ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡര്‍ ഗുരുതരാവസ്ഥയില്‍. ക്രൈസ്റ്റ്ചര്‍ച്ചിന്റെ പ്രാന്തപ്രദേശമായ മെരിവെയ്ലിലെ ഒരു ബാറിന് പുറത്തുവച്ചുണ്ടായ സംഘര്‍ഷത്തില്‍ തലയോട്ടിക്കും ശ്വാസകോശത്തിനും പരിക്കേറ്റ റൈഡര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കോമ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 12.30ഓടെയാണ് സംഭവം നടന്നത്.
ന്യൂസിലാന്റ് ആഭ്യന്തരക്രിക്കറ്റിലെ പ്രമുഖ ടീമായ വെല്ലിംഗ്ടണിന്റെ താരമാണ് റൈഡര്‍. കാന്റര്ബെറിയുമായുള്ള മത്സരത്തില്‍ വെല്ലിംഗ്ടണ്‍ പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം സഹതാരങ്ങളും സുഹൃത്തുക്കളുമായി പുറത്തുപോയപ്പോഴായിരുന്നു സംഭവം. റൈഡറും സുഹൃത്തുക്കളും ബാറിന് പുറത്ത് നില്ക്കുമ്പോള് മറ്റു ചിലരുമായി വാക്കുതര്‍ക്കമുണ്ടായി. ഇവര്‍ പിന്നീട് പ്രതികാരമായി സംഘം ചേര്‍ന്ന് റൈഡറെ മര്ദ്ദിക്കുകയായിരുന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത് സംഘര്‍ഷമുണ്ടാകുമ്പോള്‍ റൈഡര്‍ ഒറ്റയ്ക്കായിരുന്നു. സുഹൃത്തുക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പോയ നേരത്തായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിന് ശേഷം പതിനഞ്ച് മിനിറ്റിനുള്ളില്‍ റൈഡര്‍ ആക്രമിക്കപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.
തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന റൈഡറുടെ പരിക്ക് ഗുരുതരമാണെന്ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തലയ്ക്കുള്‍പ്പെടെ മാരകമായി പരിക്കുപറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ ന്യൂസിലാന്റ് ക്രിക്കറ്റ് അസോസിയേഷന് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂസിലാന്റ് ദേശീയടീമില്‍ റൈഡര്‍ ഇടംപിടിച്ചിട്ടില്ല. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മികച്ച ഫോം പ്രകടിപ്പിച്ച റൈഡര്‍ ജനുവരിയില്‍ ടീമിലേക്ക്
തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
28 കാരനായ റൈഡര്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ്. ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന ഐപിഎല്‍ ആറാം സീസണായി അടുത്തദിവസം ഇന്ത്യയിലെത്താനിരിക്കെയാണ് സംഭവം. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനും പുനെ വാരിയേഴ്സിനും വേണ്ടി കളിച്ച റൈഡര്‍ ഈ സീസണ് മുതലാണ് ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടത്. ഈയിടെ ഹോട്ടലില്‍ വച്ച് മദ്യപിച്ചതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് റൈഡറെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: