തിരുവനന്തപുരം: കേരളത്തിന്റെ അലംഭാവം മൂലം സംസ്ഥാനത്തെ ദേശീയപാതാ വികസനം ഉപേക്ഷിക്കുവാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം മുന്നറിയിപ്പു നല്കി. ദേശീയപാതയുടെ നാലാംഘട്ടം വികസനത്തിന് കേരളം മുന്‍കൈയെടുക്കുന്നില്ലെന്നും അലംഭാവം തുടര്‍ന്നാല്‍ കേരളത്തിലെ 676 കിലോമീറ്റര്‍ ദേശീയ പാത വികസനം ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം മുപ്പത്തിയൊന്നിനകം അലൈന്മെന്റ് ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര ഉപരിഗതാഗത വകുപ്പ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ദേശീയപാതാ വികസനരംഗത്തു നിന്ന് പിന്‍വാങ്ങുമെന്ന് രണ്ട് മാസം മുമ്പുതന്നെ ദേശീയപാതാ വികസന അതോറിറ്റി കേന്ദ്ര ഗതാഗത മന്ത്രാലയത്തെ അറിയിച്ചതിന്റെ തുടര്‍ച്ചയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച ഇപ്പോഴത്തെ കത്ത്. റോഡുകളുടെ ചുമതല കേരള സര്‍ക്കാരിനു തന്നെ കൈമാറുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നടപടിയുണ്ടാവാതെ വന്നപ്പോഴാണ് കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത്. വികസിപ്പിക്കേണ്ട റോഡുകളുടെ പദ്ധതി രേഖയോ അലൈന്‍മെന്റോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. ദേശീയ പാതാ വികസന പദ്ധതി നാലാം ഘട്ടത്തില്‍ കേരളത്തിലെ അഞ്ചു പദ്ധതികള്‍ ഉള്‍പ്പെടുത്താമെന്നാണ് കേന്ദ്രം സമ്മതിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ പ്രകാരമായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ഈ മാസം അഞ്ചിന് ഉപരിതല ഗതാഗത മന്ത്രി സി.പി ജോഷിയെ കണ്ട് മുഖ്യമന്ത്രി പദ്ധതി വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കേരളം തന്നെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ മാസം പതിനെട്ടിന് ഉപരിതലഗതാഗത സെക്രട്ടറി വിജയ് ചിബര്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന് അയച്ച കത്ത്.
ദേശീയ പാത എന്‍.എച്ച് 47 ലെ ബോഡിമെട്ട്-കുണ്ടന്നൂര്‍ റൂട്ട്, എന്‍.എച്ച് 208 ലെ കൊല്ലം-കടുത്തുരുത്തി റൂട്ട്, എന്‍.എച്ച് 212ലെ കോഴിക്കോട്-മുത്തങ്ങ റുട്ട്, 213ലെ കോഴിക്കോട്-പാലക്കാട് റൂട്ട്, എന്‍.എച്ച് 220ല്‍ കൊല്ലം മുതല്‍ കുമിളി വരെയുള്ള റോഡ് എന്നിവയാണ് കേന്ദ്രം അംഗീകരിച്ച പദ്ധതികള്‍. ഇവക്കായുള്ള സാധ്യതാ പഠനം നടന്നുവരികയാണെന്ന് കേന്ദ്രത്തിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അലൈന്മെന്റ് സംബന്ധിച്ച് അന്തിമ നിര്‍ദേശത്തോടെ കേന്ദ്ര അംഗീകാരത്തിനായി രേഖകള്‍ സമര്‍പ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും കേരളം ചെയ്തില്ലെന്ന് ഉപരിതലഗതാഗത സെക്രട്ടറിയുടെ കത്തില്‍ പറയുന്നുണ്ട്.
ബിഒടി അടിസ്ഥാനത്തിലാവും ഈ റോഡുകള്‍ വികസിപ്പിക്കുക എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഈ മാസം മുപ്പത്തിയൊന്നിന് മുമ്പ് നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി ആവശ്യപ്പെടുന്നത്. മറ്റു ചില സംസ്ഥാനങ്ങള്‍ ദേശീയ പാത വികസന പദ്ധതിയില്‍ അവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കേരളം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി ഏറ്റെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് വിജയ് ചിബറുടെ കത്ത് അവസാനിക്കുന്നത്.
ഇതിനിടെ, ദേശീയ പാതാ വികസനത്തിന്റെ പേരില്‍ ടോള്‍ പിരിവ് പാടില്ലെന്നു ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അറ്റകുറ്റപ്പണികളുടെ പേരില്‍ സ്വകാര്യ കമ്പനികള്‍ക്ക് ടോള്‍ പിരിക്കാന്‍ അവസരമൊരുക്കുന്നതിനോടു യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സി.പി.ജോഷിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ദേശീയ പാതാ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി ബോഡിമേട്ട്- കുണ്ടന്നൂര്‍, കൊല്ലം-കഴുത്തുരുത്തി, കോഴിക്കോട്-മുത്തങ്ങ, കോഴിക്കോട്-പാലക്കാട്, കൊല്ലം-തേനി എന്നീ ദേശീയ പാതകളുടെ വികനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി കത്തയച്ചത്. ദേശീയ പാതയുടെ വികസനഫണ്ടില്‍ നിന്നു തുകയനുവദിച്ചാല്‍ മതിയെന്നും റോഡിന്റെ വികസനം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന പൊതുമരാമത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: