ അഞ്ച് പോയിന്റിന്റെ ലീഡുമായി പാരീസ് സെന്റ് ജെര്‍മനാണ് ഒന്നാമത്. 29 റൗണ്ട് പൂര്‍ത്തിയായ ലീഗില്‍ പാരീസ് സെന്റ് ജെര്‍മന്‍ 58 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള മുന്‍ ചാമ്പ്യന്മാരായ ലിയോണിന് 53 -ഉം. ഒമ്പത് റൗണ്ടുകളാണ് ബാക്കി. പിഎസ്ജിയുടെ കുന്തമുനയായ സ്ലാട്ടന് ഇബ്രാഹിമോവിച്ചാണ് 25 ഗോളുകളുമായി ടോപ് സ്കോറര്‍.
സ്പെയിനില്‍ ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ബാഴ്സലോണ കിരീടം ഉറപ്പിച്ച് കുതിക്കുകയാണ്.28 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 13 പോയിന്റിന്റെ ലീഡാണ് ബാഴ്സക്കുള്ളത്. ബാഴ്സക്ക് 74ഉം റയലിന് 61 ഉം. മൂന്നാം സ്ഥാനത്ത്അത്ലറ്റിക്കോ മാഡ്രിഡിന് 60. അത്ലറ്റിക്കോ മാഡ്രിഡുമായി ഒരു എവേ മത്സരം ശേഷിക്കുന്നുവെന്നതൊഴിച്ചാല്, ലീഗിലെ ഇനിയുള്ള ഫിക്സ്ചറില്‍ കാര്യമായ വെല്ലുവിളികളൊന്നും ബാഴ്സക്കില്ല. സീസണ് തുടക്കം മുതല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ബാഴ്സലോണയ്ക്ക് ഇത്തവണ നേരിട്ടത് രണ്ട് തോല്‍വികള്‍ മാത്രമാണ്. റയല്‍ സോസിഡാഡിനോടും റയല്‍ മാഡ്രിഡിനോടും. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഗോളടി മികവിലാണ് ലീഗില്‍ ബാഴ്സയുടെ കുതിപ്പ് തുടരുന്നത്. 28 മത്സരങ്ങളില്‍ 42 ഗോളുകള്‍ നേടിയ ലയണല്‍ മെസ്സി സ്പെയിനിലെ ടോപ്സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫിയും യൂറോപ്യന്‍ ടോപ്സ്കോറര്‍ക്കുള്ള സുവര്‍ണ പാദുകവും ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.
രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം യൂറോപ്യന്‍ ലീഗിന് വീണ്ടും നാളെ മുതല്‍ പന്തുരുളും. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുവേണ്ടിയാണ് ലീഗ് ഫുട്ബോളില്‍ ഇടവേള വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: